‘സമരത്തില്‍ പങ്കെടുക്കുന്ന ആരും ശമ്പളം വാങ്ങാമെന്ന് കരുതേണ്ട’;സിംഗിള്‍ ഡ്യൂട്ടിക്കെതിരായ സമരത്തിനെതിരെ മന്ത്രി

1 min read

ഇടുക്കി: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. സിംഗിള്‍ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്ന് ആന്റണി രാജു പറഞ്ഞു. ഒന്നാം തീയതി മുതല്‍ സമരം നടത്തുമെന്ന് സംഘടന ടിഡിഎഫ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്റണി രാജു പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകള്‍ നേരത്തെ അംഗീകരിച്ചതാണ്. അതില്‍ നിന്നും ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം കുടപ്പിക്കുകയാണ് തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ഇതിനായി ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡണ്ട് എം വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തുന്നത്. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫില്‍ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ചയില്‍ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ തല്‍ക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.

അതിനിടെ, കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സഹായിച്ചിട്ടും ശമ്പളം പോലും നല്‍കാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 20112022 കാലയളവില്‍ മാത്രം 2076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. എന്നാല്‍, ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. സത്യങ്ങള്‍ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേഷനെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കുമെന്നും ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സഹകരിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ചിന്ത വാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Related posts:

Leave a Reply

Your email address will not be published.