ഓടുന്ന ട്രെയിനില്‍ വാളുമായി അഭ്യാസ പ്രകടനം നടത്തി വിദ്യാര്‍ത്ഥികള്‍, പൊലീസ് പിടിയില്‍

1 min read

ചെന്നൈ: മൂര്‍ച്ചയേറിയ ആയുധങ്ങളുമായി ട്രെയിനില്‍ അഭ്യാസ പ്രകടനം നടത്തിയ മൂന്ന യുവാക്കളെ പൊലീസ് പിടികൂടി. അഭ്യാസം ക്യാമറയില്‍ കുടുങ്ങിയതോടയാണ് മൂന്ന് പേരെയും പൊലീസ് പിടികൂടിയത്. ചെന്നൈയിലെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) ചൊവ്വാഴ്ച ട്വിറ്ററില്‍ അറിയിച്ചു. ഓടുന്ന ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ വാളുമായി മൂന്ന് പേര്‍ തൂങ്ങിക്കിടക്കുന്ന വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പ് വൈറലായിരുന്നു. ഗുമ്മിഡിപൂണ്ടി സ്വദേശികളായ അന്‍ബരസു, രവിചന്ദ്രന്‍, പൊന്നേരി സ്വദേശി അരുള്‍ എന്നിവരെയാണ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. ഇവരെല്ലാം പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികളാണെന്ന് ഡിആര്‍എം അറിയിച്ചു.

മൂന്ന് വിദ്യാര്‍ത്ഥികള്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ നിലത്ത് വലിച്ചിഴച്ച് മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ കോച്ചില്‍ ഇവര്‍ വാളുകൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ട്വീറ്റില്‍ ട്രെയിനുകളിലോ റെയില്‍വേ പരിസരങ്ങളിലോ ഇത്തരം അപകടകരമായ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് ഡിആര്‍എം പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ പരാതിപ്പെടാന്‍ മുന്നോട്ട് വരണമന്നും ട്വീറ്റില്‍ ഡിആര്‍എം ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അടുത്ത കാലത്തായി, മോശമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കേണ്ട നിരവധി സംഭവങ്ങള്‍ ട്രെയിനുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ആദ്യം, മുംബൈ ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ സഹയാത്രികര്‍ തമ്മില്‍ നടന്ന കൂട്ടത്തല്ല് വിവാദമായിരുന്നു. താനെപന്‍വേല്‍ ലോക്കല്‍ ട്രെയിനില്‍ സ്ത്രീകള്‍ പരസ്പരം ഏറ്റുമുട്ടുന്ന വീഡിയോ വൈറലായിരുന്നു

തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാന്‍ ശ്രമിച്ച ഒരു പോലീസുകാരിക്കും ആക്രമണത്തില്‍ പരിക്കേറ്റു. പൊലീസുകാരി ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വാശി ജിആര്‍പി അന്വേഷണം നടത്തി വരികയാണെന്നും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.