കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വെങ്കടേശ്വരലുവിന്റെ നിയമനം ഹൈക്കോടതി ശരിവച്ചു
1 min read
കാസര്‍കോഡ്: കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എച്ച്.വെങ്കടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച കോ വാറന്റോ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്.
വൈസ് ചാന്‍സലറെ നിയമിക്കുന്നതിന് വിസിറ്ററായ രാഷ്ട്രപതിക്കുള്ള അധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തിയെന്നാരോപിച്ച് ഉത്തരാഖണ്ഡ് സ്വദേശി ഡോ.നവീന്‍ പ്രകാശ് നൗട്യാല്‍, ഡോ.ടി.എസ്.ഗിരീഷ് കുമാര്‍, ഡോ. വെങ്കടേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച കോ വാറന്റോ ഹര്‍ജികളാണ് തള്ളിയത്.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ അധികാര പരിധി നിശ്ചയിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് കേന്ദ്ര സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു കോടതിയെ അറിയിച്ചു. വിസിറ്ററായ രാഷ്ട്രപതിയെ നിയമന കാര്യത്തില്‍ സഹായിക്കുന്നത് മന്ത്രാലയത്തിന്റെ ചുമതലയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സെലക്ഷന്‍ കമ്മറ്റി നല്‍കിയ പാനലില്‍ നിന്ന് നിയമനം നടത്തുന്നത് വിസിറ്റര്‍ എന്ന നിലയില്‍ രാഷ്ട്രപതിയാണ്. കോടതിയുടെ നിര്‍ദ്ദേശപ്രകാരം നിയമനം സംബന്ധിച്ച ഫയലുകള്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഹാജരാക്കിയിരുന്നു. ഫയലുകള്‍ പരിശോധിച്ച ഡിവിഷന്‍ ബെഞ്ച് നിയമ വിരുദ്ധമായ ഒരു നടപടികളും ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തി. രാഷ്ട്രപതി വിസിറ്ററെന്ന നിലയില്‍ വിവേചനാധികാരം ഉപയോഗിച്ചത് സ്വതന്ത്രമായല്ല എന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട എച്ച്.വെങ്കടേശ്വരലുവിന് ആവശ്യമായ യോഗ്യതയുണ്ടെന്നതില്‍ തര്‍ക്കമില്ല. സര്‍വ്വകലാശാലാ നിയമങ്ങള്‍ നിയമന നടപടികളില്‍ പൂര്‍ണ്ണമായും പാലിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമനത്തില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ല എന്നു വിലയിരുത്തിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.