അനിലിനെ ചൊടിപ്പിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളി, തിരിച്ചുവരുമെന്നാണ് പ്രതീക്ഷ : അജിത് ആന്റണി

1 min read

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തെറിവിളിയാണ് അനിലിനെ ചൊടിപ്പിച്ചതെന്ന് സഹോദരന്‍ അജിത് ആന്റണി. എഐസിസി തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ചതു മുതല്‍ അനിലിന് മോശപ്പെട്ട സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ബിബിസി വിഷയത്തില്‍ സംസാരിച്ചതു മുതല്‍ വൃത്തികെട്ട രീതിയിലുള്ള സന്ദേശങ്ങള്‍ വന്നു. ഇതൊക്കെയാവാം ഇങ്ങനെയൊരു സന്ദേശത്തിന് പിന്നിലെന്ന് അജിത് പറഞ്ഞു.

ബിജെപി അനില്‍ ആന്റണിയെ കറിവേപ്പില പോലെ വലിച്ചെറിയുമെന്ന് അജിത് പ്രതികരിച്ചു. ബിജെപിയിലേക്കു പോയ നേതാക്കളുടെ അനുഭവം അതാണ്. ടോം വടക്കന്‍, അല്‍ഫോന്‍സ് കണ്ണന്താനം ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്. തെറ്റു തിരുത്തി അനില്‍ തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്നും അജിത് പ്രതികരിച്ചു.

പെട്ടെന്നെടുത്ത തീരുമാനമായാണ് ഇതിനെ കാണുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വേദനകള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ, പാര്‍ട്ടിക്കെതിരെ സംസാരിച്ചത് വളരെ മോശമായിപ്പോയി. അനിലിന്റെ ബിജെപി പ്രവേശനം എ.കെ.ആന്റണിയെ വല്ലാതെ ദുഃഖിതനാക്കിയിട്ടുണ്ട്. ഇത്രയും തളര്‍ന്ന അവസ്ഥയില്‍ പപ്പയെ ഇതുവരെ കണ്ടിട്ടില്ലെന്നും അജിത് വ്യക്തമാക്കി.

മോദിയാണ് ഇനിയുള്ള പ്രതീക്ഷയെന്നത് അനിലിന്റെ വിശ്വാസമാണ്. പക്ഷേ ഭാരത് ജോഡോയ്ക്ക് ശേഷം ജനങ്ങളുടെ ചിന്താഗതി മാറിയിട്ടുണ്ട്. രാഹുല്‍ഗാന്ധിക്ക് ഒരവസരം നല്‍കാന്‍ ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും അജിത് പറഞ്ഞു.

അജിത്തിന്റെ പിറന്നാളായിരുന്നു ഇന്നലെ. അനിലിന്റെ ബിജെപി പ്രവേശന വാര്‍ത്തയറിഞ്ഞ് പിറന്നാള്‍ ആഘോഷങ്ങള്‍ മാറ്റിവെച്ചിരുന്നു. വാര്‍ത്ത പുറത്തു വന്നതിനു ശേഷം കൈപ്പത്തി ചിഹ്നം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു അജിത് ആന്റണി.

Related posts:

Leave a Reply

Your email address will not be published.