കളി ഞങ്ങളോട് വേണ്ട;ബംഗ്ലാദേശ് താരത്തിന്റെ വായടപ്പിച്ച്ഇന്ത്യന്‍ യുവതാരങ്ങള്‍

1 min read

തമ്മിലടി ചരിത്രം ആവര്‍ത്തിച്ച് ജൂനിയര്‍ താരങ്ങളും

എമേര്‍ജിംഗ് ഏഷ്യാ കപ്പ് സെമിയില്‍ ഇന്ത്യ എ ടീം ബംഗ്ലാദേശിനെ തകര്‍ത്ത് ഫൈനലില്‍ എത്തിയപ്പോള്‍ കളിക്കളത്തില്‍ ഇരു ടീമിലെയും കളിക്കാരുടെ വാക് പോരുകൊണ്ടു കൂടിയാണ് മത്സരം ശ്രദ്ധേയമായത്. ഇന്ത്യ-ബംഗ്ലാദേശ് സീനിയര്‍ ടീമുകള്‍ മത്സരിക്കുമ്പോള്‍ താരങ്ങള്‍ തമ്മിലേറ്റുമുട്ടാറുള്ള ചരിത്രം ജൂനിയര്‍ താരങ്ങളും ആവര്‍ത്തിക്കുകയായിരുന്നു. ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ 26ാം ഓവറിലാണ് ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ കടുത്ത വാക് പോരിലേര്‍പ്പെട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 211ന് ഓള്‍ ഔട്ടായപ്പോള്‍ വിജയം പ്രതീക്ഷിച്ചാണ് ബംഗ്ലാദേശ് ക്രീസിലിറങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 12.4 ഓവറില്‍ 70 റണ്‍സടിച്ച് ഓപ്പണര്‍മാരായ മുഹമ്മദ് നയീമും ടന്‍സിദ് ഹസനും ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ നിഷാന്ത് സിന്ധുവും അഭിഷേക് ശര്‍മയും മാനസ് സുതാറും ചേര്‍ന്ന് 123-4ലേക്ക് ബംഗ്ലദേശിനെ തള്ളിയിട്ടു.

ഇതിന് പിന്നാലെയാണ് ഓഫ് സ്പിന്നര്‍ യുവരാജ് സിംഗ് ദോഡിയയുടെ പന്തില്‍ ഫസ്റ്റ് സ്ലിപ്പില്‍ നിന്ന് ഓടിയെത്തിയ നിഖിന്‍ ജോസ്, സൗമ്യ സര്‍ക്കാരിനെ പറന്നുപിടിച്ച് പുറത്താക്കിയത്. അമ്പയര്‍ ഔട്ട് വിളിച്ചിട്ടും ക്യാച്ചില്‍ സംശയം പ്രകടിപ്പിച്ച് ക്രീസില്‍ നിന്ന സൗമ്യ സര്‍ക്കാരിനോട് കയറിപ്പോകാന്‍ ഹര്‍ഷിത് റാണ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിഷ്ടപ്പെടാതിരുന്ന സൗമ്യ സര്‍ക്കാര്‍ തിരിച്ചും മോശം വാക്കുകള്‍ ഉപയോഗിച്ച് ഹര്‍ഷിത് റാണക്കെതിരെ നടന്നടുത്തതോടെ ഇന്ത്യന്‍ താരങ്ങളും ഒപ്പം കൂടി.

കളി കൈയാങ്കളിയാകുന്നതിന് മുമ്പ് അമ്പയര്‍ ഇടപെട്ട് കളിക്കാരെ പിരിച്ചുവിടുകയായിരുന്നു. തന്നെ ഔട്ട് വിളിച്ചതില്‍ അമ്പയറോട് വിശദീകരണം തേടിയ അതൃപ്തിയോടെയാണ് സൗമ്യ ഒടുവില്‍ ക്രീസ് വിട്ടത്. നേരത്തെ ഇന്ത്യന്‍ നായകന്‍ യാഷ് ദുള്‍ പുറത്തായപ്പോള്‍ സൗമ്യ സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഹര്‍ഷിത് റാണ പ്രതികരിച്ചത്.

Related posts:

Leave a Reply

Your email address will not be published.