അത്ഭുതദ്വീപിലെ അറിയാക്കഥകൾ

1 min read

താരസങ്കല്പങ്ങളെല്ലാം തകിടംമറിച്ചു വിനയന്റെ അത്ഭുതദ്വീപ്

പൊക്കമില്ലാത്ത പുരുഷൻമാരും ഉയരമുള്ള സ്ത്രീകളുമുള്ള ഒരത്ഭുതലോകം. വിനയന്റെ സംവിധാനത്തിൽ വിരിഞ്ഞ ഒരു ഫാന്റസി ചിത്രം. ഉണ്ട പക്രുവിനെ ഗിന്നസ് പക്രുവാക്കിയ അത്ഭുതദ്വീപ്. ചിത്രം പോലെ തന്നെ ഫാന്റസി നിറഞ്ഞതായിരുന്നു അതിന്റെ ചിത്രീകരണവും. അത്ഭുതദ്വീപിന്റെ പിറവി തന്നെ ഒരത്ഭുതമാണ്.

അത്ഭുത ദ്വീപിലെ മന്ത്രിയായി അഭിനയിച്ച സുദർശനൻ ഒരിക്കൽ ചാൻസ് തേടി സംവിധായകൻ വിനയന്റെ വീട്ടിലെത്തുന്നു. ഭാര്യയും കൂടെയുണ്ട്. ഇരുവരും കണ്ടു, സംസാരിച്ചു. എന്തെങ്കിലും ചാൻസുണ്ടായാൽ അറിയിക്കാമെന്നും പറഞ്ഞ് വിനയൻ അവരെ യാത്രയാക്കി. വിനയന്റെ വീട്ടിൽ ഒരു സ്‌റ്റെപ്പുണ്ട്. ഇറങ്ങാൻ ബുദ്ധിമുട്ടുള്ള ഒരു സ്‌റ്റെപ്പ്. അവിടെയെത്തിയപ്പോൾ സുദർശനന്റെ ഭാര്യ അദ്ദേഹത്തെ കയ്യിലെടുത്ത് താഴെയിറക്കിവെച്ചു. ഇതിനു സാക്ഷിയായി നിൽക്കുകയാണ് വിനയൻ. ആ ചെറിയൊരു സംഭവത്തിൽ നിന്നാണ് അത്ഭുതദ്വീപ് എന്ന ഹിറ്റ് സിനിമയുടെ പിറവി.

പക്രു അഭിനയിക്കുന്ന സവാരിഗിരിഗിരി എന്ന ടിവി പ്രോഗ്രാം കണ്ട്, അത് കൊള്ളാമായിരുന്നു എന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വിനയൻ. പക്രുവാകട്ടെ തിരിച്ചൊരു ചോദ്യമാണ് വിനയനോട് ചോദിച്ചത്. ഫിസിക്കലി ചാലഞ്ച്ഡ് ആയ ആളുകളെവെച്ച് എത്രയോ പേർ പടമെടുക്കുന്നു. ഞങ്ങളെപ്പോലുള്ള ആളുകളെവെച്ച്, എന്നു പറഞ്ഞാൽ, ഹൈറ്റ് കുറഞ്ഞ ആളുകളെ വെച്ച് ഒരു സിനിമയെടുത്തു കൂടേ. ഇതായിരുന്നു പക്രുവിന്റെ ചോദ്യം. പക്രുവിന് എത്രപേരെ അറിയാം എന്ന് തമാശയായി വിനയൻ ചോദിച്ചു. നാലഞ്ചുപേരെ അറിയാം എന്നായി പക്രു. നിനക്കറിയാവുന്നവരെ സംഘടിപ്പിക്ക്. എന്റെ അടുത്ത പടം പൊക്കം കുറഞ്ഞവരെ വെച്ച് ചെയ്യാം. നിനക്കും അതിലൊരു വേഷമുണ്ടെടാ എന്ന് വിനയൻ.

വിനയൻ പത്രത്തിലൊരു പരസ്യം കൊടുക്കുന്നു.. സിനിമയിൽ അഭിനയിക്കാൻ രണ്ട് രണ്ടര അടി ഉയരമുള്ള ആളുകളെ വേണം… അടുത്തദിവസം മുതൽ ആളുകൾ ജാഥജാഥയായി വിനയന്റെ വീടു തേടിയെത്തി. എല്ലാവരും ഉയരം കുറഞ്ഞവർ.. ആദ്യം 20 പേരായിരുന്നു. അത് 30 ആയി. 50 ആയി. അങ്ങനെ രണ്ടുമൂന്നു ദിവസംകൊണ്ട് 600 പേരോളമാണ് വിനയനെ തേടിയെത്തിയത്.  അവരിൽ നിന്ന് കാര്യമായ അസുഖങ്ങളൊന്നുമില്ലാത്ത 350 ഓളം ആളുകളെ സെലക്ട് ചെയ്തു.

