കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെപ്പോകുമോ?
1 min read
മഹാരാഷ്ട്ര മോഡല്‍ കര്‍ണാടകയിലും ! ഡി.കെ. ശിവകുമാര്‍ മറ്റൊരു ഷിന്‍ഡേയാകുമോ ?
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ പോകുമെന്ന സൂചനയുമായി കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമി. ഭരണകക്ഷിയായ കോൺഗ്രസിലെ സ്വാധീനമുള്ള ഒരു മന്ത്രി ബിജെപിയിൽ ചേർന്നേക്കുമെന്ന അവകാശവാദവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. കോൺഗ്രസ് വിട്ട് 50–60 എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നേക്കുമെന്നും അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കുമാരസ്വാമി പറഞ്ഞു.
‘‘കോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല. സ്വാധീനമുള്ള ഒരു മന്ത്രി അദ്ദേഹത്തിനെതിരായ കേസുകളിൽനിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത തരത്തിലാണ് അദ്ദേഹത്തിനെതിരെ കേന്ദ്ര സർക്കാർ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലേതുപോലെ കർണാടകയിൽ ഏതുനിമിഷവും എന്തും സംഭവിക്കാം’’– കുമാരസ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ആ മന്ത്രി ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാൽ, ‘ചെറിയ നേതാക്കളിൽ നിന്ന് ഇത്തരമൊരു ധീരമായ പ്രവൃത്തി പ്രതീക്ഷിക്കാനാവില്ലെന്നും സ്വാധീനമുള്ള ആളുകൾക്ക് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂ’വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം നോക്കുമ്പോൾ എന്തും സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയക്കാർ അവരുടെ സൗകര്യാർഥം പക്ഷം മാറുമ്പോൾ പ്രത്യയശാസ്ത്രങ്ങൾ പിന്നാക്കം പോകുകയാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 224 സീറ്റുകളിൽ 135 സീറ്റുകൾ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. 66 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. . മൂന്നാമത്തെ പ്രധാന കക്ഷിയായ ജെഡി-എസ്സിന് 19 സീറ്റുകൾ ലഭിച്ചു. കര്‍ണാടക ഭരണം പോയതോടെ ഇന്ത്യയിലെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് അധികാരമില്ലാത്ത അവസ്ഥയാണ്