കമലദളത്തിന്റെ തിരക്കഥ മോഷ്ടിച്ചത്
1 min readസിബി മലയിലും ലോഹിതദാസും ചേര്‍ന്ന് രാജശില്‍പിയുടെ തിരക്കഥ മോഷ്ടിച്ചു; ചതിക്ക് മോഹന്‍ലാലും കൂട്ടുനിന്നു
നൃത്ത പ്രധാനമായ സിനിമയായിരുന്നു കമലദളം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാലിന് നര്‍ത്തകന്റെ വേഷമായിരുന്നു ചിത്രത്തില്‍. ഈ സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ ശാസ്ത്രീയ നൃത്തം പഠിച്ച കാര്യം സിബി മലയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍വതിയും മോനിഷയുമായിരുന്നു നായികമാര്‍. രണ്ടു പേരും വിദഗ്ധരായി നര്‍ത്തകര്‍. വിജയ ചിത്രങ്ങളില്‍ ഒന്നായാണ് കമലദളം എണ്ണപ്പെട്ടത്.
ഇപ്പോഴിതാ തന്റെ രാജശില്‍പി എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചാണ് കമലദളം ഒരുക്കിയതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എസ്.സുകുമാരന്‍. മോഹന്‍ലാല്‍ അറിഞ്ഞു കൊണ്ടാണ് ഈ ചതി നടന്നതെന്നും വെളിപ്പെടുത്തുന്നു അദ്ദേഹം. മാസ്റ്റര്‍ ബിന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ ഈ തുറന്നു പറച്ചില്‍.
രണ്ടു സിനിമകളിലേയും നായകന്‍ മോഹന്‍ലാലായിരുന്നു. നായകന്റെ രൂപഭാവങ്ങളും ഏറെക്കുറെ സമാനമായിരുന്നു ഇരു ചിത്രങ്ങളിലും. നീട്ടി വളര്‍ത്തിയ തലമുടിയുമായാണ് മോഹന്‍ലാല്‍ രണ്ടു സിനിമകളിലും അഭിനയിച്ചത്. ഒരു പെണ്ണിന്റെ ദുഃഖമാണ് രണ്ടു സിനിമകളിലെയും ഇതിവൃത്തം. ആദ്യം ചിത്രീകരണം തുടങ്ങിയ സിനിമ രാജശില്‍പിയാണെങ്കിലും റിലീസ് ചെയ്തത് കമലദളമായിരുന്നു.
കമലദളം തന്റെ സിനിമയായ രാജശില്‍പിയുടെ പരാജയത്തിനു കാരണമായെന്നാണ് സുകുമാരന്‍ പറയുന്നത്. രാജശില്പിയുടെ തിരക്കഥ കമലദളംകാര്‍ക്ക് വായിക്കാന്‍ കൊടുത്തു എന്നതാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധമെന്നും വെളിപ്പെടുത്തുകയാണ് അദ്ദേഹം.
രാജശില്‍പിക്കുവേണ്ടി മോഹന്‍ലാല്‍ മുടി നീട്ടി വളര്‍ത്തിക്കൊണ്ടിരുന്ന സമയത്താണ് കമലദളത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. രാജശില്‍പിയുടെ തിരക്കഥ സിബി മലയിലിന് വായിക്കാന്‍ കൊടുത്തിരുന്നു. അവര്‍ ആ ത്രെഡ് എടുത്തു. കയ്യടികള്‍ ആ ചിത്രം കൊണ്ടുപോയി. കമലദളം ഇല്ലായിരുന്നെങ്കില്‍ രാജശില്‍പി ഒരു പടികൂടി മുകളില്‍ പോകുമായിരുന്നു. എല്ലാവരും അത് പറഞ്ഞിട്ടുണ്ട്. ലാലേ അത് ശരിയായില്ലെന്ന് ഞാന്‍ ലാലിനോടും പറഞ്ഞു. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ മാറ്റര്‍ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പാടില്ലായിരുന്നു.
റിലീസിനു മുമ്പ് കമലദളത്തിന്റെ പ്രിവ്യു ഉണ്ടായിരുന്നു. ഞാനും മധു അമ്പാട്ടും പോയിരുന്നു. കണ്ട് അരമണിക്കൂര്‍ കഴിഞ്ഞതും ഞങ്ങള്‍ ഞെട്ടിപ്പോയി.
സാറേ, ഇനി എന്തിനാണ് നമ്മള്‍ ഈ പടം ചെയ്യുന്നതെന്ന് മധു അമ്പാട്ട് ചോദിച്ചു. ഞാന്‍ ലാലിനോട് പറഞ്ഞപ്പോള്‍ രണ്ടും രണ്ടാണ്, സാര്‍ ഒന്നു കൊണ്ടും വിഷമിക്കേണ്ട എന്നായിരുന്നു മറുപടി. ലാലും കൂടെ അറിഞ്ഞു കൊണ്ടായിരുന്നു ഈ കൊലച്ചതിയെന്നു പറഞ്ഞാല്‍ അങ്ങേയറ്റത്തേതായിപ്പോയി.
തൃശൂരില്‍ എല്ലാവരും തങ്ങുന്നൊരു കെട്ടിടമുണ്ടായിരുന്നു. അവിടെ വച്ച് ലോഹിതദാസ് ഞങ്ങളുടെ തിരക്കഥയെടുത്ത് വായിച്ചിരുന്നു. എന്നിട്ട് കൂടെക്കൂടെ വന്ന് എന്നോട് ഓരോ അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നു. പക്ഷേ അവസാനമാണ് മനസ്സിലായത് ചതിയായിരുന്നുവെന്ന്. പ്രിവ്യു പകുതി ആയപ്പോഴേക്കും ഞങ്ങള്‍ കരഞ്ഞു പോയി. അങ്ങനെയൊരു അവസ്ഥയായി. പിന്നീട് രാജശില്‍പി എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കി. രാജശില്‍പിയില്‍ ധാരാളം നൃത്ത രംഗങ്ങള്‍ ആലോചിച്ചിരുന്നു. എല്ലാം ഒഴിവാക്കി. അവസാന സീനിലൊക്കെ മാറ്റം വരുത്തി. ഇല്ലെങ്കില്‍ പറയുന്നത് നമ്മള്‍ മോഷ്ടിച്ചുവെന്നാകും. കാരണം ആദ്യം പുറത്തിറങ്ങിയത് കമലദളം ആണല്ലോ. അതിന്റെ സംവിധായകന്‍ ആണെങ്കില്‍ പ്രശസ്തനും. സുകുമാരന്‍ പറഞ്ഞു നിര്‍ത്തി.
ഉദയനാണ് താരം എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു സംവിധായകന്‍ പറഞ്ഞ ഈ അനുഭവം. ഉദയന്റെ തിരക്കഥ മോഷ്ടിച്ച് താരമായ സരോജ് കുമാറിന്റെ കഥയാണ് ചിത്രം പറയുന്നത്. ഉദയനായി മോഹന്‍ലാലും സരോജ് കുമാറായി ശ്രീനിവാസനും തകര്‍ത്തഭിനയിച്ചു.