അബിഗേലിനെ കണ്ടെത്തി

1 min read

തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

കൊല്ലം: നീണ്ട 20 മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവില്‍ അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. പ്രതികള്‍ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിതീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത്. ഇവിടെയെത്തിയ നാട്ടുകാരാണ് കുട്ടിയെ കണ്ടത്. പിന്നാലെ വിവരം പൊലീസുകാരെ അറിയിക്കുകയാണ്.

പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോകും. നിലവില്‍ കൊല്ലം ഈസ്റ്റ് പൊലീസിന്റെ ഒപ്പമാണ് കുട്ടിയുള്ളത്. അവശനിലയിലാണ് കുട്ടി ഇപ്പോഴുള്ളത്. കുട്ടിക്ക് പൊലീസുകാര്‍ ബിസ്‌കറ്റും വെള്ളവും കൊടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേരളക്കരയാകെ മണിക്കൂറുകളായി തിരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. നാടൊന്നാകെ കുട്ടിക്കായി തിരച്ചില്‍ തുടങ്ങിയതാണ് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ പ്രതികളെ പ്രേരിപ്പിച്ചത്.

കുട്ടി കൊല്ലം ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതോടെ കുട്ടിയുടെ വീട്ടുകാരും ആശ്വാസത്തിലാണ്. കുട്ടിയെ കാണാതായത് മുതല്‍ നെഞ്ചുപൊട്ടിക്കരഞ്ഞ മാതാപിതാക്കള്‍ക്കും സഹോദരനും ഇപ്പോള്‍ സന്തോഷത്തിലാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചു.

കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തോടെ തന്നെ കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.