ചിത്രത്തിനു വേണ്ടി പക്രു നന്നായി വർക്കൗട്ട് ചെയ്തു. ഇത്രയും കാലം അഭിനയിച്ച കഥാപാത്രമല്ല പക്രുവിന്റേത്. രാജകുമാരനാണ്… ഗജരാജകില്ലാഡിയായ, യോദ്ധാവായ, കുതിരപ്പുറത്ത് വരുന്ന, ഒരുപാട് കാമുകിമാരുള്ള, രാജകുമാരൻ… കുതിരയെ ഓടിക്കണമെന്ന് കേട്ടപ്പോൾ പക്രു ഞെട്ടി. അതൊക്കെ ശരിയാക്കാമെന്ന് വിനയനും.  ഭക്ഷണം ക്രമീകരിച്ച്, എക്‌സർസൈസ് ചെയ്ത് പക്രുവും ഒരുങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും മസിലൊക്കെ വന്നു തുടങ്ങി. ചെറിയൊരു മസിൽമാനായി പക്രു. ചിത്രത്തിൽ ഫൈറ്റ് സീക്വൻസിലാണ് പക്രുവിന്റെ ഇൻഡ്രൊഡക്ഷൻ. നാലഞ്ചുപേരെ ഇടിച്ചിടുന്ന, പഞ്ചു പിടിക്കുന്ന സീൻ.

പൂജയുടെ ദിവസമാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് പക്രു അറിയുന്നത്.  അവൻ വീണ്ടും ഞെട്ടി. പൃഥ്വിരാജിനൊപ്പം നിൽക്കുന്ന കഥാപാത്രം. നായകനു തുല്യം നിൽക്കുന്ന പ്രതിനായകൻ എന്നു പറയാവുന്ന ഒരു വേഷം. നാവികരായ നാലുപേർ ഹെലികോപ്റ്റർ തകർന്ന് അത്ഭുതദ്വീപിൽ അകപ്പെടുന്നതാണ് കഥ. സാധാരണ ഉയരമുള്ളവർ. പക്ഷേ, ഇവരെ തങ്ങളെ നശിപ്പിക്കാൻ വന്ന പിശാചുക്കളായാണ് ദ്വീപിലുള്ളവർ കാണുന്നത്.

ജഗതിയുടെ ഇരട്ടറോളും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. നാവികനായ ഒരു കഥാപാത്രവും. ദ്വീപിലെ ഉയരം കുറഞ്ഞ രാജാവും. ഇങ്ങനെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജഗതിയെത്തുന്നത്. ഹ്യൂമർ ചെയ്യുന്ന ഒരാൾ വേണമെന്ന ചിന്തകൊണ്ടാണ് ജഗതിയെ തന്നെ  പൊക്കം കുറഞ്ഞ രാജാവാക്കിയത്. ബിന്ദുപണിക്കരുടെ എളിയിലിരിക്കുന്ന കുഞ്ഞൻ രാജാവ് ആരിലും ചിരിയുണർത്തും.  

അഭിനേതാക്കളുടെ കണ്ടെത്തലും വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം പൃഥ്വിരാജിനെ അമ്മ എന്ന സംഘടന ബാൻ ചെയ്തിരിക്കുന്ന സമയമാണ്. രാജുവിന്റെ കൂടെ അഭിനയിക്കുന്നതിന് മറ്റ് നടീനടൻമാർക്കും വിലക്കുണ്ടായിരുന്നു. അമ്മയുടെ വിലക്ക് ലംഘിക്കാൻ പലരും മടിച്ചു. പക്ഷേ, എഗ്രിമെന്റ് ഒപ്പിട്ടതിനുശേഷമാണ് പക്രുവും പൃഥ്വിരാജുമാണ് നായകൻമാർ എന്ന് പലരും അറിയുന്നതുതന്നെ.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അത്ഭുതമായിരുന്നു അത്ഭുതദ്വീപ് എന്ന് പക്രു. ചിത്രത്തിലെ 350 ഓളം കുഞ്ഞ് ആർട്ടിസ്റ്റുകൾ പക്രുവിനെ കാണാൻ വേണ്ടി ആവേശത്തോടെ കാത്തുനിൽക്കുകയാണ്. ശരിക്കും ഒരു അത്ഭുതദ്വീപിൽ എത്തിയ പ്രതീതി. മലമ്പുഴയിൽ കൊട്ടാരത്തിന്റെ വലിയൊരു സെറ്റിട്ടാണ് പടം ചെയ്തത്. ഒറ്റ ബസിലായിരുന്നു 250 ഓളം ആളുകളെ കൊണ്ടു വന്നിരുന്നത്. അവരെ കാണാൻ വേണ്ടി മലമ്പുഴയിലെത്തുന്ന സഞ്ചാരികളും കാത്തുനിൽക്കും.

