വിനായകന്‍ മാത്രമാണോ കുറ്റക്കാരന്‍?വിനായകന്‍ വിവാദത്തില്‍ ഷൈന്‍ ടോം

1 min read

കുറ്റം മുഴുവന്‍ ഈ 15 സെക്കന്‍ഡ് വിഡിയോ ചെയ്ത ആള്‍ക്ക് എന്ന് ഷൈന്‍ ടോം

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍മീഡിയ വഴി അധിക്ഷേപിച്ചതിന്റെ പേരില്‍ വിനായകന്‍ മാത്രമാണോ കുറ്റക്കാരന്‍ എന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ സമാധാനം കൊടുക്കാത്ത മാധ്യമങ്ങള്‍ക്കെതിരെ കുറ്റമില്ലെന്നും മരണ ശേഷം ഉമ്മന്‍ ചാണ്ടിയോട് ആരും മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”വിനായകന്റേത് 15 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയാണ്. വിനായകന്‍ ആദ്യമായല്ല പ്രസ്താവനകള്‍ നടത്തുന്നത്. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് വെറും 15 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയാണ്. ഉമ്മന്‍ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? അദ്ദേഹം മരിച്ചതിന് ശേഷം അവര്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കള്‍ അയാളുടെ പാര്‍ട്ടി, അയാളുടെ ചുറ്റുമുള്ളവരും ഒക്കെ അനുഭവിച്ചില്ലേ?

ഉമ്മന്‍ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ? പുള്ളിയെ ചേര്‍ത്തു കഥകള്‍ മെനഞ്ഞിട്ടും സിഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോള്‍ കണ്ണീരൊഴുക്കിയത് വച്ചും ചോറുണ്ടു, 15 സെക്കന്‍ഡ് വിഡിയോ ചെയ്ത ഈ വ്യക്തിയെയും വച്ച് ചോറുണ്ടു. ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വ്യക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. വിനായകന്‍ പറഞ്ഞത് ശരിയാണെന്നല്ല ഞാന്‍ പറഞ്ഞത്. ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്തു കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്.

ഈ വ്യക്തിക്കു പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവന്‍ ഈ 15 സെക്കന്‍ഡ് മാത്രം വരുന്ന വിഡിയോ ചെയ്ത ആള്‍ക്കാണ്. ഒരാള്‍ ജീവിച്ചിരിക്കുമ്പോഴാണ് സ്വൈര്യം കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്ക് പോകുകയായിരുന്നു. എന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലേ? വിനായകന്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. അത് ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് മറ്റുള്ളവര്‍ ഉമ്മന്‍ ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചര്‍ച്ച ചെയ്യുക.” ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഈ പ്രസ്താവന ൈവറലായതോടെ വിമര്‍ശകര്‍ ഷൈന്‍ ടോമിനെതിരെയും രംഗത്തെത്തി. ഈ വിഷയത്തില്‍ വിനായകനെ പിന്തുണയ്ക്കരുതായിരുന്നുവെന്നും അത്ര വലിയ തെറ്റാണ് വിനായകന്‍ ചെയ്തതെന്നുമായിരുന്നു ഇവര്‍ ചൂണ്ടിക്കാണിച്ചത്. ഇതോടെ വിഷയത്തില്‍ വിശദീകരണവുമായി ഷൈന്‍ ടോം വീണ്ടുമെത്തി. താന്‍ വിനായകനെ പിന്തുണച്ചിട്ടില്ലെന്ന ഷൈന്‍ ടോം പറഞ്ഞു. ആരും തമ്മില്‍ വഴക്കുണ്ടാകാതിരിക്കാന്‍ പറഞ്ഞതാണെന്നും മുന്നില്‍ നടന്ന കാര്യം വിശദീകരിച്ചുവെന്നേയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിലീസായ തന്റെ പുതിയ ചിത്രം കുറുക്കന്റെ പ്രൊമോഷന് വേണ്ടി തിയറ്ററില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ ആരെയും സപ്പോര്‍ട്ട് ചെയ്യുന്നില്ല. ആരും തമ്മില്‍ അടിപിടി ഉണ്ടാകാതിരിക്കാന്‍ പറഞ്ഞെന്നേയുള്ളൂ. നമ്മുടെ മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്ന് വിശദീകരിച്ചുവെന്നുയുള്ളു. ഞാന്‍ വിനായകനെയും സപ്പോര്‍ട്ട് ചെയ്തിട്ടില്ല അതിനു മുന്നെയുള്ളവരെയും സപ്പോര്‍ട്ട് ചെയ്തിട്ടില്ല. മോശമായി സംസാരിക്കുന്നത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കും. അദ്ദേഹത്തെ നിരന്തരമായി വേദനിപ്പിച്ചവരെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്. ഈ വിഷയത്തില്‍ അധികം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.