കര്‍ണാടക ഭരണം നിലനിറുത്താന്‍ തന്ത്രങ്ങളും കരുനീക്കങ്ങളുമായി ബി.ജെ.പി

1 min read

ലിംഗായത്ത് സ്വാധീനം മാത്രം പോരെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി വൊക്കലിഗരെ സ്വാധീനിക്കാനുള്ള ശ്രമത്തില്‍

കര്‍ണാടകയില്‍ ഒരിക്കലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയിരുന്നില്ല. ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം പിടിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിക്ക്. ജെ.ഡി.എസ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള വൊക്കലിഗം സമുദായം കൂടി സഹകരിച്ചാല്‍ ഒറ്റയ്ക്ക് ഭരണം എന്നത് ദുഷ്‌കരമാവില്ല എന്നു ബി.ജെ.പിക്കറിയാം. നരേന്ദ്രമോദിയുടെ ഇമേജും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും വൊക്കലിഗം സമുദായത്തില്‍ നിന്ന് ലഭിക്കുന്ന അധിക പിന്തുണയുമാണ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം.

ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ ഒരുപാട് തവണ വൊക്കലിഗ സ്വാധീനമുള്ള  പ്രദേശങ്ങളിലെത്തിയിരുന്നു. കുറച്ചു മാസം മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി സമുദായത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന കെമ്പഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമ ബംഗ്ലൂരു എയര്‍പോര്‍ട്ടില്‍ അനാവരണം ചെയ്തിരുന്നു. വിധാന്‍ സഭയ്ക്ക് മുന്നില്‍ കെമ്പഗൗഡയുടെയും ലിംഗായത്ത് പ്രമുഖനായിരുന്ന ബസവണ്ണയുടെയും പ്രതിമ ആഭ്യന്തര മന്ത്രി അമിത് ഷായും അനാവരണം ചെയ്തിരുന്നു.

രണ്ട് ദശാബ്ദം മുമ്പാണ് ചിക്മംഗലൂരിലെ ബാബ ബുദാന്‍ഗിരിയിലെ ആരാധന തര്‍ക്കത്തില്‍ ബി.ജെ.പി ഇടപെട്ടത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചെത്തുന്ന സ്ഥലമാണിത്. ദേവഗൗഡയുടെയും കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെയും നാടായ രാമനഗരയില്‍ വലിയ രാമ ക്ഷേത്രം സ്ഥാപിക്കാനുള്ള പദ്ധതിയും മുഖ്യമന്ത്രി ബൊമ്മൈ പ്രഖ്യാപിച്ചത് വൊക്കലിഗ വോട്ടൂകൂടി കണക്കിലെടുത്താണ്. ടിപ്പു സുല്‍ത്താനെ കൊന്നുവെന്ന് കരുതപ്പെടുന്ന ഉറി ഗൗഡയുടെയും നഞ്ചഗൗഡയുടെയും ചരിത്രം ഉയര്‍ത്തിക്കൊണ്ടുവരാനും ബി.ജെ.പി ശ്രമിച്ചു. ഇത് വൊക്കലിഗ വികാരത്തെ തങ്ങള്‍ക്കനുകൂലമായി മാറ്റാനുള്ള നീക്കമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ജനസംഖ്യയില്‍ 12 ശതമാനം മാത്രമേ ഉള്ളൂവെങ്കിലും മൊത്തം സാമാജികരില്‍ നാലിലൊന്നുപേര്‍ വൊക്കലിഗക്കാരാണ്. അതാണ് സമുദായത്തിന്റെ സ്വാധീനം. അതുകൊണ്ട് തന്നെ വൊക്കലിഗ സ്വാധീനമുള്ള മാണ്ഡ്യ, ബംഗളൂരു റൂറല്‍, ഹസ്സന്‍, കോലാര്‍, ചിക് ബല്ലാപുര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബി.ജെ.പി ഇത്തവണ നല്ല നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ബാംഗ്ലൂര്‍, മൈസൂര്‍, മല്‍നാട്, കൊടഗു, ദക്ഷിണ കന്നഡ എന്നിവിടങ്ങളില്‍ ഇപ്പോള്‍ ന്നെ വൊക്കലിഗക്കിടയില്‍ ബി.ജെ.പിക്ക് നല്ല സ്വാധീനമുണ്ട്. മന്ത്രിപദം നല്‍കിയും രാജ്യസഭാ സീറ്റ് നല്‍കിയും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ  തലപ്പത്ത് കൊണ്ടുവന്നും വൊക്കലിഗക്കാരെ ആകര്‍ഷിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. 2011-12 ല്‍ മുഖ്യമന്ത്രിയായിരുന്ന സദാനന്ദ ഗൗഡ, മന്ത്രിമാരായ അശ്വത്ഥ് നാരായന്‍, ആര്‍. അശോക് എന്നിവര്‍ വൊക്കലിഗ സമുദായത്തില്‍ സ്വാധീനമുള്ളവരാണ്. വൊക്കലിഗ സമുദായത്തിലെ പ്രധാന മഠങ്ങളിലൊന്നായ അടിച്ചുന്‍ചുനാഗിരി മഠവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഗോരക് നാഥ് മഠവും തമ്മില്‍ പണ്ടുകാലം മുതലേ നല്ല ബന്ധമാണ്.

