കേരളത്തിലെ വനവകുപ്പ് കുത്തഴിഞ്ഞ നിലയിൽ: കെ.സുരേന്ദ്രൻ

1 min read

ആലപ്പുഴ: കേരളത്തിലെ വനം വകുപ്പ് കുത്തഴിഞ്ഞ നിലയിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാവപ്പെട്ട മനുഷ്യനെ ആന ചവിട്ടിക്കൊല്ലുന്ന പരിതാപകരമായ അവസ്ഥയാണ് ഇവിടെയെന്നും ആലപ്പുഴ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനയ്ക്കെത്ര കാലുണ്ടെന്ന് പോലും അറിയാത്ത വനം മന്ത്രിയാണ് നമുക്കുള്ളത്. ആധുനിക സംവിധാനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ ഇങ്ങനെ സംഭവിക്കുന്നത്? ഇത് എത്രാമത്തെ സംഭവമാണ് കേരളത്തിൽ നടക്കുന്നത്? വന്യജീവി സുരക്ഷാ നിയമങ്ങൾ എന്തുകൊണ്ട് പാലിക്കപ്പെടുന്നില്ല. വനം വകുപ്പിൻ്റെ കുറ്റകരമായ അനാസ്ഥയാണിതിനെല്ലാം കാരണം. കേരള വനം വകുപ്പ് 25 വർഷം പിറകിലാണ് സഞ്ചരിക്കുന്നത്. ഗുരുതരമായ കൃത്യവിലോപമാണ് മാനന്തവാടിയിലുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഒരു പരിശീലനവും നൽകുന്നില്ല. ഭരണത്തിൻ്റെ എല്ലാ മേഖലയിലും സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഭാരത് അരിക്കെതിരായ സംസ്ഥാനമന്ത്രിമാരുടെ പരാമർശങ്ങൾ ജനങ്ങളെ അപമാനിക്കുന്നതാണ്. ഭാരത് അരി വിതരണം ചെയ്യുന്നത് കേരളത്തെ തകർക്കാനാണെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. വോട്ടിന് വേണ്ടിയാണെന്ന് മന്ത്രി രാജൻ പറയുന്നു. സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്യാത്തവർ കേന്ദ്രത്തെ അവഹേളിക്കുകയാണ്.

മുഖ്യമന്ത്രി മകളെ രക്ഷിക്കാൻ നികുതി പണം എടുത്ത് കോടതിയിൽ പോകുകയാണ്. എൽഡിഎഫ്- യുഡിഎഫ് നാടകമാണ് സംസ്ഥാനത്ത് നടക്കുന്നത്. മാസപ്പടി കേസ് മുക്കാൻ ശ്രമിക്കുന്നത് വിഡി സതീശനാണ്.

കിഫ്ബിയുടെ പേരിൽ തോമസ് ഐസക്ക് കേരളത്തെ കൊള്ളയടിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ വിദേശബന്ധം പരിശോധിക്കണം. മസാല ബോണ്ട് നമ്പർ വൺ തട്ടിപ്പാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നു. തോമസ് ഐസക്ക് കമ്മീഷൻ വാങ്ങിയിട്ടുണ്ട്. സിഎജി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അഴിമതി മറച്ച് വെക്കാൻ വേണ്ടി മാത്രമാണ് ഇവിടെ ഭരണം നടക്കുന്നത്. കേരളത്തെ കേന്ദ്രം എത്രമാത്രം വിലമതിക്കുന്നുവെന്നതിന് ഉദാഹരണമാണ് എംഎസ് സ്വാമിനാഥന് ഭാരതരത്ന കൊടുത്തത്. കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ എന്ത് പരിഗണനയാണ് നൽകിയതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ജില്ലാ പ്രസിഡൻ്റ് എംവി ഗോപകുമാർ എന്നിവർ പങ്കെടുത്തു.

Related posts:

Leave a Reply

Your email address will not be published.