‘സ്വാസികയ്ക്കും മനംപോലെ മാംഗല്യം…’

1 min read

ബീച്ച് വെഡ്ഡിങ് ആഘോഷമാക്കി താരങ്ങള്‍!

സിനിമാസീരിയല്‍ താരം സ്വാസിക വിജയിയും സീരിയല്‍ നടന്‍ പ്രേം ജേക്കബും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയത്. വിവാഹ ചിത്രങ്ങള്‍ സ്വാസിക തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. ഞങ്ങള്‍ ഒരുമിച്ച് ജീവിതം നയിക്കാന്‍ തീരുമാനിച്ചു എന്ന് കുറിച്ചുകൊണ്ടായിരുന്നു വിവാഹ ചിത്രങ്ങള്‍ പങ്കിട്ടത്. നിരവധി താരങ്ങളാണ് സ്വാസികയ്ക്കും പ്രേമിനും ആശംസകള്‍ അറിയിച്ച് എത്തിയത്.

ചുവപ്പും ഗോള്‍ഡണ്‍ നിറവും കലര്‍ന്ന പട്ടുസാരിയും അതിനിണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞ് രാഞ്ജിയെപ്പോലെയായിരുന്നു സ്വാസികയുടെ വിവാഹ എന്‍ട്രി. ക്രീം നിറത്തിലുള്ള ഷേര്‍വാണിയായിരുന്നു പ്രേമിന്റെ വേഷം. ബീച്ച് വെഡ്ഡിങാണ് സ്വാസികയും പ്രേം ജേക്കബും തെരഞ്ഞെടുത്തത്. പ്രേം താലിയണിച്ച് സിന്ദൂരം തൊടുവിച്ചപ്പോള്‍ സന്തോഷം കൊണ്ട് സ്വാസിക കരയുന്നതും വൈറലായ വീഡിയോകളില്‍ കാണാം.

ബീച്ച് വെഡ്ഡിങിന് ശേഷം ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹസല്‍ക്കാരവും താരങ്ങള്‍ ഒരുക്കിയിരുന്നു. നടി മഞ്ജുപിള്ള, സരയു തുടങ്ങി നിരവധി സിനിമാ താരങ്ങളും ഒട്ടനവധി സീരിയല്‍ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനും ഇരുവര്‍ക്കും ആശംസകള്‍ നേരാനും എത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി സംഗീത് നൈറ്റും ഇരുവരും ഒരുക്കിയിരുന്നു. കുറച്ച് ദിവസം മുമ്പായിരുന്നു താനും പ്രേമും പ്രണയത്തിലാണെന്നും ജനുവരിയില്‍ വിവാഹമുണ്ടാകുമെന്നും സ്വാസികയുടെ വെളിപ്പെടുത്തല്‍. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്തത് താന്‍ ആണെന്ന് സ്വാസിക വ്യക്തമാക്കുകയായിരുന്നു. സീരിയില്‍ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സീരിയലില്‍ ഒന്നിച്ചഭിനയിച്ചിരുന്നു.

ഒരിക്കല്‍ ഒരു റൊമാന്റിക്ക് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സാസ്വിക ചോദിച്ചത്. മനംപോലെ മംഗല്യം എന്ന സീരിയലിലൂടെയാണ് ഇവര്‍ ഒരുമിച്ചത്. പ്രണയം പരസ്യപ്പെടുത്തുന്നതിന് മുമ്പും പലതവണ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സ്വാസികയും പ്രേമും പങ്കുവെച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ വിവാഹവാര്‍ത്ത സത്യമാണോ കള്ളമാണോ എന്ന് ആശങ്കയിലായിരുന്നു തുടക്കത്തില്‍ ആരാധകര്‍. ബിസിനസിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് സ്വാസികയുടെ വരന്‍ പ്രേം ജേക്കബ്.

കുടുംബത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും പ്രേം ജോക്കബ് തുറന്നു പറഞ്ഞു.
‘എനിക്കൊരു ബിസിനസുണ്ട്. തൈക്കാടാണ് ഷോപ്പ് ഉള്ളത്. ബിസിനസാണ് മെയിനെന്ന് പറയാം കൂട്ടത്തില്‍ അഭിനയവും. ബിസിനസ് അത്യാവശ്യം നന്നായി പോകുന്നുണ്ട്. കടയിലെ എല്ലാ ജോലിയും ഞാന്‍ ചെയ്യാറുണ്ട്. കടയിലിരിക്കുമ്പോള്‍ ആളുകള്‍ വന്ന് സീരിയല്‍ അഭിനയിക്കുന്ന ആളല്ലേയെന്ന് ചോദിക്കും. ആളുകള്‍ എന്നെ ഞാന്‍ ചെയ്ത സീരിയല്‍ കഥാപാത്രങ്ങളുടെ പേരിലാണ് കൂടുതല്‍ വിളിക്കുന്നത്. വീട്ടില്‍ അച്ഛനും അമ്മയും ചേട്ടനുമാണുള്ളത്. ചേട്ടനും അഭിനയരംഗത്ത് തന്നെയാണ്. ചേട്ടന്റെ പേര് ശ്യാം ജേക്കബ് എന്നാണ്. മഴവില്‍ മനോരമയിലെ എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയലിലെ വിനീത് എന്ന കഥാപാത്രം ചെയ്തത് ചേട്ടനാണ്.’
‘എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെയാണ്. ചേട്ടന്‍ സിനിമയെന്ന് പറഞ്ഞ് കുറെ വര്‍ഷങ്ങളായി നടന്ന ഒരാളാണ്. ചേട്ടനെ കണ്ടാണ് ഞാന്‍ അഭിനയത്തിലേക്ക് എത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചെറിയ ചെറിയ വേഷങ്ങളില്‍ ചേട്ടന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്’. പ്രേം പറഞ്ഞു.

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010ല്‍ റിലീസ് ചെയ്ത ഫിഡിലാണ് നടിയുടെ ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിലെ നടിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തിരുന്നു സ്വാസിക. വിവേകാനന്ദന്‍ വൈറലാണെന്ന സിനിമയാണ് സ്വാസികയുടെ ഏറ്റവും പുതിയ റിലീസ്.

Related posts:

Leave a Reply

Your email address will not be published.