ക്യാബിനില്‍ പുക: സ്പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാന്റിംഗ്
1 min read![](https://malayalinewslive.com/wp-content/uploads/2022/10/spicejet_710x400xt-1.webp)
ഹൈദരാബാദ്: ക്യാബിനില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി, സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം എമര്‍ജന്‍സി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. ഒരു യാത്രക്കാരന്റെ കാലില്‍ ചെറിയ പോറലുകള്‍ ഏറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥന് അറിയിച്ചു. ഗോവയില്‍ നിന്നും വരുകയായിരുന്ന ക്യു 400 വിമാനമായ വിടിഎസ്ക്യുബിയില് 86 യാത്രക്കാരുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥന് അറിയിച്ചു. സ്പൈസ്ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പുക നിറഞ്ഞ ക്യാബിന്റെ ഫോട്ടോയും ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുന്ന വിമാനത്തിന്റെ രണ്ട് വീഡിയോകളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
അടുത്ത കാലത്തായി സ്പൈസ്ജെറ്റ് സാമ്പത്തികവുമായും മറ്റും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനിടെയാണ് അടിയന്തര ലാന്റിംഗ് പ്രശ്നം. ഒക്ടോബര്‍ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സര്‍വീസ് നടത്താവൂ എന്നാണ് സ്പൈസ്ജെറ്റിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.