പിണറായി വിജയന്‍ മാത്രമാണോ ക്രിമിനല്‍ സതീശാബാക്കി സി.പി.എമ്മുകാരൊക്കെയോ
1 min readപിണറായി കണ്ണില്‍ ചോരയില്ലാത്തവനെന്ന് രാഹുല്‍ ഗാന്ധി പറയുമോ
നവകേരള സദസ്സിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ സി.പി.എമ്മുകാര്‍ അടിച്ചുശരിയാക്കി. സാധാരണ അടിയല്ല. ഹെല്‍മറ്റുകൊണ്ടും ചെടിച്ചട്ടി കൊണ്ടും അടിച്ചു. അവരാകെ ചെയ്തത് മുഖ്യമന്ത്രി വരുന്ന വാഹനം കടന്നുപോവുമ്പോള്‍ റോഡിനരികത്ത് നിന്ന് മുദ്രാവാക്യം വിളിച്ചു. കരിങ്കൊടികാണിച്ചു. മുമ്പൊക്ക ആരെങ്കിലും കരിങ്കൊടി കാണിച്ചാല്‍ പൊലീസ് അവരെ തടയുമായിരുന്നു. ഇല്ലെങ്കില്‍ പിടിച്ച് പോലീസ് വണ്ടിയില്‍ കയറ്റും. എന്നാല്‍ കണ്ണൂരില്‍ അതൊന്നുമല്ല നടന്നത്. കല്യാശേരിയില്‍ പ്രതിഷേധത്തിന് വനിതകളുമുണ്ടായിരുന്നു. എല്ലാവരെയും സി.പി.എമ്മുകാര്‍ ആക്രമിക്കുകയായിരുന്നു. പോലീസുകാരും അവരെ ആക്രമിച്ചു. തങ്ങള്‍ ഭരിക്കുമ്പോള്‍ ആരും പ്രതിഷേധിക്കാന്‍ പാടില്ല. ഇതല്ലെ ഫാസിസം. ഈ പേരാണല്ലോ സി.പി.എമ്മുകാര്‍ മറ്റു പാര്‍ട്ടിക്കാരെ വിളിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമേയില്ല എന്നതിന്റെ ദൃഷ്ടാന്തമാണിത്.
സി.പി.എം ആക്രമണത്തെ മുഖ്യമന്ത്രി ന്യായീകരിക്കാനും ശ്രമിച്ചു. അവര്‍ ബസിന് മുന്നില്‍ വീഴാതിരിക്കാനാണത്രെ സി.പി.എമ്മുകാര് അവരെ ആക്രമിച്ചത്. സാധാരണ സന്നദ്ധ പ്രവര്‍ത്തകരാണ് സേഫ്റ്റി ഹെല്‍മറ്റ് ധരിക്കുക. ഇവിടെ പച്ച ഹെല്‍മറ്റ് ധരിച്ചവര്‍ ഹെല്‍മറ്റ് കൊണ്ട് പ്രതിഷേധക്കാരെ തലക്കടിക്കുന്നതു കാണാമായിരുന്നു. ചെടിച്ചട്ടി കൊണ്ട് തലക്കടിച്ചിട്ടാണോ ബസിന് മുന്നില്‍ നിന്ന് രക്ഷിക്കുക.
മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയും കണ്ടു. ഒരു പക്ഷേ ഒരു ചടങ്ങിന് വേണ്ടി മാത്രം നടത്തിയതായിരിക്കും ആ പ്രസ്താവന. പലപ്പോഴും പിണറായിക്ക് ജയജയ പാടുന്ന ആളാണ് സതീശന്‍. അതുപോട്ടെ കൂട്ടത്തില്‍ പിണറായിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി രാഹുലിന്റെ പ്രസ്താവനയും കണ്ടു. ആരോ ബുദ്ധദേവ് ഭട്ടാചാര്യയുടെ കാര്യമൊക്കെ പറയുന്നു. അപ്പോള്‍ കരുതി രാഹുല്‍ ഗാന്ധി തന്നെയായിരിക്കുമെന്ന്. പിന്നെയാണ് മനസ്സിലായത് അത് ആ രാഹുലല്ല, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുലാണെന്ന്. കഴിഞ്ഞ ദിവസം കള്ളതിരിച്ചറിയല്‍ വഴി അധികാരത്തിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍.
