ആദിവാസി പെണ്‍കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് അധ്യാപകന്, അഴുക്കെന്ന് കാരണം; ഒടുവില്‍ സസ്പെന്ഷന്
1 min read
മധ്യപ്രദേശ് : ആദിവാസി പെണ്‍കുട്ടിയെ കൊണ്ട് ‘അഴുക്ക് വസ്ത്രം’ അഴിപ്പിച്ച അധ്യാപകന് സസ്പെന്ഷന്. ക്ലാസിലെ കുട്ടികള്‍ മുഴുവന്‍ നോക്കി നില്‍ക്കെയാണ് പെണ്‍കുട്ടിയുടെ വസ്ത്രം അഴുക്കുള്ളതാണെന്ന് പറഞ്ഞ് അധ്യാപകന് വസ്ത്രം ഊരിപ്പിച്ചിത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുക കൂടി ചെയ്തതോടെയാണ് അധ്യാപകനെ സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്. മധ്യപ്രദേശിലെ സഹ്ദോല്‍ ജില്ലയിലാണ് സംഭവം.
അഞ്ചാം ക്ലാസുകാരി തന്റെ മേല്‍വസ്ത്രം ഊരി അടിവസ്ത്രം ധരിച്ച് നില്ക്കാന് നിര്‍ബന്ധിതയാകുകയായിരുന്നു. 10 വയസ്സാണ് കുട്ടിക്ക്. തുടര്‍ന്ന് ഷര്‍വാന്‍ കുമാര്‍ ത്രിപാതി കുട്ടിയുടെ വസ്ത്രം കഴുകുകയും മറ്റ് കുട്ടികള്‍ ചുറ്റും നില്‍ക്കുകയുമായിരുന്നു. രണ്ട് മണിക്കൂറോളമാണ് അടി വസ്ത്രം ധരിച്ച് പെണ്‍കുട്ടി അവിടെ ഇരുന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ അവകാശപ്പെട്ടു. ട്രൈബല്‍ അഫയേഴ്സ് ഡിപാര്‍ട്ട്മെന്റിന്റെ കീഴിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ അധ്യാപകനാണ് ഇയാള്‍.
സംഭവത്തിന് ശേഷം ത്രിപാതിയെ സ്വച്ഛതാ മിത്ര (വൃത്തിയാക്കുന്നയാള്‍) എന്ന വിശേഷിപ്പിച്ചുകൊണ്ട് ഈ ചിത്രം വാട്സാപ്പില്‍ പങ്കുവച്ചുവെന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ചിത്രത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ത്രിപാതിയെ സസ്പെന്റ് ചെയ്തുവെന്ന് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ആനന്ദ് മിശ്ര പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.