ഓസ്ലറിന് മുന്നില്‍ വാലിബന് വീണോ?
1 min readജനുവരിയില്‍ കേരളത്തില്‍ ഹിറ്റായത് വെറും രണ്ട് സിനിമകള്‍
ബോക്സ് ഓഫീസ് കളക്ഷന്‍ എന്നത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വലിയ ഘടകമാണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സമീപകാലത്ത് ഹിറ്റ് സിനിമകള്‍ വളരെ കുറവാണ്. 2024ല്‍ എങ്കിലും അതിനൊരു മാറ്റം ഉണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയത്. എന്നാല്‍ ജനുവരിയില്‍ തന്നെ ഈ വിലയിരുത്തലിന് മങ്ങലേല്ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ജനുവരിയില്‍ കേരള ബോക്സ് ഓഫീസില്‍ രണ്ട് സിനിമകളാണ് ഹിറ്റായതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. അതില്‍ ഒന്ന് മലയാളവും മറ്റൊന്ന് തമിഴുമാണ്. മമ്മൂട്ടി-ജയറാം കോമ്പോയില്‍ റിലീസ് ചെയ്ത ‘ഓസ്ലര്’ ആണ് മലയാള ചിത്രം. കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 21.5 കോടിയാണ് ചിത്രത്തിന്റെ കേരള ?ഗ്രോസ് കളക്ഷന്‍.
ധനുഷ് നായകനായി എത്തിയ ക്യാപ്റ്റന്‍ മില്ലര്‍ ആണ് മറ്റൊരു ചിത്രം. അതേസമയം, മലയാളികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്. ആദ്യദിനം പത്ത് കോടിക്ക് മേല്‍ നേടിയ ചിത്രത്തിന് പക്ഷേ പിന്നീടുള്ള ദിവസങ്ങളില്‍ ബോക്സ് ഓഫീസില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് അതിന് കാരണം. റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 12.59 കോടിയാണ് ഇതുവരെ നേടിയത്. മികച്ച ഗ്രോസ് നേടിയ മലയാളം സിനിമകളില്‍ ഓസ്ലര് ഒന്നാമതും വാലിബന് രണ്ടാമതും മൂന്നാമത് ആട്ടവും ആണ്.
അതേസമയം, ജനുവരിയില്‍ റിലീസ് ചെയ്ത കോളിവുഡ്, മോളിവുഡ്, ടോളിവുഡ് മേഖലകളില്‍ വിജയം കൊയ്തത് വെറും മൂന്ന് സിനിമകള്‍ മാത്രമാണ്. ഹനുമാന്(തെലുങ്ക്), അയലാന്(തമിഴ്), അബ്രഹാം ഓസ്ലര്(മലയാളം) എന്നിവയാണ് അവ. ഫെബ്രുവരിയിലെ റിലീസുകള്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അവയില്‍ ഭ്രമയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങി പ്രതീക്ഷ അര്‍പ്പിക്കുന്ന സിനിമകള്‍ ഉണ്ട്. ഇവയുടെ കളക്ഷനുകള്‍ എങ്ങനെയാകുമെന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.