അപ്പോള്‍ ഒറിജിനല്‍ രാഹുല്‍ പിണറായിക്കെതിരെ പറയുമോ. അങ്ങനെ കരുതേണ്ട യൂത്ത് കോണ്‍ഗ്രസുകാരെ. നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയും പിണറായി വിജയന്റെ നേതാവ് സീതാറാം യച്ചൂരി ഇരുമെയ്യാണെങ്കിലും ഒറ്റ കരളല്ലേ എന്നു പറഞ്ഞു നടക്കുന്ന ആളുകളല്ലേ. എന്താ പറഞ്ഞത് ബുദ്ധദേവ് ഭട്ടാചാര്യയോ. അത് ബംഗാളിലല്ലേ. പഴയ മുഖ്യമന്ത്രി. പണ്ട് സി.പി.എമ്മുകാര്‍ ബംഗാളില്‍ കോണ്‍ഗ്രസുകാരെ ഓടിച്ചിട്ടടിച്ചതല്ലേ. എത്ര പേരെ കൊന്നു. എത്രപേര്‍ ജീവിത കാലം മുഴുവന്‍ അംഗവിഹീനരായി നടന്നു. എത്ര കുടുംബങ്ങള്‍ അനാഥരായി. അതേ ബംഗാളില്‍ നിങ്ങളുടെ പഴയ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായിരുന്ന മമതയെ എതിര്‍ക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും സഖ്യകക്ഷികളാണ്. ലോകസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ നിങ്ങള്‍ എതിര്‍ക്കുന്ന മമതയും ഇപ്പോള്‍ കൂടെ നില്‍ക്കുന്ന സി.പി.എമ്മും നിങ്ങളുടെ കോണ്‍ഗ്രസും ഒക്കെ ഒരുമിച്ചു ചേരും. അതാണ് ഇന്ത്യാ മുന്നണി.
അപ്പോള്‍ പിന്നെ ഇവിടെ തല്ലുകൊള്ളുന്നതോ. വി.ഡി. സതീശനും രാഹുല്‍ മാങ്കൂട്ടത്തിനും ഒന്നു രാഹുല്‍ ഗാന്ധിയോട് പറയാന്‍ മേലായിരുന്നോ ഇങ്ങനെ മോശമായി അടിക്കരുതെന്ന്.
കല്യാശേരിയിലെ ചുണക്കുട്ടികളായ യൂത്ത് കോണ്‍ഗ്രസുകാരെ നിങ്ങള്‍ ആ പേര് പറയാതെ പിണറായിക്കെതിരെ മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ ഒരു സി.പി.എമമുകാരനും നിങ്ങളെ അടിക്കില്ലായിരുന്നു. കാരണം അവനറിയാം നിങ്ങള്‍ നാളെ രണ്ടു ബന്ധുക്കളെ കൂട്ടിയെങ്കിലും തിരിച്ചടിക്കുമെന്ന്. ഇവന്റെയൊക്കെ നേതാവ് രാഹുല്‍ഗാന്ധിയാണെന്നും ഞങ്ങളുടെയും അവരുടെയും നേതാക്കള്‍ മച്ചാനും മച്ചാനുമാണെന്നും സി.പി.എമ്മുകാര്‍ക്കറിയാം. ആരും ചോദിക്കാനും വരില്ലെന്നും അവര്‍ക്കറിയാം. അവര്‍ ഇനിയും അടിക്കും. നിങ്ങള്‍ അടികൊള്ളാന്‍ വിധിക്കപ്പെട്ടവര്‍. ജനപക്ഷത്തു നിന്നാണ് പിണറായിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതെങ്കില്‍ ജനപക്ഷത്ത് നിന്ന് മുദ്രാവാക്യം വിളിക്കുക. ഇന്ത്യാ മുന്നണിക്കകത്തു നിന്ന് മുദ്രാവാക്യം വിളിക്കരുതേ.