ഹരിപ്രസാദിന് ഷോകോസ് നോട്ടീസ് : കര്‍ണാടക കോണ്‍ഗ്രസില്‍ അടി തുടങ്ങി

1 min read

സിദ്ധരാമയ്യ കപടസോഷ്യലിസ്റ്റ് എന്ന് ബി.കെ.ഹരിപ്രസാദ്

മെയ് 10ന് അധികാരത്തില്‍ വന്ന കര്‍ണാടക കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങി. ആദ്യം മുഖ്യമന്ത്രിയാരാവണമെന്നതായിരുന്നു തര്‍ക്കത്തിന് കാരണം. സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിലായിരുന്നു പ്രധാന മത്സരം. ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കി അതൊന്നു പരിഹരിച്ചുകഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ വിമതര്‍ വാളോങ്ങുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ പരസ്യമായി വിമര്‍ശിച്ച നേതാവിന് പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും അച്ചടക്ക സമിതി മെമ്പര്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍ അറിയിച്ചു.

ആരാണ് ഈ നേതാവ്. ചില്ലറക്കാരനൊന്നുമല്ലെന്നറിയുമ്പോഴാണ് കര്‍ണാടകയിലെ കോണ്‍ഗ്രസിലെ തമ്മിലടിയുടെ ആഴം മനസ്സിലാവുക. ഷോകോസ് നോട്ടീസ് നല്‍കിയിരിക്കുന്നത് എ.ഐ.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവും പല തവണ പാര്‍ലമെന്റ് അംഗവുമായ ബി.കെ.ഹരിപ്രസാദിനാണ്. ആഗസ്ത് 20ന് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോള്‍ ഹരിപ്രസാദും അതിലെ ക്ഷണിക്കപ്പെട്ട അംഗമാണ്. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നയാളാണ് ഹരിപ്രസാദ്. പലപ്പോഴും കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിനായി എത്തുകയും ചെയ്തിട്ടുണ്ട്.

ഞായറാഴ്ച്ച ബാംഗ്ലൂരില്‍ നടന്ന പിന്നാക്ക വിഭാഗ കണ്‍വെന്‍ഷനിലാണ് ഹരിപ്രസാദ് മുഖ്യമന്ത്രിക്കെതിരെ വാളോങ്ങിയത്. 70 ലക്ഷം രൂപയുടെ ഹബ്ലോട്ട് ആഡംബര വാച്ച് ധരിച്ചു നടക്കുന്ന, പാന്‍സിന് മുകളില്‍ മുണ്ടുടുക്കുന്ന ആളെങ്ങിനെ സോഷ്യലിസ്റ്റ് ആവും എന്നു ചോദിച്ചാണ് അദ്ദേഹം മുഖ്യമന്ത്രി സിദ്ധരാമയ്യയെ കളിയാക്കിയത്. 2016ല്‍ 70 ലക്ഷം രൂപ വിലയുള്ള ഹബ്ലോട്ട് ആഡംബര വാച്ച് സിദ്ധരാമയ്യയുടെ കയ്യിലുണ്ടായത് വിവാദമായിരുന്നു. ഗള്‍ഫിലെ ഒരു ഡോക്ടര്‍ സമ്മാനിച്ചതെന്നായിരുന്നു വിശദീകരണം. വിവാദമായതോടെ അദ്ദേഹം അത് സ്പീക്കര്‍ തിമ്മപ്പയ്ക്ക് കൈമാറി അത് സര്‍ക്കാര്‍ സ്വത്താക്കി മാറ്റി. തിമ്മപ്പ് സോഷ്യലിസ്റ്റ് ആണെന്നും സിദ്ധരാമയ്യ അല്ലെന്നുമായിരുന്നു ഹരിപ്രസാദിന്റെ ഒളിയമ്പ്.

ദേവരാജ് അര്‍സ് ഉപയോഗിച്ചിരുന്ന കാറില്‍ കയറിയാല്‍ അര്‍സ് ആകുമോ എന്ന് ചോദിച്ചു. സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു ദേവരാജ് അര്‍സ്. അദ്ദേഹത്തിന്റെ 108ാം ജന്മവാര്‍ഷിക ദിന സമ്മേളനത്തില്‍ പങ്കെടുത്ത സിദ്ധരാമയ്യ അര്‍സിന്റെ പ്രതിമയില്‍ മാല ചാര്‍ത്തപകയും അദ്ദേഹത്തിന്റെ പഴയ കാറില്‍ കയറുകയും ചെയ്തിരുന്നു. സ്വയം സോഷ്യലിസ്റ്റ് എന്നു പറയുന്ന സിദ്ധരാമയ്യ കപട സോഷ്യലിസ്റ്റ് ആണെന്നായിരുന്നു സിദ്ധരാമയ്യയുടെ പേര് പറയാതെയുള്ള ഹരിപ്രസാദിന്റെ വിമര്‍ശനം.

ഇക്കാര്യത്തില്‍ സിദ്ധരാമയ്യയുടെ പ്രതികരണം ആരാഞ്ഞപ്പോള്‍ അത് പൊതുവായ വിമര്‍ശനമല്ലെ. തന്റെ പേര് പറഞ്ഞില്ലല്ലോ എന്നായിരുന്ന സിദ്ധരാമയ്യ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് എ.ഐ.സി.സി ഹരിപ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ബി.ജെ.പി നേതാവ് കോട്ട ശ്രീനിവാസ പൂജാരിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജോഗി രമേശും തമിഴ് നാട്ടില്‍ നിന്നുളള എഡിഗ സമൂദായ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദളിത് നേതാവും ആഭ്യന്തര മന്ത്രിയും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ ജി.പരമേശ്വരയെ മുഖ്യമന്ത്രിയാക്കാത്തതിനെയും ഗിരിവര്‍ഗ നേതാവ് സതീഷ് ജാര്‍ക്കോളിയെ ഉപമുഖ്യമന്ത്രിയാക്കാത്തതിനെയും നേരത്തെ ഹരിപ്രസാദ് വിമര്‍ശിച്ചിരുന്നു. എങ്ങനെയാണ് മുഖ്യമന്ത്രിയെ പുറത്താക്കേണ്ടതെന്ന് തനിക്കറിയാമെന്നും നേരത്തെ ഹരിപ്രസാദ് പറഞ്ഞിരുന്നു. തനിക്ക് കത്ത് കിട്ടിയാല്‍ അതിന് മറുപടി നല്‍കുമെന്നും ഹരിപ്രസാദ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.