കഷ്ടപ്പാടു നിറഞ്ഞ ഒന്നായിരുന്നു അത്ഭുതദ്വീപിന്റെ ഷൂട്ടിംഗ്. പൊക്കം കുറഞ്ഞ ആളുകളായതുകൊണ്ട് അവർക്ക് അധികം വെയിലൊന്നും താങ്ങാനാവില്ല. കുന്തമൊക്കെ കൊടുത്ത് ഇവരെ ഷൂട്ടിംഗിന് റെഡിയാക്കി നിർത്തുമ്പോഴായിരിക്ക,ും അതിലൊരാൾ തളർന്നു വീഴുന്നത്. അയാളെ എഴുന്നേൽപ്പിച്ച് വെള്ളമൊക്കെ കൊടുത്ത് റെഡിയാക്കി കൊണ്ടുവരുമ്പോഴേക്കും അടുത്തയാൾ മറിഞ്ഞുവീഴും. ക്രൂവിന്റെ കൂട്ടത്തിൽ ഡോക്ടർമാരും നേഴ്‌സുമാരുമൊക്കെയുണ്ടായിരുന്നു.  അങ്ങനെ ഒരുവിധം കാര്യങ്ങൾ മാനേജ് ചെയ്തു കൊണ്ടുപോയി. എന്നും പ്രശ്‌നങ്ങളും പരാതികളുമായിരുന്നു. മുട്ട കിട്ടിയില്ലെങ്കിൽ പോലും പരിഭവം പറയുന്നവർ ഉണ്ടായിരുന്നു. അവരെയൊക്കെ ഡീൽ ചെയ്യാൻ വിനയൻ വല്ലാതെ ബുദ്ധിമുട്ടി. കൊട്ടാരം മലമ്പുഴയിലാണെങ്കിൽ, കടൽത്തീരം ഷൂട്ട് ചെയ്തത് ഗോവയിലാണ്. കെട്ടിയുണ്ടാക്കിയ ചങ്ങാടമൊക്കെ തിരയിൽ ഒഴുകിപ്പോയ സ്ഥിതിപോലുമുണ്ടായി. ചിലത് തിരയടിച്ച് ഛിന്നഭിന്നമായി.

ഫ്രെയിമിങ് ആയിരുന്നു എാറെ ബുദ്ധിമുട്ടിച്ചത്. 6 അടി ഉയരമുള്ള പൃഥ്വിരാജും രണ്ടടി ഉയരമുള്ള പക്രുവും. ഇവരുടെ കോമ്പിനേഷൻ സീനുകൾ എടുക്കുന്നത് വെല്ലുവിളിയായിരുന്നു. ക്യാമറയുടെ പൊസിഷൻ ഇടയ്ക്കിടെ മാറ്റേണ്ടി വന്നു. ഫൈറ്റ് രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ താരങ്ങളുടെ മൂവ്‌മെന്റിനനുസരിച്ചാണ് ക്യാമറ പോലും ചലിപ്പിച്ചിരുന്നത്.  അന്യദ്വീപിൽ നിന്നും നരഭോജികൾ 7 അടിയിലധികം പൊക്കമുള്ളവരായിരുന്നു. ഷാജികുമാറായിരുന്നു ക്യാമറാമാൻ. ഹൈറ്റിലുള്ള വലിയ വ്യത്യാസം ക്യാമറാമാനെ നക്ഷത്രെമണ്ണിച്ചത് കുറച്ചൊന്നുമല്ല.  

സകല ദൈവങ്ങളെയും വിളിച്ചുകൊണ്ടാണ് പക്രുവിന്റെ കുതിരയോട്ടം ചിത്രീകരിച്ചതെന്ന് വിനയൻ തന്നെ പറയുകയുണ്ടായി. പക്രുവിനെ കുതിരപ്പുറത്ത് ഫിക്‌സ് ചെയ്ത് വച്ചതുപോലെയായിരുന്നു. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. കുതിര ഓടുമ്പോൾ ക്രൂവും കൂടെ ഓടുകയാണ്. കുതിരയ്ക്കു പോലും കാര്യം മനസ്സിലായി എന്നാണ് പക്രു ഇതിനെക്കുറിച്ച് തമാശയായിട്ടാണെങ്കിലും പ്രതികരിച്ചത്. റാണി എന്നായിരുന്നു കുതിരയുടെ പേര്.  നരഭോജികളുമായുള്ള ഫൈറ്റും ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ഇവർക്കും ശരിക്ക് ഫൈറ്റ് ചെയ്യാനറിയില്ല. പക്രുവിനെ എടുത്തെറിയുന്ന രംഗമൊക്കെ അതുപോലെ ചിത്രീകരിക്കുകയായിരുന്നു. സംവിധായകൻ പാക്ക് അപ്പ് പറഞ്ഞപ്പോൾ എവറസ്റ്റ് കീഴടക്കിയ പ്രതീതിയായിരുന്നു എന്നാണ് പക്രു പറയുന്നത്.

പാട്ടുകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു അത്ഭുതദ്വീപിൽ. ജയചന്ദ്രൻ സംഗീതം നൽകിയ പാട്ടുകളെല്ലാം ഹിറ്റായി. റ്റൈറ്റിൽ സോങിലൂടെയാണ് ദ്വീപിലേക്ക് പ്രേക്ഷകരെ ആനയിക്കുന്നത്. പുതിയ പരീക്ഷണങ്ങളും ചിത്രത്തിനുവേണ്ടി ചെയ്തു ജയചന്ദ്രൻ. ഉയരം കുറഞ്ഞ ആളുകളുടെ ടോൺ വ്യത്യാസുമണ്ടാകും. അതിനനുസരിച്ചുള്ള ടോണിലാണ് പാട്ട് കമ്പോസ് ചെയ്തിരിക്കുന്നത്. ധാരാളം ഇൻസ്ട്രുമെന്റ്‌സും പാട്ടിനായി ഉപയോഗിച്ചിട്ടുണ്ട്.

സൂപ്പർ സ്റ്റാറുകൾക്ക് വളരെയേറെ സ്റ്റാർഡം ഉള്ള കാലത്താണ് അത്ഭുതദ്വീപ് വരുന്നത്. സൂപ്പർ സ്റ്റാറുകളുടെ പടമല്ലാതെ മറ്റൊന്നും ഓടാത്ത കാലം. പൃഥ്വിരാജ് പോലും അന്ന് താരപദവിയിലേക്ക് ഉയർന്നിട്ടില്ല.  എന്നാൽ അത്ഭുതദ്വീപ് സൂപ്പർഹിറ്റായി മാറി. മാത്രമല്ല, പാർശവവത്കരിക്കപ്പെട്ടു കിടന്നിരുന്ന ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപിനും നാന്ദി കുറിച്ചു അത്ഭുതദ്വീപ്. ഉയരം കുറഞ്ഞവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റിയെടുക്കാൻ ഈ സിനിമയ്ക്കു കഴിഞ്ഞു. അവർ മുഖ്യധാരയിലേക്ക് എത്താൻ തുടങ്ങി. ടിവി പ്രോഗ്രാമുകൾ ധാരാളമായി അവരെ തേടിയെത്തി. ആത്മവിശ്വാസം വർധിച്ചു.

അത്ഭുതദ്വീപിനു കിട്ടിയ അവാർഡ് തനിക്ക് ഓസ്‌കർ അവാർഡു തന്നെയാണ് എന്ന് പറയുന്നു പക്രു. ചിത്രത്തിലെ അഭിനയിത്തിന് ഗിന്നസ് റെക്കോർഡും പക്രുവിനെ തേടിയെത്തി.  ഗിന്നസ് അവാർഡ് പക്രുവിന് സമ്മാനിച്ചത് മമ്മൂട്ടിയാണ്. തന്റെ പേരിനു മുന്നിൽ ഗിന്നസ് എന്ന പേര് ചേർത്ത് വിളിച്ചതും അദ്ദേഹം തന്നെയാണെന്ന് സ്‌നേഹത്തോടെ ഓർക്കുന്നു ഗിന്നസ് പക്രു.

Related posts:

Leave a Reply

Your email address will not be published.