ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: സ്വിഫ്റ്റ് ഡിസയര്‍ കാറുകളുടെ വിവരങ്ങള്‍ തേടി പൊലീസ്
1 min readകൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സ്വിഫ്റ്റ് ഡിസയര്‍ കാറുകളുടെ വിവരങ്ങള്‍ തേടി പൊലീസ്. മോട്ടോര്‍ വാഹന വകുപ്പിനോടും മാരുതി സുസുക്കി കമ്പനിയോടുമാണ് കാറുകളെക്കുറിച്ചുള്ള വിവരം തേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 ശേഷം രജിസ്റ്റര്‍ ചെയ്ത കാറുകളുടെ വിശദാംശങ്ങളാണ് പൊലീസ് തേടുന്നത്.
നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകല്‍ നടന്നിട്ട് നാല് ദിവസമായി. ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ഇന്നലെ ചാത്തന്നൂരില്‍ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ക്ക് അപ്പുറം സംഭവ ശേഷമുള്ള മറ്റൊരു ദൃശ്യവും പൊലീസിന് കിട്ടിയിട്ടില്ല. ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ തുടര്‍ച്ചയായ ദൃശ്യങ്ങള്‍ കിട്ടുന്നില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ, പാരിപ്പള്ളിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ ഓട്ടോയെ പറ്റിയും ഇതുവരെ ഒരു സൂചനയുമില്ല. പൊലീസ് പുറത്തുവിട്ട രേഖാചിത്രങ്ങളുമായി ബന്ധപ്പെട്ടും ഇതുവരെ വിവരമില്ല.