വാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി
1 min readമലപ്പുറം: മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. വാക്ക് തർക്കത്തിനിടെ കത്തിയെടുത്തു കുത്തുകയായിരുന്നു. നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
യുവതിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി
മലപ്പുറം: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് യുവതിയെയും സഹോദരനെയും സുഹൃത്തുക്കളെയും മലപ്പുറം മഞ്ചേരി പൊലീസ് മർദിച്ചെന്ന് പരാതി. 10 വയസുള്ള മകന്റെ മുന്നിൽ വച്ചാണ് അതിക്രമമെന്ന് മഞ്ചേരി സ്വദേശി അമൃത ജോസ് ആരോപിച്ചു. യുവതിയും കൂടെയുള്ളവരും കൃത്യനിർവഹണം തടഞ്ഞെന്നാണ് പൊലീസിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തരയോടെ നടന്ന സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ. മകനും സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രാമധ്യേ മഞ്ചേരിയിൽ ചായ കുടിക്കാൻ ഇറങ്ങിയപ്പോൾ പൊലീസ് അതിക്രമിച്ചു കയറി വാഹനം പരിശോധിച്ചു. കാരണം അന്വേഷിച്ചപ്പോൾ പൊലീസ് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു.
ദൃശ്യങ്ങളെടുത്ത സഹോദരന്റെ കൈ പിടിച്ച് തിരിച്ചെന്നും തുടർന്ന് സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും പത്തു വയസുള്ള മകന്റെ മുന്നിൽ വച്ചായിരുന്നു അതിക്രമമെന്നും യുവതി പറയുന്നു. ‘എന്റെ സഹോദരനെ വലിച്ചിഴച്ചുകൊണ്ടുപോയി, കരണം നോക്കി അടിച്ചു. ചോരയൊക്കെ വന്നു. അതേപോലെ എന്നെയും കൊണ്ടുപോയി. പത്ത് വയസുള്ള എന്റെ കുട്ടിയുടെ മുന്നിലായിരുന്നു അതിക്രമം. കുടുംബത്തോടൊപ്പമാണ് വന്നതെന്നും കുഞ്ഞുണ്ടെന്നും പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ല. നീതിക്കായി ഏതറ്റം വരെയും പോകും. കഴിയുന്നിടത്തെല്ലാം പരാതി നൽകും എന്നും ആയിരുന്നു അവരുടെ വാക്കുകൾ. യുവതിയെയും സഹോദരനെയും പിടിച്ചുകൊണ്ടുപോകുന്നത് അടക്കമുള്ള ദൃശ്യങ്ങൾ ഇവരുടെ കയ്യിലുണ്ട്.