സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമവേട്ട അവസാനിപ്പിക്കണം: കെ.സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കേരളത്തില്‍ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഭരണപക്ഷത്തെ ഒരു എംഎല്‍എ പരസ്യമായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്നതാണ്. തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തെ ചൈനയാക്കി മാറ്റാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ചൈനയിലേതിന് സമാനമായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണനെതിരെ സിപിഎം സൈബര്‍ ഗുണ്ടകള്‍ വധഭീഷണി മുഴക്കിയിരിക്കുകയാണ്. പിവി അന്‍വര്‍ എംഎല്‍എ നേരിട്ടാണ് സൈബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ എന്ന പേരില്‍ സംസ്ഥാനത്തെ മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് പിവി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. അന്‍വറിന്റെ അനധികൃത റിസോര്‍ട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയതാണ് ഈ വെറുപ്പിന് കാരണമെന്ന് വ്യക്തമാണ്. കള്ളപ്പണക്കാരും മാഫിയകളുമാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്ന് ഓരോ ദിവസം കഴിയുംതോറും വ്യക്തമായി കൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.