ദുല്‍ഖറും ഞാനും തമ്മില്‍ എന്തിന് മത്സരിക്കണം?

1 min read

താരങ്ങള്‍ തമ്മിലുള്ള മത്സരം മീഡിയയുടെ ഭാവന

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. ഒരു നടന്‍ എന്നതില്‍ കവിഞ്ഞ് സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളിലും  താരം പ്രതികരിക്കാറുണ്ട്. സമീപകാലത്ത് നടന്ന പല വിഷയങ്ങളിലും തന്റെ ഇടപെടലുകള്‍കൊണ്ട് താരം ശ്രദ്ധേയനായിരുന്നു.ഗോദ, മിന്നല്‍ മുരളി, തല്ലുമാല, മായാനദി, 2018 എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മിന്നും താരമായി മാറുകയായിരുന്നു ടൊവിനോ തോമസ്.

ഇപ്പോഴിതാ തന്റെ സമകാലികനും മലയാളത്തിലെ മറ്റൊരു യങ് സൂപ്പര്‍ താരവുമായ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചുള്ള ടൊവിനോയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താരങ്ങള്‍ക്കിടയിലെ മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. പുതിയ സിനിമയായ അന്വേഷിപ്പിന്‍ കണ്ടെത്തുവിന്റെ പ്രൊമോഷ്‌ന വേണ്ടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ മനസ് തുറന്നത്.

സ്റ്റാര്‍ഡത്തെക്കുറിച്ച് ഞാന്‍ അത്ര ചിന്തിക്കുന്നില്ല. അതേസമയം ബാങ്കബലിറ്റിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നുണ്ട്. കാരണം ഞാന്‍ ആഗ്രഹിക്കുന്നത് പോലെയുള്ള സിനിമകള്‍ ചെയ്യണമെങ്കില്‍ എന്നെ വിശ്വസിച്ച് പൈസ മുടക്കുന്ന നിര്‍മ്മാതാക്കള്‍ വരണം. ആ നിര്‍മ്മാതാവിന് സാമ്പത്തികമായി നഷ്ടം വരരുത്. അതിനെ ഞാന്‍ നോക്കി കാണുന്നത് സ്റ്റാര്‍ഡം എന്നല്ല, ബാങ്കബിലിറ്റി എന്നാണ്. ഒരു പരിധി വിട്ടാല്‍ സ്റ്റാര്‍ഡം നമ്മളെ നിയന്ത്രിക്കണം. എല്ലാവര്‍ക്കും മുന്‍ധാരണകളുണ്ടാകും. മുന്‍വിധിയുണ്ടാകുമെന്നും ടൊവിനോ പറയുന്നു.

ഇയാള്‍ സ്റ്റാറാണ്, അതുകൊണ്ട് എന്ത് വന്നാലും അവസാനത്തെ ഇടയില്‍ ജയിക്കും എന്ന് കരുതും. പക്ഷെ ചിലപ്പോള്‍ തോല്‍ക്കണം, ചിലപ്പോള്‍ തോല്‍ക്കുമെന്ന് തോന്നണം. അങ്ങനെ അണ്‍പ്രെഡിക്ടബിള്‍ ആയിരിക്കണം. അതിനൊക്കെ സ്റ്റാര്‍ഡം ആവശ്യമില്ലാത്ത സാധനമാണ്. അതിനായി ബാങ്കബിലിറ്റി ആവശ്യാണ്. അതിനായി വാണിജ്യ വിജയം എനിക്ക് ആവശ്യമുണ്ടെന്നും താരം പറയുന്നു.

മനുഷ്യസഹജമായ ചിന്ത മറ്റൊരാള്‍ പാന്‍ ഇന്ത്യന്‍ താരമാകുമ്പോള്‍ ഉണ്ടാകില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന്‍ ടൊവിനോയുടെ മറുപടി ഇങ്ങനെയാണ്.

