കെഎസ്ഐഡിസി ഭരിക്കുന്നവർക്ക് തട്ടിപ്പ് നടത്താനുള്ള സംവിധാനം: കെ.സുരേന്ദ്രൻ
1 min readചെങ്ങന്നൂർ: കെഎസ്ഐഡിസി ഭരിക്കുന്നവർക്ക് തട്ടിപ്പ് നടത്താനുള്ള സംവിധാനമായി മാറിയെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. കേരള പദയാത്രയോട് അനുബന്ധിച്ച് ചെങ്ങന്നൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസ്ഐഡിസിയെ മുന്നിൽ നിർത്തിയാണ് യുഡിഎഫും എൽഡിഎഫും കേരളത്തിൽ കൊള്ളകൾ നടക്കുന്നത്. യുഡിഎഫ് ഭരിക്കുമ്പോൾ കുഞ്ഞാലിക്കുട്ടിയും എൽഡിഎഫ് ഭരിക്കുമ്പോൾ എളമരം കരീം ഉൾപ്പെടെയുള്ളവരും കെഎസ്ഐഡിസിയെ ഉപയോഗിച്ചു. മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പോയ കെഎസ്ഐഡിസിക്ക് മുഖത്തേറ്റ പ്രഹരമാണ് കോടതിയുടെ നിലപാട്. നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി എന്തെങ്കിലും ഒളിക്കാനുണ്ടോയെന്നും ചോദിച്ചു. ഒളിക്കാനില്ലെങ്കിൽ പിന്നെയെന്തിനാണ് പേടിക്കുന്നതെന്ന കോടതിയുടെ ചോദ്യം തന്നെയാണ് കേരളത്തിലെ ജനങ്ങൾക്കുമുള്ളത്. മുഖ്യമന്ത്രിയുടെയും മകളുടേയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിനുള്ള തിരിച്ചടിയാണിത്. 25 ലക്ഷം രൂപ ഖജനാവിൽ നിന്നെടുത്ത് വീണാ വിജയനെ രക്ഷിക്കാൻ വക്കീലിനെ വെച്ച കെഎസ്ഐഡിസി ജനങ്ങളോട് മാപ്പ് പറയണം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. സതീശന് രാഷ്ട്രീയ ധാർമ്മികതയില്ല. എസി മൊയ്തീൻ്റെയും കെ.ബാബുവിൻ്റെയും സ്വത്തുക്കൾ ഇഡി കണ്ടു കെട്ടി. രണ്ട് മുന്നണിയും അഴിമതിയുടെ കാര്യത്തിൽ മത്സരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെ ദില്ലിയിൽ സമരം ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി. കേന്ദ്രസർക്കാർ കാര്യങ്ങൾ കൃത്യമായി സുപ്രീംകോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാവേലിക്കര ലോകസഭ ഇൻചാർജ് ഷാജി നായർ, ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എംവി ഗോപകുമാർ, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, മധ്യമേഖല സെക്രട്ടറി ബി.കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.