വാർത്തകളിൽ നിറഞ്ഞ് അമലപോൾ

1 min read

അമലയും വിജയും തമ്മിലുള്ള പ്രശ്‌നങ്ങൾ അന്വേഷിച്ച് സോഷ്യൽമീഡിയ

അമലപോൾ സിനിമയിൽ എത്തുന്നത് നീലത്താമരയിലൂടെയാണ്… 2009ൽ… ലാൽജോസ് ആയിരുന്നു സംവിധാനം… ചിത്രം വിജയമായെങ്കിലും അമലപോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് തമിഴിലെത്തിയ നടിക്ക് ബ്രേക്കായി മാറിയത് മൈനയിലെ വേഷമാണ്. പിന്നീട് തമിഴിലും മലയാളത്തിലുമായി കൈനിറയെ ചിത്രങ്ങൾ. ശ്രദ്ധേയമായ വേഷങ്ങൾ. റൺ ബേബി റണിൽ മോഹൻലാലിനോടൊപ്പം മികച്ച റോൾ തന്നെ ലഭിച്ചു അമലയ്ക്ക്. സോഷ്യൽ മീഡിയയിലും സജീവമാണ് അമല. യാത്രകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന അമല, പോകുന്ന സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അമലപോളിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സുഹൃത്ത് ജഗത് ദേശായിയാണ് വരൻ. അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തുകൊണ്ട് അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”മൈ ജിപ്‌സി ക്വീൻ യെസ് പറഞ്ഞു” എന്ന അടിക്കുറിപ്പോടെയാണ് ജഗദിന്റെ പോസ്റ്റ്. അമലയെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ വെഡ്ഡിങ് ബെൽസ് എന്ന ഹാഷ് ടാഗും ചേർത്തിട്ടുണ്ട്. അമലയുടെ 31-ാം ജന്മദിനത്തിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഇതോടെ അമലയെക്കുറിച്ചുള്ള കഥകൾ സെർച്ച് ചെയ്യുന്ന തിരക്കിലാണ് ആരാധകർ. അമലയുടെ രണ്ടാം വിവാഹമാണിത്. തമിഴ് സംവിധായകനായ എ.എൽ.വിജയുമായി അമലയുടെ വിവാഹം നടന്നത് 2014ലായിരുന്നു. വിജയ് സംവിധാനം ചെയ്ത വൈദത്തിരുമകൾ, തലൈവ എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ആ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചു. എന്നാൽ അധികം വൈകാതെ തന്നെ പ്രശ്‌നങ്ങളും ആരംഭിച്ചു. മൂന്ന് വർഷങ്ങൾക്കുശേഷം 2017ൽ വിവാഹമോചിതരാവുകയും ചെയ്തു. തമിഴകത്തെ അമ്പരപ്പിച്ച വിവാഹമോചനമായിരുന്നു അത്. അഭിനയവുമായി മുന്നോട്ടുപോകുന്നതിന് എ.എൽ.വിജയും കുടുംബവും എതിരായിരുന്നുവെന്നും അതാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നും അക്കാലത്ത് വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ചു എ.എൽ.വിജയ്. അമലയെ അഭിനയത്തിൽ നിന്ന് താൻ വിലക്കിയിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ അമലയും വിജയും പിരിയാനുള്ള കാരണം നടൻ ധനുഷ് ആണെന്ന ആരോപണവുമായി വിജയിന്റെ പിതാവും തമിഴ് നിർമ്മാതാവുമായ എ.എൽ.അഴകപ്പൻ രംഗത്തു വന്നിരുന്നു. വിവാഹശേഷം അഭിനയിക്കില്ലെന്ന് അമല തീരുമാനിച്ചിരുന്നു. നുഷ് നിർമ്മിച്ച ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ടിരുന്നതിനാൽ അമല അതിൽ അഭിനയിച്ചു. പിന്നീട് അഭിനയത്തിലേക്ക് അമലയെ തിരികെ കൊണ്ടുവരാൻ ധനുഷ് നിർബന്ധിച്ചുകൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് അമല വീണ്ടും അഭിനയിക്കാൻ തയ്യാറായത് . ഇങ്ങനെ പോകുന്നു അഴകപ്പന്റെ ആരോപണങ്ങൾ. ധനുഷും അമലയും തമ്മിൽ ബന്ധമുണ്ടെന്ന രീതിയിൽ ഗോസിപ്പുകളും അക്കാലത്ത് കേട്ടിരുന്നു. ആരോപണങ്ങളെ തള്ളിക്കളഞ്ഞു അമല. വിജയ് തന്റെ വെൽവിഷർ മാത്രമണെന്നായിരുന്നു അമലയുടെ വിശദീകരണം.

വിവാഹമോചനം നേടിയെങ്കിലും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാൻ അമലയും വിജയും തയ്യാറായിരുന്നില്ല. സ്വന്തം കരിയറുമായി ഇരുവരും മുന്നേറി. വിജയിന്റെ രണ്ടാം വിവാഹത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു അമല.

വിവാഹമോചനത്തിനു ശേഷം അടിമുടി മാറി അമലപോൾ. വീണ്ടും പഴയ പോലെ സിനിമകളിൽ സജീവമായി. ഒഴിവുസമയങ്ങളിലെല്ലാം യാത്ര ചെയ്തു. ചിലപ്പോൾ ഒറ്റയ്ക്ക്. മറ്റു ചിലപ്പോൾ കൂട്ടുകാേരാടൊപ്പം. യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും ഫോട്ടോകളും വീഡിയോകളും നിരന്തരം പോസ്റ്റ് ചെയ്ത് തന്റെ സാന്നിധ്യമറിയിക്കും.

ഇതിനിടയിൽ മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദർ സിങുമായി അമല ലിവിങ് റിലേഷനിൽ ആയിരുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും വന്നു. എന്നാൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച് തന്റെ അനുമതിയില്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ഭവ്‌നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം.

അമലയുടെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ മലയാളി തന്റെ സ്വഭാവം കമന്റുകളിലൂടെ വെളിപ്പെടുത്തി തുടങ്ങി. ജഗത് പങ്കുവെച്ച വീഡിയോയ്ക്കു താഴെ നെഗറ്റീവ് കമന്റുകൾ നിറയുകയാണ്. എത്ര കാലത്തേക്കാണ് ഈ ബന്ധം, കൊല്ലം തോറും നടത്തിവരാറുള്ള വഴിപാട് എന്നെല്ലാമാണ് അമലയ്ക്കു നേരെയുള്ള പരിഹാസം.

ReplyForward

Related posts:

Leave a Reply

Your email address will not be published.