”എന്താ ശിവണ്ണാ, ശ്യാമണ്ണാ ജോലിക്കൊന്നും പോയില്ലേ?” : ഭാവനയുടെ ആദ്യ ഡയലോഗ്
1 min read
2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയരംഗത്ത് എത്തുന്നത്. ജിഷ്ണു രാഘവന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, രേണുക മേനോന്‍, ഭാവന, വിജീഷ് തുടങ്ങി നിരവധി പുതുമുഖങ്ങളാണ് ഈ സിനിമയില്‍ വേഷമിട്ടത്. കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ സിനിമയില്‍ പരിമളമെന്ന കഥാപാത്രമായിരുന്നു ഭാവനയുടേത്. കാലമെത്ര കഴിഞ്ഞാലും തന്റെ പ്രിയപ്പെട്ട ചിത്രവും കഥാപാത്രവും ഇതു തന്നെയാണെന്ന് പറയുന്നു ഭാവന.
തന്റെ ആദ്യ ഷോട്ടും ഡയലോഗും ഇപ്പോഴും നന്നായി ഓര്‍ക്കുന്നു താരം. ചേരിയില്‍ തുണി തേച്ചു നടക്കുന്ന പരിമളം എന്ന കഥാപാത്രം. തുണി തേച്ചുകൊണ്ടിരിക്കുമ്പോള്‍ ജിഷ്ണുവിനെയും സിദ്ധാര്‍ത്ഥിനെയും നോക്കണം, വീണ്ടും തുണി തേക്കണം. ഇതായിരുന്നു ഭാവനയുടെ ആദ്യ ഷോട്ട്.
”എന്താ ശിവണ്ണാ, ശ്യാമണ്ണാ ജോലിക്കൊന്നും പോയില്ലേ?” എന്ന് അവരോട് ചോദിക്കുന്നതായിരുന്നു രണ്ടാമത്തെ ഷോട്ട്. ചിത്രത്തിലെ ഭാവനയുടെ ആദ്യ ഡയലോഗും ഇതു തന്നെ. ഇത് ചെയ്യുമ്പോള്‍ വിറയലോ ടെന്‍ഷനോ ഉണ്ടായിരുന്നില്ലെന്നും വെളിപ്പെടുത്തുന്നു ഭാവന. സിനിമയില്‍ അഭിനയിക്കുകയാണെന്ന ചിന്തയൊന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. ചെയ്യാന്‍ പറഞ്ഞു, ചെയ്തു. അത്രമാത്രം. ആദ്യ സിനിമ കഴിയുമ്പോള്‍, തന്നെ എല്ലാവരും തിരിച്ചറിയുമെന്നും പുറത്തിറങ്ങുമ്പോള്‍ ആളുകളൊക്കെ കൂടുമെന്നുമായിരുന്നു താരത്തിന്റെ വിചാരം. എന്നാല്‍ പരിമളത്തെ അവതരിപ്പിച്ചത് ഞാന്‍ ആണെന്ന് അങ്ങോട്ടു പറയേണ്ട അവസ്ഥയായിരുന്നു ഭവനയുടേത്..