ബസില്‍ തുപ്പി, വനിതാ കണ്ടക്ടറെ അസഭ്യം വിളിച്ചു; പൊലീസെന്ന് കേട്ടപ്പോള്‍ യുവാക്കള്‍ ചതുപ്പിലേക്ക് ചാടി
1 min readyouth jumped into the swamp and were rescued at alappuzha edatwa
എടത്വ: കെ. എസ്. ആര്. ടി. സി. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ യുവാക്കള്‍ പൊലീസിനെ കണ്ട് ഭയന്ന് ഓടി ഒടുവില്‍ ചതുപ്പില്‍ താഴ്ന്നു. ഒന്നര മണിക്കൂറിന് ശേഷം പൊലീസും അഗ്നി രക്ഷാസേനയും ചേര്‍ന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇതിനിടെ മറ്റേയാള്‍ തനിയെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. കറുകച്ചാല്‍ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയതെന്ന് എടത്വാ പോലീസ് പറഞ്ഞു.
ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയ്ക്ക് പോയ കെ. എസ്. ആര്. ടി. സി. ബസില്‍ തിരുവല്ലയില്‍ നിന്ന് കയറിയ ഇരുവരും ബസില്‍ തുപ്പിയടോയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് കണ്ട് വനിതാ കണ്ടക്ടര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ കണ്ടക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ബസ് എടത്വാ കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയപ്പോള്‍ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ ബസില്‍ നിന്ന് പിടിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഡിപ്പോ ജീവനക്കാരെ അസഭ്യം പറയുകയും കുപ്പിയെടുത്ത് എറിയുകയും ചെയ്തു.
ഇതിനിടെ ആരോ പൊലീസ് വരുന്നുണ്ടെന്നറിഞ്ഞ് പറഞ്ഞതോടെ ഇരുവരും ഡിപ്പോയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഒടുന്നതിനിടെ ഇവര്‍ സെന്റ് അലോഷ്യസ് കോളേജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടി. എന്നാല്‍, ചതുപ്പില്‍ നിന്നും കരയ്ക്ക് കയറാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം നേരെ ഇവരുവരും ചതുപ്പില്‍ പെട്ട് കിടന്നു. ചതുപ്പില്‍ നിന്നും ഇരുവരും പുറത്ത് വരാതായതോടെ പൊലീസ് ജെ. സി. ബി. യെത്തിച്ച് ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തകഴി ഫയര്‍ സ്റ്റേഷനിലെ ഫയര്മാന് പി. കെ. പ്രദീപ് കുമാറിന്റെ കാലില്‍ ഉപേക്ഷിക്കപ്പെട്ട സിറിഞ്ച് തറച്ച് കയറി പരിക്കേറ്റു. ഒടുവില്‍ ചതുപ്പില്‍ പതുങ്ങിക്കിടന്ന ഒരാളെ അതിസാഹസികമായിട്ടാണ് കരയ്ക്കെത്തിച്ചത്. ഇതിനിടെ മറ്റൊരാള്‍ ഇരുട്ടിന്റെ മറപറ്റി മറുകരയിലെത്തി ബസില്‍ കയറി ക്ഷപ്പെട്ടു. തകഴി അഗ്നിരക്ഷാസേനയും എടത്വാ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സി. ഐ. കെ. ബി. ആനന്ദബാബു, എസ്. ഐ. സെബാസ്റ്റ്യന്‍ ജോസഫ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാര്‍, വിജയന്, സനീഷ്, അഗ്നിരക്ഷാസേനാംഗങ്ങളായ സുമേഷ്, മനുക്കുട്ടന്, അഭിലാഷ്, രാജേഷ്, അരുണ്‍, അജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി