സ്ഥാനാര്‍ത്ഥിയായത് കോണ്‍ഗ്രസിന്റെ നന്മക്ക് വേണ്ടി,പാര്‍ട്ടിയുടെ ഭാവി വോട്ട് ചെയ്യുന്ന പ്രവര്‍ത്തകരുടെ കൈയ്യില്‍’: തരൂര്‍
1 min readതിരുവനന്തപുരം : കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിക്കും നന്മക്കും വേണ്ടിയാണ് താന്‍ മത്സരത്തിനിറങ്ങിയതെന്നും പാര്‍ട്ടിയുടെ ഭാവി ഇന്നത്തെ ദിവസം വോട്ട് ചെയ്യുന്ന പ്രവര്‍ത്തകരുടെ കയ്യിലാണെന്നും എഐസിസി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഇന്നത്തേത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദിവസമാണ്. പ്രചാരണത്തിന്റെ 16 ദിവസവും ആത്മാര്‍ത്ഥമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരാണ് അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കിയ തരൂര്‍ ആത്മാര്‍ത്ഥതോടെ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് നന്ദിയുമറിയിച്ചു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും ബിജെപിയെയും നേരിടാന്‍ പുതിയൊരു ഊര്‍ജം ആവശ്യമാണെന്നും ഭാരത് ജോഡോ യാത്രയെ പോലെ ഈ തെരഞ്ഞെടുപ്പും പാര്‍ട്ടിയെ പുനര്‍ജീവനം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടുളളതാണെന്നും വിശദീകരിച്ച തരൂര്‍, അതിന് സാധിച്ചിട്ടുണ്ടെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും വ്യക്തമാക്കി.
”ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നുമാണ് രാവിലെ പ്രിയങ്ക ഗാന്ധിയും മെസേജ് അയച്ചത്. ഇത്തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു തെരഞ്ഞെടുപ്പ് നടന്നിട്ട് 22 വര്‍ഷമായി. അതിന്റെ പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ജനം എന്റെ സന്ദേശം കേട്ടിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ഒരു ഇളക്കമുണ്ടാക്കാന്‍ ഈ തെരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഗാന്ധി കുടുംബം ഈ തെരഞ്ഞെടുപ്പ് നിക്ഷ്പക്ഷമാണെന്നാണ് എന്നോടും അവരോട് നേരിട്ട് ചോദിച്ചവരോടും പറഞ്ഞത്. എന്നാല്‍ നേതൃത്വമെന്നാല്‍ ഗാന്ധി കുടുംബം മാത്രമല്ലെന്നത് വ്യക്തമാണ്. ചിലര്‍ പ്രചാരണം നടത്തിയത് അങ്ങനെയല്ല. അതെനിക്കറിയാം. അതിന് തെളിവുമുണ്ട്”. ആത്മാര്‍ത്ഥതയോടെയും മര്യാദയോടെയുമാണ് താന്‍ പ്രചാരണം പൂര്‍ത്തിയാക്കിയതെന്നും ഇനി കോണ്‍ഗ്രസിന്റെ ഭാവി വോട്ട് ചെയ്യുന്ന പ്രവര്‍ത്തകരുടെ കൈയ്യിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.