മനോവൈകൃതവും സാഡിസവും ; എല്ലാ അർഥത്തിലും സൈക്കോപാത്ത് ആണ് ഷാഫിയെന്ന് പോലീസ് കമ്മിഷണർ

1 min read

കൊച്ചി: മനോവൈകൃതവും സാഡിസവുമെല്ലാം ഇടകലർന്ന സ്വഭാവവിശേഷമാണ് ഷാഫിയുടെതെന്ന് കൊച്ചി പോലീസ്. എല്ലാ അർഥത്തിലും സൈക്കോപാത്തായിരുന്നു മുഹമ്മദ് ഷാഫിയെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കുന്നു. ജീവനുള്ള ശരീരത്തിൽനിന്ന് രക്തം ചീറ്റിയൊഴുകുന്നതുകണ്ട് ഉന്മാദവാനായിനിന്ന കൊടുംകുറ്റവാളിയായാണ്‌ ഷാഫി വിലയിരുത്തപ്പെടുന്നത്. . സ്ത്രീകളുടെ പച്ചമാംസത്തിൽ കത്തിയാഴ്‌ത്തി അതിൽ ആനന്ദം കണ്ടെത്തുന്ന ലൈംഗിക അത്യപൂർവവ്യക്തിത്വം. ഹോളിവുഡ് ഹൊറർ സിനിമകൾപോലും ലജ്ജിച്ച് തലതാഴ്ത്തുന്ന തിരക്കഥയും ആസൂത്രണവുമാണിയാളുടേത്.
എന്ത് കുറ്റകൃത്യവും ചെയ്യാൻ മടിയില്ല

സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഏതു കുറ്റകൃത്യവും ചെയ്യാൻ മടിയില്ലാത്തയാളാണ് ഷാഫി. അതിനുള്ള അവസരമൊരുക്കാൻ എന്തു കഥയുമുണ്ടാക്കി ലക്ഷ്യത്തിലെത്തും. ലക്ഷ്യം പൂർത്തിയാക്കാൻ ഇരയെയും സാമ്പത്തിക നേട്ടം ഉറപ്പിക്കാൻ കൂട്ടുപ്രതികളെയും കൈയിലെടുക്കും. ഒരേസമയം സിദ്ധനും ഏജന്റുമായി വേഷമിട്ട ഷാഫിയുടെ ഇടപാടുകളത്രയും ദുരൂഹം. ഒാരോയിടത്തും വ്യത്യസ്ത വേഷത്തിൽ ഷാഫി നിറഞ്ഞുനിന്നു. ഷാഫി, റഷീദ് തുടങ്ങിയ പേരുകളിലായിരുന്നു പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയെന്ന കുറ്റവാളിയുടെ പകർന്നാട്ടം.

ഇതുവരെ എട്ടുകേസുകൾ

ഇതുവരെ മുഹമ്മദ് ഷാഫിയുടെ പേരിൽ കണ്ടെത്തിയത് എട്ടു കേസുകളാണ്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവർത്തനങ്ങളുടെ ഇടനിലക്കാരനായും പ്രവർത്തിച്ചു. 16-ാം വയസ്സിൽ വീടുവിട്ടിറങ്ങിയ ഇയാൾ ചെയ്യാത്ത ജോലിയും ജീവിക്കാത്ത ജില്ലയുമില്ലെന്ന് കമ്മിഷണർ പറയുന്നു. ഹോട്ടൽ നടത്തിപ്പ്, ലോറി ഓട്ടം, വണ്ടിനന്നാക്കൽ, ഡ്രൈവിങ് ഇങ്ങനെ പല പരിപാടികൾ പലസ്ഥലങ്ങളിൽ താമസിച്ചു ചെയ്യുന്നുണ്ട്.

2020 ഓഗസ്റ്റ് അഞ്ചിനായിരുന്നു ഇതിനുമുന്പുള്ള ഷാഫിയുടെ ക്രൂരകൃത്യം. മുറുക്കാൻ വാങ്ങാനെത്തിയ വയോധികയെയാണ് പീഡിപ്പിച്ചത്. ലോറി ഡ്രൈവറായാണ് ഷാഫി പുത്തൻകുരിശിലെത്തിയത്. ശരീരം മുഴുവൻ മുറിവേറ്റ നിലയിലായിരുന്നു വയോധിക. ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തിരുന്നു.

വയോധികയെ പീഡിപ്പിച്ച ഷാഫിയെ നാട്ടുകാർ കൈയുംകാലും കെട്ടിയാണ് പോലീസിന് കൈമാറിയത്. പുത്തൻകുരിശ് പോലീസ് എടുത്ത ബലാത്സംഗക്കേസാണ് ഇയാളുടെ പേരിൽ മുമ്പുണ്ടായിരുന്ന ഏക ക്രിമിനൽ കേസ്.

തിരുവല്ലയിൽ നടത്തിയ ക്രൂരതയ്ക്ക് സമാനമായ സംഭവമായിരുന്നു അന്നു പുത്തൻകുരിശിൽ നടന്നത്. വയോധികയുടെ സ്വകാര്യഭാഗത്തും ദേഹമാസകലവും കത്തികൊണ്ട് മുറിവേൽപ്പിച്ചു. പുത്തൻകുരിശിലെയും തിരുവല്ലയിലെയും സംഭവങ്ങൾ തമ്മിലുള്ള ബന്ധവും പോലീസ് പരിശോധിക്കുന്നുണ്ട്. ഷാഫിയുടെ ക്രൂരകൃത്യങ്ങളുടെ കഥ ഇതുകൊണ്ട് അവസാനിച്ചോ? ഇല്ലെന്ന സൂചനയാണ് പോലീസ് നൽകുന്നത്. ജില്ലയിൽ മുമ്പും സ്ത്രീകൾ കൊല്ലപ്പെട്ട കേസിൽ പ്രതിയെ പിടികൂടിയിട്ടില്ല. കോതമംഗലത്ത് മൂന്നു സ്ത്രീകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്തസമയങ്ങളിൽ കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. ആ പ്രതികളെയും കണ്ടെത്താനായിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.