എന്നാല്‍ ഞാന്‍ മനുഷ്യനായിരിക്കില്ല, കാരണം എനിക്ക് അങ്ങനെയുള്ള ചിന്തയില്ല. ഞാന്‍ സിനിമയില്‍ വന്ന് ആളുകള്‍ക്കിടയില്‍ എന്റെ മുഖം രജിസ്റ്റര്‍ ആകുന്നത് എബിസിഡിയിലാണ്. അത് ദുല്‍ഖര്‍ സല്‍മാന്റെ സിനിമയാണ്. അതുകൊണ്ട് കാര്യമായി വിജയിക്കണ്ട എന്നെനിക്ക് പറയാന്‍ പറ്റുമോ? ഞാനും ആ സിനിമയുടെ ഭാഗമായിരുന്നു. അന്നു മുതല്‍ കാണുന്നതാണെന്നാണ് ടൊവിനോ പറഞ്ഞത്.

നിങ്ങള്‍ മനസില്‍ കാണുന്നത് പോലെയല്ല അഭിനേതാക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും പെരുമാറുന്നത്. അതെല്ലാം നിങ്ങളുടെ തെറ്റിദ്ധാരണയാണ്. നിങ്ങള്‍ ചിലപ്പോള്‍ അഭിനേതാക്കളുടെ പേര് പറഞ്ഞ് തല്ലുകൂടുന്നുണ്ടാകാം. ഞങ്ങള്‍ പക്ഷെ അങ്ങനെയല്ല. ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ ഞങ്ങള്‍ക്ക് പങ്കുവെക്കാന്‍ വേറെ കുറേ കാര്യങ്ങളുണ്ടാകും. നിങ്ങളുമായി പങ്കുവെക്കാന്‍ സാധിക്കാത്ത വിഷമങ്ങളും സമാനമായ അനുഭവങ്ങളുമുണ്ടാകും. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതല്‍ കാണുന്നതാണ് ദുല്‍ഖറിനെ. അന്നേ എന്നോട് വളരെ നന്നായിട്ടാണ് പെരുമാറിയിട്ടുള്ളതെന്നും താരം പറയുന്നു.

അജയന്റെ രണ്ടാം മോഷണത്തില്‍ മണിയനായി എന്നെ ആദ്യം കാണുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. കാരക്കുടിയിലായിരുന്നു ഷൂട്ട്. മുകളിലെ നിലയില്‍ കൊത്തയുടെ ഷൂട്ടിനായി വന്ന ദുല്‍ഖറും താഴെത്തെ നിലയില്‍ ഞാനുമായിരുന്നു താമസിച്ചിരുന്നത്. അന്ന് മേക്കപ്പ് ഇട്ടു കഴിഞ്ഞപ്പോഴാണ് ദുല്‍ഖര്‍ മുകളിലുണ്ടെന്ന് അറിയുന്നത്. എന്നാലൊന്ന് പേടിപ്പിച്ചേക്കാം എന്നു കരുതി പോയി പേടിപ്പിച്ചു. ഇങ്ങനെക്കെ ചെയ്യുന്നവരാണ് ഞങ്ങള്‍. അല്ലാതെ നിങ്ങളൊക്കെ വിചാരിക്കുന്നത് പോലെ അവന്റെ സിനിമ ഹിറ്റായെന്ന് കരുതി അസൂയപ്പെടുന്നവരല്ലെന്നും ടൊവിനോ പറയുന്നു.

അങ്ങനൊരു സംഭവമേയില്ല. അതൊക്കെ നിങ്ങളുടെ ഭാവനയിലുള്ളതാണ്. നമ്മളാരും മറ്റുള്ളവരുടെ പരാജയം കൊണ്ട് വിജയിക്കണം എന്നു കരുതുന്നവരല്ല. ഞാന്‍ അങ്ങനെയല്ല. കാരണം, മറ്റൊരാളുടെ പരാജയം കൊണ്ട് എനിക്ക് എത്ര നാള്‍ വിജയിക്കാനാകും? എന്റെ കഴിവു കൊണ്ട് വേണ്ടേ ഞാന്‍ ജയിക്കാന്‍? മറ്റൊരുവന്റെ കഴിവു കേടില്‍ ജയിക്കാന്‍ ഒരു തവണ പറ്റുമായിരിക്കും. പക്ഷെ നമ്മള്‍ സ്വന്തമായി പ്രയത്‌നിച്ച് വിജയം കണ്ടെത്തണം. മറ്റൊരാളുടെ സക്‌സസും എന്റെ സക്‌സസും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും താരം പറയുന്നു.

Related posts:

Leave a Reply

Your email address will not be published.