ഏമാന്മാര്ക്കെല്ലാം കാറില്‍ ചുവപ്പ് നമ്പര്‍ പ്ലെയിറ്റു വേണം
1 min readഅര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉപയോഗിക്കുന്നത് ചുവപ്പ് നമ്പര്‍ പ്ലെയിറ്റ്
ഭരണ സിരാകേന്ദ്രത്തിലേക്ക് തന്നെ നിയമ ലംഘനം നടത്തി കാറോടിച്ചുപോകാം. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ചയാണിത്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മാത്രമേ ചുവന്ന നമ്പര്‍ പ്ലെയിറ്റ് ഉപയോഗിക്കാന്‍ പാടുള്ളു എന്നിരിക്കേയാണ് നിയമം ലംഘിച്ച് പല അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ചുവന്ന നമ്പര്‍ പ്ലെയിറ്റ് ഉപയോഗിക്കുന്നത്. ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലും പലപ്പോഴും നിയമം തെറ്റിച്ച് വരുന്ന ഇത്തരം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. മോട്ടോര്‍ വാഹന നിയമം ലംഘിച്ചെന്നാരോപിച്ച് കാമറയില്‍ കുടുക്കി സാധാരണക്കാരില്‍ നിത്യേന ആയിരക്കണക്കിന് രൂപ പിടുങ്ങുന്ന സര്‍ക്കാരാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് മാത്രം
ഉപയോഗിക്കാന്‍ കഴിയുന്ന ചുവന്ന നമ്പര്‍ പ്ലെയിറ്റ് ധരിച്ചിട്ടും പലര്‍ക്കെതിരെയും നടപടിയെടുക്കാത്തത്.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഒരു കമ്പനിയായി മാറിക്കഴിഞ്ഞു. അല്ലെങ്കിലും കെ.എസ്.ഇ.ബി നേരിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനമല്ല. അവര്‍ക്ക് കിട്ടുന്ന പണംകൊണ്ടാണ് അവര്‍ ശമ്പളം കൊടുക്കുന്നത്. സര്‍ക്കാര്‍ ശമ്പളമല്ല അവിടത്തെ ജീവനക്കാര്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ അത് സര്‍ക്കാര്‍ സ്ഥാപനവുമല്ല. ഇതേ പോലെയാണ് സംസ്ഥാന സഹകരണ ബാങ്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ചുവന്ന നമ്പര്‍ പ്ലെയിറ്റ് വച്ചുപോവുന്നത്. നിയമ പ്രകാരം ഇവരൊക്കെ നീല നമ്പര്‍ പ്ലെയിറ്റാണ് ഉപയോഗിക്കേണ്ടത്.
പലപ്പോഴും ചുവപ്പ് നമ്പര്‍ പ്ലെയിറ്റുള്ള വാഹനങ്ങള്‍ക്ക് പരിശോധനകളിലും മറ്റും പ്രത്യേക പരിഗണനകള്‍ കിട്ടും. നീല ബോര്‍ഡ് വച്ചാല്‍ ഇത് കിട്ടില്ലെന്ന് കരുതിയാണ് പലരും നമ്പര്‍ പ്ലെയിറ്റ് ചുവപ്പാക്കിയിരിക്കന്നത്.
അതേ സമയം സെക്രട്ടേറിയറ്റിലെയും മറ്റും ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിലും അഡി. സെക്രട്ടറി, ജോയന്റ് സെക്രട്ടറി, ഡെപ്യട്ടി സെക്രട്ടറി തുടങ്ങിയ ചുവന്ന നമ്പര്‍ പ്ലെയിറ്റില്‍ എഴുതി വച്ചിരിക്കുകയാണ്. ഇതും നിയമ വിരുദ്ധമാണ്. എന്നാല്‍ മോട്ടാര്‍ വാഹന വകുപ്പോ പോലീസോ ഈ നിയമലംഘനങ്ങള്‍ കാണുന്നില്ല എന്നതാണ് സത്യം. നേരത്തെ കെ.എസ്. ഇബി ഉദ്യാഗ്സഥരുമായി തര്ക്കമുണ്ടായിരുന്നപ്പോള് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് അധികൃതര്‍ നിയമലംഘനങ്ങള്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴും ഇതു നിര്‍ബാധം തുടരുകയാണ്.