മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെ; സംസ്ഥാനത്ത് ഭരണസ്തംഭനം: കെ.സുരേന്ദ്രന്‍
1 min readകോഴിക്കോട്: വകുപ്പില്ലാ മന്ത്രിയെ പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ പനി മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ല. മരുന്ന് ക്ഷാമം രൂക്ഷമാണ്. ഇതെല്ലാം സര്‍ക്കാരിന്റെ പരാജയമാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ എവിടെയും കാണുന്നില്ല. മന്ത്രിമാരുടെ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല.
സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ആരും മറുപടി പറയുന്നില്ല. സംസ്ഥാന ഭരണത്തില്‍ നാഥനില്ലാതെയായിരിക്കുന്നു. ഭരണമാകെ കുത്തഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി എന്താണ് പൊതുപരിപാടികളില്‍ പങ്കെടുക്കുക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്തെങ്കിലും അസൗര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ പിണറായി തയ്യാറാവണം. സംസ്ഥാന ഭരണത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സിപിഎം നേതൃത്വം മുന്നിട്ടിറങ്ങണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.
മണിപ്പൂരിനെ കുറിച്ചൊക്കെ വേവലാതിപ്പെടുന്നവര്‍ സംസ്ഥാനത്ത് ക്രൈസ്തവപുരോഹിതന്‍മാരെ വേട്ടയാടുകയാണ്. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ മരിച്ചത് സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണ്. ഇതിനെതിരെ പ്രതിഷേധിച്ച വികാരി ജനറല്‍ ഫാദര്‍ യുജിന്‍ പെരേരക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പൊലീസ് പട്ടികളെ വാങ്ങിയതില്‍ പോലും ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സംസ്ഥാനത്തെ ഞെട്ടിച്ച പല അഴിമതികളും പുറത്തുവന്നെങ്കിലും ഇതിനെ കുറിച്ചൊന്നും ഒരു അന്വേഷണവും നടക്കുന്നില്ല. പ്രതിപക്ഷ നേതാവിനും കെ.സുധാകരനുമെതിരായ അന്വേഷണം എവിടെയുമെത്തിയില്ല. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളെല്ലാം അവസാനിപ്പിച്ച മട്ടിലാണ് പൊലീസ് പോവുന്നത്. വിഡി സതീശന്‍ വ്യാജ ഏറ്റുമുട്ടലാണ് മുഖ്യമന്ത്രിയുമായി നടത്തുന്നത്. ഭരണപ്രതിപക്ഷങ്ങള്‍ പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പൊതുനിയമത്തിനെതിരായ നീക്കം മല എലിയെ പ്രസവിച്ച പോലെയാവും. മതന്യൂനപക്ഷങ്ങളിലെ ഭൂരിഭാഗം പേരും ഇതിനെ എതിര്‍ക്കാന്‍ തയ്യാറാവില്ല. കേരളത്തിലെ വോട്ട് ബാങ്കില്‍ ലക്ഷ്യംവെച്ചുള്ള വൃഥാ പരിശ്രമം മാത്രമാണിതെന്ന് കോണ്‍ഗ്രസും സിപിഎമ്മും തിരിച്ചറിയണം. യുസിസിയെ എതിര്‍ക്കുന്നവരൊക്കെ ഇപ്പോള്‍ ഒരു സ്റ്റെപ്പ് പിറകോട്ട് പോയിരിക്കുകയാണ്.
സിപിഎമ്മിന്റെ പക്ഷത്തുള്ള എംഎല്‍എ ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് മിച്ച ഭൂമി പിടിച്ചെടുത്തത് ഉടന്‍ തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. മാഫിയകളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മെട്രോമാന്‍ പറഞ്ഞ വഴി തന്നെയാണ് സില്‍വര്‍ലൈനിനുള്ള ബദല്‍. പരിസ്ഥിതിക്ക് കോട്ടമില്ലാതെ, അഴിമതിയില്ലാതെ, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത ബദല്‍ പദ്ധതിയെ ആര്‍ക്കും എതിര്‍ക്കാനാവില്ല.
കൈവെട്ട് കേസില്‍ അന്നത്തെ ഇടത്‌വലത് മുന്നണികള്‍ എടുത്ത സമീപനം തെറ്റായിരുന്നു. ഈ വിധിയിലൂടെ പ്രതികള്‍ നടത്തിയത് തീവ്രവാദ പ്രവര്‍ത്തനങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വോട്ട്ബാങ്കിന് വേണ്ടി മതഭീകരവാദികളോട് സന്ധി ചെയ്തതിന്റെ ദുരന്തമാണ് ഇതെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷന്‍ വികെ സജീവന്‍ എന്നിവരും സംബന്ധിച്ചു.