94ാം മിനിറ്റില്‍ മെസിയുടെ മഴവില്‍ ഫ്രീ കിക്ക്;

1 min read

അമേരിക്കയില്‍ വിജയഗോളോടെ അരങ്ങേറി ലിയോണല്‍ മെസി

ലിയോണല്‍ മെസിയുടെ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് അരങ്ങേറ്റത്തിന് ഇതിലും വലിയൊരു തുടക്കം ലഭിക്കാനില്ല. തുടര്‍ തോല്‍വികളില്‍ വലഞ്ഞ ഇന്റര്‍ മയാമിയെ 94ാം മിനിറ്റില്‍ നേടിയൊരു മഴവില്‍ ഫ്രീ കിക്കിലൂടെ ലിയോണല്‍ മെസി വീണ്ടും വിജയപാതയില്‍ തിരിച്ചെത്തിച്ചു. പെനല്‍റ്റി ബോക്‌സിന് പുറത്തു നിന്ന് മെസി നേടിയ ഫ്രീ കിക്ക് ഗോളില്‍ ക്രൂസ് അസൂലിനെയാണ് ഇന്റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ ബോക്‌സിന് പുറത്ത് മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ഇന്റര്‍ മയാമിയുടെ വിജയഗോളില്‍ കലാശിച്ചത്.

മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാതെയാണ് ഇന്റര്‍ മയാമി ഗ്രൗണ്ടിലിറങ്ങിയത്. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് 44ാം മിനിറ്റില്‍ റോബര്‍ട്ട് ടെയ്‌ലറിലൂടെ ഇന്റര്‍ മയാമി ലീഡെടുക്കുകയും ചെയ്തു. ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മെസിയുടെ മേജര്‍ ലീഗ് സോക്കര്‍ അരങ്ങേറ്റം കാണാനെത്തിയിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് ഇന്റര്‍ മയാമിയുടെ പത്താം നമ്പര്‍ കുപ്പായത്തില്‍ മെസി ഇറങ്ങിയത്. മെസി ഇറങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ക്രൂസ് അസൂല്‍ യൂറിയല്‍ അന്റൂനയിലൂടെ സമനില പിടിച്ചു.

പിന്നീട് ഇരു ടീമുകള്‍ക്കും നിരവധി അവസരം ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. മെസി ഓരോ തവണ പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ ആരാധകര്‍ മെസി ചാന്റ് ഉയര്‍ത്തി. കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് 94ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുവെച്ച് ക്രൂസ് അസൂല്‍ മിഡ്ഫീല്‍ഡര്‍ ജീസസ് ഡ്യൂനസ് മെസിയെ ഫൗള്‍ ചെയ്യുന്നത്. ഫൗളിന് റഫറി ഇന്റര്‍ മിയാമിക്ക് അനുകൂലമായി ഫ്രീ കിക്ക് അനുവദിച്ചു. കിക്ക് എടുക്കാനെത്തിയ മെസി ലക്ഷ്യം തെറ്റാതെ ശക്തമായൊരു ഇടങ്കാലനടിയിലൂടെ ഗോളിയുടെ നീട്ടിപ്പിടിച്ച നീണ്ട ഡൈവിനെയും മറികടന്ന് പന്ത് വലയിലാക്കി മേജര്‍ സോക്കര്‍ ലീഗിലെ അരങ്ങേറ്റം അതിഗംഭീരമാക്കി.

ജയിച്ചെങ്കിലും പോയന്റ് പട്ടികയില്‍ ഇന്റര്‍ മിയാമി ഇപ്പോഴും അവസാന സ്ഥാനത്തു തന്നെയാണ്. 22 കളികളില്‍ മിയാമിയുടെ അഞ്ചാം ജയമാണിത്.

Related posts:

Leave a Reply

Your email address will not be published.