ബി.ജെ.പിയുടെ ആദ്യ 189 പേരുടെ പട്ടികയില്‍ തന്നെ വൊക്കലിഗ സമുദായത്തില്‍ നിന്ന് 41 പേരുണ്ട്. വൊക്കലിഗ സമുദായത്തിന് നല്ല സ്വാധീനമുള്ള 59 സീറ്റുകളുള്ള പഴയ മൈസൂര്‍ പ്രദേശത്ത് നിന്ന് മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടായില്ല. കഴിഞ്ഞ തവണ ബി.ജെ.പി 28 വൊക്കലിഗ സ്ഥാനാര്‍ത്ഥികളെ നിറുത്തിയപ്പോള്‍ ആറുപേര്‍ മാത്രമാണ് ജയിച്ചത്. പഴയ മൈസൂരില്‍ ബെല്‍ട്ടിലെ ആകെയുളള 89 സീറ്റുകളില്‍ 2008ല്‍ 28സീറ്റ് ബി.ജെ.പിക്ക് കിട്ടിയിരുന്നു. 2018ല്‍ 23 സീറ്റും.

കഴിഞ്ഞ തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാനാകാത്തതിന് ഈ പ്രദേശത്ത നിന്ന് കുറച്ചു സീറ്റുകള്‍ മാത്രം കിട്ടിയതും കാരണമായി. വൊക്കലിംഗക്കാര്‍ക്കുള്ള രണ്ട് ശതമാനം സംവരണം വര്‍ദ്ധിപ്പിച്ചതും വൊക്കലിഗക്കാര്‍ക്കിടയിലുള്ള ദേവഗൗഡ കുടുംബത്തിന്റെ സ്വാധീനം കുറഞ്ഞതും ബി.ജെ.പിക്ക് ഗുണകരമാണ്. അതുപോലെ തന്നെ വൊക്കലിഗയില്‍ ജെ.ഡി എസ്സിനോടൊപ്പം നില്‍ക്കാത്തവരെയും ചേര്‍ത്ത് പിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. പഴയ മൈസൂര്‍ പ്രദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കിയതും ബൊമ്മൈ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ഇത്തവണ ഗുണകരമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

വൊക്കലിഗ നേതാക്കളായ കോണ്‍ഗ്രസിലെ ഡി.കെ.ശിവകുമാറും ജെ.ഡി.എസിലെ കുമാര സ്വാമിയും ഇവിടെ നിന്ന് മത്സരിക്കുന്നുണ്ട്. രണ്ടുപേരും മുഖ്യമന്ത്രി പദവി കാംക്ഷികളാണ്. മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര എം.പിയും നടനുമായ സുമലത അംബരീഷ്  ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പില്‍ ദേവഗൗഡയുടെ കൊച്ചുമകന്‍ നിഖിലിനെയാണ് അംബരീഷ് തോല്‍പിച്ചിരുന്നത്.

 കോണ്‍ഗ്രസ് പ്രഖ്യാപിച്ച് 166 സീറ്റുകളില്‍ 29 എണ്ണമാണ് വൊക്കലിഗക്കാര്‍ക്ക് നല്‍കിയത്. കഴിഞ്ഞ തവണ അവര്‍ ഇതേ സീറ്റുകളില്‍ 43 വൊക്കലിഗക്കാര്‍ക്ക് നല്‍കിയിരുന്നു.

ഇതുവരെ പ്രഖ്യാപിച്ച 189 സീറ്റുകളില്‍ 51 പേര്‍ ലിംഗായത്തുകളും 41 പേര്‍ വൊക്കലിഗയും 16പേര്‍ വാത്മീകി സമുദായത്തില്‍ പെട്ടവരും 9 പേര്‍ പട്ടിക ജാതിക്കാരായ ലമ്പാനി സമുദായക്കാരും 10 പേര്‍ ബ്രാഹ്മണരുമാണ്.  പട്ടിക ജാതിക്കാരായ 3 ബോവികളെ കൂടാതെ, റെഡ്ഡികള്‍ 2 , മറാത്തകള്‍ 3, ബണ്‍ട്‌സ് 3, ബില്ലവ എഡിഗ 7 , രാജ്പുത് 1,  കൊടവ് 1 ,ജെയിന്‍ 1 ,ഗൊല്ല 1 തുടങ്ങിയവയാണ് ആദ്യ പട്ടികയിലെ ജാതി സമവാക്യം.

തങ്ങള്‍ ഭരണമുള്ള ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമായ കര്‍ണാടയിലെ ഭരണം നിലനിറുത്താന്‍ ലിംഗായത്ത് സ്വാധീനം മാത്രം പോരെന്ന് ബി.ജെ.പിക്കറിയാം. ബി.ജെ.പി മക്കള്‍ രാഷ്ട്രീയത്തിനെതിരാണെങ്കിലും  ലിംഗായത്തുകളുടെവോട്ട് പിടിച്ചു നിര്‍ത്താനും യദ്യൂരപ്പയെ അവഗണിച്ചില്ലെന്ന് ബോദ്ധ്യപ്പെടുത്താനുമാന്‍ മകന്‍ ബി.എസ് വിജയേന്ദ്രയെ ശിക്കാരിപുരിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

അതേ സമയം സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ തിമ്മപ്പയുടെ മകള്‍ രഞ്ജനി രാജനന്ദിനി ബി.ജെ.പിയില്‍ ചേരന്നു.  മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയാണ് രഞ്ജനിയെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്. തന്റെ നെഞ്ചത്ത് ചവിട്ടിയാണ് മകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് തിമ്മപ്പ പറഞ്ഞു. ഷിമോഗ ജില്ലയിലെ സൊറാബ് , സാഗര മണ്ഡലങ്ങില്‍  വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കാനിവര്‍ക്കാകും.  

ReplyForward

Related posts:

Leave a Reply

Your email address will not be published.