തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്റെ തുടയെല്ല് പൊട്ടി
1 min readതിരുവനന്തപുരം: വടക്കാഞ്ചേരി ബസ് അപകടം ചര്‍ച്ചയാകുന്നതിനിടെ തലസ്ഥാനത്ത് വീണ്ടും ടൂറിസ്റ്റ് ബസ്സ് അപകടം. സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സാണ് ഗൗരീശപട്ടത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും പരിക്കില്ല.
തൃശ്ശൂരിലെ കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി എത്തിയ ബസ്സാണ് അപകടത്തില്‍പെട്ടത്. ഗൗരീശപട്ടത്ത് വച്ച് ബസ്സ് വലത് വശം ചേര്‍ന്ന് വളയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം. എതിര് ദിശയില്‍ വളവ് തിരിഞ്ഞ് വന്ന സ്കൂട്ടറിനെ ബസ്സ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകടത്തില്‍ തുടയെല്ല് തകര്‍ന്ന സ്വകാര്യ മെഡിക്കല്‍ ലാബിലെ സാംപിള്‍ കളക്ഷന്‍ ജീവനക്കാരന് പ്രവീണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം വലിയ ബസ്സ് ആയതിനാല്‍ വലത് വശം ചേര്‍ക്കാതെ വാഹനം തിരിക്കാനാവില്ലെന്നാണ് അപകടത്തിനിടയാക്കിയ ബസിന്റെ ഡ്രൈവര്‍ പറയുന്നത്.
ബസ്സിന് വേഗത കുറവായതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബസ്സില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം സുരക്ഷിതരാണ്. കുട്ടികളെ മറ്റൊരു ബസ്സിലേക്ക് മാറ്റി സംഘം യാത്ര തുടര്‍ന്നു. കുന്നംകുളത്തു നിന്നുള്ള ബസ്സ് തൃശ്ശൂരിലെത്തി വിദ്യാര്‍ത്ഥികളുമായി യാത്ര പുറപ്പെട്ടത് ഇന്നലെ വൈകീട്ടാണ്. വിദ്യാര്‍ത്ഥികളുമായി രാത്രികാലങ്ങളില്‍ വിനോദയാത്രപാടില്ലെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ വീണ്ടും നല്കിയ നിര്‍ദ്ദേശം തെറ്റിച്ചായിരുന്നു യാത്ര.