പ്രിയപ്പെട്ട നാരായണീ…. ‘മതിലുകള്‍’

1 min read

ഞാന്‍ മരിച്ചാല്‍ എന്നെ ഓര്‍ക്കുമോ?

വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകള്‍. ബഷീറിന്റെ മറ്റ് കൃതികളെപ്പോലെ തന്നെ ആത്മകഥാപരമാണ് ഈ നോവലും. 1989ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മതിലുകള്‍ ഈ നോവലിനെ അടിസ്ഥാനമാക്കിയാണ്.

രാഷ്ട്രീയ തയവുകാരനായി ജയിലിലെത്തുന്ന ബഷീറാണ് മതിലുകളിലെ മുഖ്യകഥാപാത്രം. ജയിലിനകത്ത് തോട്ടം നിര്‍മ്മിക്കുകയും തന്റെ നിലയില്‍ സന്തുഷ്ടനായി കഴിയുകയും ചെയ്യുന്ന ഇദ്ദേഹം ജയില്‍ ജീവനക്കാരുമായിട്ട് നല്ല ചങ്ങാദത്തിലാവുന്നു. ഇതിനിടയില്‍, യാദൃശ്ചികമായി മതിലിനപ്പുറത്തെ പെണ്‍ജയിലിലെ തടവുകാരിയായ നാരായണിയെ ബഷീര്‍ പരിചപ്പെടുന്നു…

”ആരാ അവിടെ ചൂളമടിക്കുന്നത്?”

ബഷീര്‍ പെട്ടെന്ന് അതിശയത്തോടെ ചുറ്റും നോക്കി. പിന്നെ ഒരു തിരിച്ചറിവോടെ മതിലിന്റെ മുകളിലേക്കു തിരിഞ്ഞ് പറഞ്ഞു: ”ഞാനാ!”

ഉടനെ മറുചോദ്യമുണ്ടായി, ”പേരെന്താ?”

‘ബഷീര്‍. എളിയ തോതിലൊരെഴുത്തുകാരനാണ്. രണ്ടര കൊല്ലത്തെ തടവ്. ഇപ്പോ ഞാനിവിടെ തനിച്ചാണ്. കൂട്ടുകാരെല്ലാം പോയി.”

ഏകാന്തതയില്‍ നിരാശനായി ഇരിക്കുന്ന ബഷീറിന് ആ പുതിയ പരിചയപ്പെടല്‍ ഒരു ഉത്സാഹമായിരുന്നു. ”പേര് പറഞ്ഞില്ലല്ലോ?”

സ്ത്രീശബ്ദം, ”നാരായണി.”

ബഷീറിന്റെ മറുപടി ”സുന്ദരമായ പേര്! വയസ്സ്?”…

മതിലിന്റെ രണ്ടു വശങ്ങളില്‍ നിന്നുമായി ഹൃദ്യവും എന്നാല്‍ രസകരവുമായി നടത്തുന്ന വര്‍ത്തമാനങ്ങളിലൂടെ പരസ്പരം തമ്മില്‍ കാണാതെ തന്നെ ആ കൂട്ടുകെട്ടു പ്രണയമായി പരിണമിക്കുന്നു. ഒടുവില്‍ പരസ്പരം കണ്ടുമുട്ടുന്നതിന് തൊട്ടുമുന്നേ തികച്ചും അവിചാരിതമായി ബഷീര്‍ ജയില്‍വിമോചിതനാവുന്നു. താങ്കള്‍ സ്വതന്ത്രനാണ് എന്ന് പറയുന്ന ജയിലറോട് ഹൂ വാണ്ടസ് ഫ്രീഡം എന്ന് ചോദിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

ഒറ്റപ്പെടലുകളിലും നിരാശയിലും വികസിക്കുന്ന ബഷീറിന്റെയും കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നാരായണിയുടെയും പ്രണയം ബഷീര്‍ എഴുതിവച്ച പോലെ ദൃശ്യങ്ങളിലേക്ക് പകര്‍ത്താന്‍ അടൂരിനും, പകര്‍ന്നാടാന്‍ മമ്മൂട്ടിക്കും സാധിച്ചു. തന്റെ പ്രേമഭാജനത്തിന് ചുംബനത്തില്‍ പൊതിഞ്ഞ് പനിനീര്‍ച്ചെടികള്‍ എറിഞ്ഞുകൊടുക്കുന്ന ബഷീറിനെ വളരെ പ്രണയാതുരമായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. നാരായണിയുടെ ശബ്ദത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു കെ.പി.എ.സി ലളിത. ചിത്രത്തിലെ ഓരോ ഡയലോഗും മലയാളികള്‍ക്കിന്നും കാണാപാഠമാണ്. ഓരോ ഫ്രെയിമുകള്‍ക്കും എന്തിനേറെ പറയാന്‍ നിശബ്ദത പോലും അതിമനോഹരമായിരുന്നു. ഒരു വാക്ക് പോലും പറയാതെ ബഷീറിന് എങ്ങനെ പോകാന്‍ കഴിഞ്ഞു എന്നത് ഇന്നും പ്രേക്ഷക മനസില്‍ ഒരു വിങ്ങലായി മാത്രം അവശേഷിക്കുന്നു.

നിരവധി ദേശീയ- അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച മതിലുകള്‍ യൂണിസെഫ് ഉള്‍പ്പെടെ ഏറ്റവുമധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന് നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു. മതിലുകളുടെ ചലച്ചിത്രഭാഷ്യത്തിലൂടെ മികച്ച കഥയ്ക്ക് ബഷീര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനും അര്‍ഹനായി. ചിത്രം ഇന്ത്യയിലെ ക്ലാസിക്ക് സിനിമകളിലൊന്നായി വിലയിരുത്തപ്പെട്ടു

Related posts:

Leave a Reply

Your email address will not be published.