മമ്മൂക്കയും ലാലേട്ടനും ടിപ്‌സ് പറഞ്ഞു തരും
1 min read
മമ്മൂക്കയിൽ നിന്നും ലാലേട്ടനിൽ നിന്നും പലതും പഠിക്കാനുണ്ട് : ഹരിശ്രീ അശോകൻ
മിമിക്രവേദികളിൽ നിന്നും സിനിമയിലെത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹരിശ്രീ അശോകൻ ഒരുകാലത്ത് ഹിറ്റ് സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു. ദിലീപ്, സലിംകുമാർ, കൊച്ചിൻ ഹനീഫ തുടങ്ങിയവരോടൊപ്പമുള്ള കോംബോ എന്നെന്നും ഓർത്തോർത്തു ചിരിക്കാനുള്ള ഒരുപാട് രംഗങ്ങളാണ് സമ്മാനിച്ചത്. സലീംകുമാറിനെ ഓർക്കുമ്പോൾ മനസ്സിലേക്ക് വരുന്ന ചിത്രം പറക്കും തളികയാണെന്ന് പറയുന്നു ഹരിശ്രീ അശോകൻ. ഇരുവരും ഒന്നിച്ചുള്ള സിനിമകളിൽ ഏറെ പ്രിയപ്പെട്ടതും ആ സിനിമ തന്നെയാണ്. വണ്ടിയുടെ മുകളിൽ നിന്നും വേറൊരു വണ്ടിയിലേക്ക് വീഴുന്നതൊക്കെ ഭയങ്കര റിസ്‌കുള്ള ഷോട്ടായിരുന്നു. ദിലീപും അദ്ദേഹത്തിന്റെ താമരാക്ഷൻപിള്ള എന്ന ബസ്സുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കൊച്ചിൻ ഹനീഫയെക്കുറിച്ചു പറയുമ്പോൾ ഹരിശ്രീ അശോകന്റെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തുന്ന ചിത്രം പഞ്ചാബിഹൗസാണ്. പിന്നെ സത്യം, ശിവം, സുന്ദരം… പഞ്ചാബിഹൗസിൽ ദിലീപും സത്യം ശീവം സുന്ദരത്തിൽ കുഞ്ചാക്കോ ബോബനുമായിരുന്നു നായകൻമാർ. ദിലീപിനൊപ്പം അദ്ദേഹം ഒന്നിച്ച് അഭിനയിച്ചത് മാനത്തെ വെള്ളിത്തേരിലാണ്.
ഒരുപിടി സിനിമകളിൽ ജഗതിയോടൊപ്പം അഭിനയിച്ചിട്ടുണ്ട് ഹരിശ്രീ അശോകൻ. ജഗതി ചേട്ടന്റെ അഭിനയം കണ്ടാൽ നമ്മൾ നോക്കി നിന്നു പോകും എന്നാണ് അദ്ദേഹം പറയുന്നത്. റിഹേഴ്‌സൽ ചെയ്യുന്നത് പോലെയല്ല ടേക്കെടുക്കുമ്പോൾ ജഗതി കാണിക്കുന്നത്. പലതും കയ്യിൽ നിന്നും എടുത്തങ്ങ് ചെയ്യും.
മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പമുള്ള അനുഭവം ഹരിശ്രീ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്:
മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായി അഭിനയിച്ചത് രാക്ഷസരാജാവിലാണ്. കുസൃതിയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണിത്. ഒരു സീനും പാട്ടും കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ട്. അതിൽ എനിക്ക് താടിയുണ്ട്. താടിയെടുക്കാൻ പറ്റില്ല. ആ സമയത്താണ് രാക്ഷസരാജാവിൽ എത്തുന്നത്. ചിത്രീകരണം ഉദയാ സ്റ്റുഡിയോയിലാണ്. ഞാൻ ചെയ്യുമ്പോൾ മമ്മൂക്ക മുറ്റത്ത് ഇരിപ്പുണ്ട്. മമ്മൂക്ക ഇരിക്കുന്നത് കണ്ടപ്പോഴേ എന്റെ കയ്യിൽ നിന്നും പോയി. ഞാൻ നടന്നു ചെല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റ് തൊഴുതതോടെ ഒന്നുംകൂടി എന്റെ കയ്യീന്നു പോയി. മമ്മൂക്ക പറഞ്ഞു, താടിയോ വടിക്കുന്നില്ല, മുടിയെങ്കിലും കുറച്ച് വെട്ടിക്കൂടേ. പൊലീസുകാരനാണ്. മുടി വെട്ടുന്നുണ്ട് മമ്മൂക്ക എന്ന് ഞാനും പറഞ്ഞു. ഇരിക്ക് എന്ന് മമ്മൂക്ക എന്നോട്. മമ്മൂക്ക ഇരിക്ക് എന്ന് ഞാനും. പക്ഷേ എന്നെ ഇരുത്തിയിട്ടേ മമ്മൂക്ക ഇരുന്നുള്ളൂ. ആ കൂടിക്കാഴ്ച ഇല്ലായിരുന്നെങ്കിൽ സിനിമ മൊത്തം എന്റെ കയ്യിൽ നിന്നും പോകുമായിരുന്നു. എാത് സിനിമ ചെയ്യുമ്പോഴും മമ്മൂക്ക ഉപദേശം തരും. അണ്ണൻ തമ്പി എന്ന സിനിമ ചെയ്യുകയാണ്. നീണ്ടൊരു ഡയലോഗ് പറയുമ്പോൾ രണ്ടു തവണ എനിക്ക് തെറ്റി. കാമറയ്ക്കു പുറകിൽ ലാപ് ടോപ്പ് നോക്കിയിരിക്കുന്ന മമ്മൂക്ക വിളിച്ചു. അശോകാ, ആ ഡയലോഗ് രണ്ടായി മുറിച്ചു പറയൂ. രണ്ടായി മുറിച്ചു പറഞ്ഞതോടെ ഡയലോഗ് ശരിയായി. അത്രയും ശ്രദ്ധയാണ് മമ്മൂക്കയ്ക്ക്. ലാലേട്ടനൊപ്പം ആദ്യം അഭിനയിച്ചത് ബാലേട്ടനിലാണ്. അദ്ദേഹത്തെ കാണുമ്പോൾ കൈകൂപ്പി, കാലിൽ തൊട്ടു നമസ്‌കരിക്കണം എന്നൊക്കെ മനസ്സിൽ കരുതിയാണ് പോയത്. പക്ഷേ എന്നെ കണ്ടതോടെ പുള്ളി ഷേക്ക്ഹാന്റ് തന്ന് കെട്ടിപ്പിടിച്ചു. അതോടെ ടെൻഷനെല്ലാം മാറി. ആൽത്തറയിൽ ഇരുന്ന് സംസാരിക്കുന്ന സീനിൽ അഭിനയിക്കുമ്പോൾ ലാലേട്ടൻ പറഞ്ഞു. ഞാൻ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ നീയും ചെയ്യണം. ഞാൻ മുണ്ടിന്റെ മടക്കിക്കുത്തഴിച്ചാൽ നീയും അഴിക്കണം. ഞാൻ മുണ്ട് മടക്കി കുത്തിയാൽ നീയും മടക്കി കുത്തണം. ഞാൻ ഷർട്ടിന്റെ കൈ ചുരുട്ടി വെച്ചാൽ, നീയും ചെയ്യണം. ലാലേട്ടൻ ചെയ്തതൊക്കെ ഞാനും ചെയ്തു. സ്‌ക്രീനിൽ കണ്ടപ്പോഴാണ് അതിന്റെ ഇംപാക്റ്റ് ശരിക്കും മനസ്സിലായത്.” ഇവരിൽ നിന്നൊക്കെ തനിക്ക് ധാരാളം പഠിക്കാൻ കഴിഞ്ഞെന്നും പറയുന്നു ഹരിശ്രീ അശോകൻ.