ഡോക്ടർമാർക്ക് നന്ദി, ജീവിതം തിരിച്ചു തന്നതിന്

1 min read

പരുക്ക് ഭേദമായി പൃഥ്വിരാജ് സിനിമയിലേക്ക് , ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദി.

വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ പൃഥ്വിരാജ്.. പരിക്കേറ്റതിനെ തുടർന്ന് സർജറിക്ക് വിധേയനായ അദ്ദേഹം മൂന്ന് മാസമായി വിശ്രമത്തിലായിരുന്നു.  തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന ഡോക്ടർമാർക്ക് നന്ദി പറഞ്ഞു കൊണ്ട് ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.  

അതിന്റെ ഏകദേശരൂപം ഇപ്രകാരമാണ്:

വിലായത്ത് ബുദ്ധയിലെ ഒരു ആക്ഷൻ സീനിനു വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ചാടി കാൽ മുട്ടിന് പരിക്കേറ്റിട്ട് 3 മാസമായി.  സങ്കീർണമായ ഒരു സർജറിക്കും വിധേയനാകേണ്ടി വന്നു..

അന്നു മുതൽ പഴയ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചായിരുന്നു ചിന്ത.. എല്ലാവരോടും നന്ദി പറയാൻ ഏറ്റവും നല്ല സമയമാണിതെന്ന് ഞാൻ കരുതുന്നു. 

ആദ്യം പറയാനുള്ളത് ഡോക്ടർ ജേക്കബ് വർഗീസിനെക്കുറിച്ചാണ്. വളരെ വിദഗ്ധനായ സർജനാണ് അദ്ദേഹം..

അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും ശുശ്രൂഷയും ഇല്ലായിരുന്നെങ്കിൽ മടക്ക യാത്ര അസാധ്യമായേനെ.   

ഇനി പറയാനുള്ളത് ചീഫ് ഫിസിയോ തെറാപ്പിസ്റ്റായ ഡോ. സുഹാസിനെക്കുറിച്ചാണ് .. ഒരു ഓർത്തോപീഡിക് സർജറിയിൽ നിന്നും

സുഖം പ്രാപിച്ച ഏതൊരാൾക്കും പ്രധാനമാണ് ഫിസിയോ തെറാപ്പിയും. ഏറ്റവും മെച്ചപ്പെട്ട റിഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ ആണ് അദ്ദേഹം എനിക്കു വേണ്ടി തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ സേവനം ഇനിയും എനിക്ക് ആവശ്യമുണ്ട്.

ഫിസിയോ തെറാപ്പിസ്റ്റ് രാകേഷിനെയും ഓർക്കാതിരിക്കാനാവില്ല.  ഒരു ദിവസം 4 തവണ വരെ ഫിസിയോ തെറാപ്പി ചെയ്തിട്ടുണ്ട് അദ്ദേഹം.  സർജറി കഴിഞ്ഞ ആദ്യ ആഴ്ചകളിലെ ഫിസിയോ തെറാപ്പിയും മറ്റും 9 മണിക്കൂർ വരെ നീണ്ടുനിൽക്കുമായിരുന്നു.  

പൂർണമായും സുഖപ്പെടാൻ ഇനിയും സമയമെടുക്കും.

ഫിസിയോ തെറാപ്പിയും മറ്റ് ചികിത്സകളും ഇനിയും തുടരേണ്ടതുണ്ട്.   മൂന്നു മാസം മുൻപ് ഞാൻ എവിടെയായിരുന്നുവോ അവിടെ മടങ്ങിയെത്താൻ എന്നെ സഹായിച്ചത് ഈ ടീമാണ്.  നിങ്ങളുടെ കരുതലിനും ആത്മാർത്ഥതയ്ക്കും ഞാൻ അകമഴിഞ്ഞ് നന്ദി രേഖപ്പെടുത്തുന്നു. ജോലിയിൽ തിരിച്ചെത്താനുള്ള സമയം ഏറെ വൈകിയിരിക്കുന്നു. എല്ലാവരെയും ആവേശം കൊള്ളിക്കുന്ന അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക.  

ഷൂട്ടിംഗിനിടയിൽ പരുക്കേറ്റ് പൃഥ്വിരാജ് കൊച്ചിയിൽ പൂർണ വിശ്രമത്തിലാണ് എന്ന വിവരം അമ്മ മല്ലിക സുകുമാരനും വ്യക്തമാക്കിയിരുന്നു. ഇത്തവണ മക്കളോടൊപ്പം ഓണം ആഘോഷിക്കാൻ കഴിഞ്ഞ സന്തോഷം പങ്കിട്ടാനും അവർ മറന്നില്ല. പ്രേക്ഷകർ ഏറെ നാളായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുന്നതിനായി ഇപ്പോൾ ഡൽഹിയിലാണ് പൃഥ്വിരാജ്. മോഹൻലാൽ ഉൾപ്പെടെയുള്ള മറ്റ് ടീമംഗങ്ങളും ഉടനെയെത്തിച്ചേരും.

Related posts:

Leave a Reply

Your email address will not be published.