സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് തെറിച്ചുവീണ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
1 min readമലപ്പുറം: കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
കല്‍പകഞ്ചേരി ജി വി എച്ച് എസ് സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ അഭിഷേക് സ്‌കൂള്‍ കഴിഞ്ഞ് വന്ന ശേഷം കളിക്കാന്‍ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാന്‍പടി ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം തിരൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: വിജയലക്ഷ്മി. സഹോദരി : അക്ഷയ.
രണ്ട് ദിവസം മുന്‍പ് തിരുവനന്തപുരത്ത് മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചിരുന്നു. സെന്റ് സേവിയേഴ്‌സ് കോളേജിന് സമീപം അനശ്വരയില്‍ കാര്‍മല്‍ ഏണസ്റ്റ് എന്ന അറുപത്തിയഞ്ചുകാരിയാണ്‌സെന്റ് സേവിയേഴ്‌സ് കോളേജിന്റെ മതിലിടിഞ്ഞു വീണ് മരിച്ചത്. വീടിനു പുറകിലെ അടുപ്പില്‍ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വീട്ടമ്മ.മഴയില്‍ കുതിര്‍ന്നിരുന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകര്‍ന്നു വീണത്.
കോഴിക്കോട് താമരശ്ശേരിയില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടിരുന്നു.താമരശ്ശേരി എടവണ്ണ സംസ്ഥാന പാതയില്‍ താമരശ്ശേരിക്ക് സമീപം കുടുക്കില്‍ ഉമ്മരത്താണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു. കാഞ്ഞിരപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. കാറില്‍ ഉണ്ടായിരുന്ന മനീഷ്, ജോഷി എന്നിവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.