ഷംസീര്‍ ഹിന്ദുവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം: കെ.സുരേന്ദ്രന്‍
1 min readതിരുവനന്തപുരം: ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവന ഷംസീര്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപി ഉന്നയിച്ച ആവശ്യം സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന മറ്റ് സംഘടനകളും ഏറ്റെടുത്തിരിക്കുകയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ശബരിമല പ്രക്ഷോഭകാലത്തേതിന് സമാനമായ എതിര്‍പ്പാണ് ഷംസീറും സിപിഎമ്മും നേരിടുന്നത്. എഎന്‍ ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കി കേരളത്തില്‍ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുസ്ലിം വിഭാഗത്തിന്റെ പിന്തുണ ലഭിക്കാനാണ് സിപിഎം ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്. മുസ്ലിം സമുദായത്തിലെ ആചാരങ്ങളെ പരസ്യമായി പിന്തുണച്ച് സംസാരിക്കുന്ന ഷംസീര്‍ ഹിന്ദുക്കളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല. പരമത നിന്ദയാണ് ഷംസീര്‍ നടത്തിയത്. കോടാനുകോടി ജനങ്ങളുടെ വിശ്വാസമാണ് ഗണപതി. അതിനെ മിത്തെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. സ്വന്തം മതത്തിനെ വിമര്‍ശിക്കാന്‍ ഷംസീര്‍ തയ്യാറാകുമോ? ഗണപതിയെ നിന്ദിക്കുകയും സ്വന്തം മതത്തെ പുകഴ്ത്തുകയും ചെയ്യുന്നത് മതനിരപേക്ഷ സമൂഹം അംഗീകരിക്കില്ല. എകെ ബാലന്‍ അല്ല ഹിന്ദുമതത്തിന്റെ അതോറിറ്റി. എവി ഗോവിന്ദന്‍ പരസ്യമായി ഷംസീറിനെ പിന്തുണയ്ക്കുകയാണ്. തുടര്‍ച്ചയായി ഹിന്ദുക്കളെ ആക്ഷേപിച്ച് വോട്ട് നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഇരട്ടത്താപ്പാണ് നടത്തുന്നത്. മുസ്ലിംലീഗിനെയും ജമാഅത്തെ ഇസ്ലാമിയേയും ഭയപ്പെട്ടിട്ടാണോ കോണ്‍ഗ്രസ് ശക്തമായ ഒരു നിലപാട് എടുക്കാത്തത്? ഷംസീര്‍ അദ്ധ്യക്ഷനാവുന്ന നിയമസഭയില്‍ എന്താകും കോണ്‍ഗ്രസിന്റെ നിലപാട്? ഹിന്ദു എന്നാല്‍ ആര്‍ക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല. നിയമസഭയ്ക്ക് പുറത്ത് സ്പീക്കര്‍ക്കെതിരെ ബിജെപി ശക്തമായ സമരം നടത്തും.
ശബരിമലയില്‍ തുല്ല്യതയ്ക്ക് വേണ്ടി രംഗത്ത് എത്തുകയും മുത്തലാക്കിലും പൊതു സിവില്‍ നിയമത്തിലും മൗനം പുലര്‍ത്തുകയും ചെയ്യുന്ന ആക്ടിവിസ്റ്റികളോട് പുച്ഛം മാത്രം. ഇടത് അനുകൂല വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ഇരട്ടത്താപ്പാണ്. എന്‍എസ്എസ്സിന്റെത് വിശ്വാസികളുടെ നിലപാടാണ്. വിശ്വാസ സംരക്ഷണ നിലപാടിനെ ബിജെപി പിന്തുണയ്ക്കും. നാമജപ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതില്‍ നേതാക്കളും അണികളും എന്നില്ല. വിശ്വാസികള്‍ക്ക് എല്ലാവര്‍ക്കും പങ്കെടുക്കാം. ആലുവയില്‍ അഞ്ചുവയസുകാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നിട്ട് മുഖ്യമന്ത്രി നാവനക്കിയിട്ടില്ല. ഹരിയാനയില്‍ ട്രെയിന്‍ സീറ്റിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഖജനാവിലെ 10 ലക്ഷം എടുത്ത് കൊടുത്ത മുഖ്യമന്ത്രി ഒരു ലക്ഷം രൂപയാണ് കൊച്ചുകുഞ്ഞിന് പ്രഖ്യാപിച്ചത്. ഇത്രയും ശിലാഹൃദയനായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല.
പിഎഫ്‌ഐ നിരോധനം നടന്നപ്പോള്‍ അവരോട് മൃദുസമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്‍ഐഎ ഗ്രീന്‍വാലി കണ്ടുകെട്ടിയത് സര്‍ക്കാരിനേറ്റ പ്രഹരമാണ്. മറ്റ് സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴും പിണറായി സര്‍ക്കാര്‍ അവരെ സംരക്ഷിക്കുകയാണ്. കേരള പൊലീസാണ് പിഎഫ്‌ഐയെ സഹായിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷും സംബന്ധിച്ചു.