പശ്ചാത്തല മേഖല കുതിച്ചത് ബി.ജെ.പി കാലത്ത്
1 min readരാജ്യത്ത് പശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ വികസിച്ചത് ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച വൈറ്റ് പേപ്പര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ ഉണ്ടായിരുന്ന പശ്ചാത്തല സൗകര്യങ്ങളുടെ ഇരട്ടിയാണ് പല മേഖലയിലും ബി.ജെ.പി സര്‍ക്കാര്‍ കേവലം 9 വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്തത്. 1947ല്‍ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പും അതിന് ശേഷം 75 വര്‍ഷം കൊണ്ടും ഉണ്ടായ വികസനത്തിന്റെ ഇരട്ടിയാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കേവലം 9 വര്ഷംകൊണ്ടുണ്ടാക്കിയത്. യു.പി.എ സര്‍ക്കാര്‍ അധികാരം വിട്ട ശേഷം 2015ലെ കണക്കുപ്രകാരം രാജ്യത്ത് 97,830 കിലോ മീറ്റര്‍ ദേശീയ പാതയാണുണ്ടായിരുന്നത്. ഒമ്പത് വര്‍ഷം കഴിയുമ്പോള്‍ അത് 1,45,240 കിലോ മീറ്റര്‍ ആയി ഉയര്‍ന്നു. 2015ല്‍ രാജ്യത്തെ കാര്‍ഗോ ട്രാഫിക് 581 ദശലക്ഷം ടണ്‍ ആയിരുന്നു. എട്ട് വര്‍ഷം കൊണ്ട് 784 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു. 2015 വരെ രാജ്യത്ത് 22,224 കിലോ മീറ്റര്‍ വൈദ്യൂതീകരിച്ച റെയില്‍ വേ ലൈനുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ആവുമ്പോഴേക്കും അത് 50,394 കിലോ മീറ്റര്‍ ആയി. 2015 വരെ രാജ്യത്ത് 74 എയര്‍പോര്‍ട്ടുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2023 ആവുമ്പോഴേക്കും രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി ഉയര്‍ന്നു.