വിളനിലത്തിനെതിരെ എസ്.എഫ്.ഐ നടത്തിയത് ആഭാസ സമരം – അഞ്ജു പാർവതി പ്രഭീഷ്

1 min read

കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ.ജെ.വി. വിളനിലത്തിനെതിരെ എസ്.എഫ്.ഐ നടത്തിയത് ആഭാസസമരമായിരുന്നുവെന്ന് വ്യക്തമാക്കി എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥി സംഘടനയുടെ പൊള്ളത്തരവും ഇരട്ടത്താപ്പും തുറന്നു കാട്ടുകയാണ് അഞ്ജു പാർവതി പ്രഭീഷ്. തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ്‌ ഡോ.ജെ.വി. വിളനിലം എന്ന ധിഷണാശാലിയെക്കുറിച്ചും സമരത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ചും അഞ്ജു പാർവതി വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം വ്യാജമായിരുന്നു എന്ന ആരോപണം ശരിയല്ല. സമരത്തിന്റെ യഥാർത്ഥ കാരണം ഈ പ്രബന്ധവുമല്ല. സർവകാശാലയുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കമെന്ന് അവർ വ്യക്തമാക്കുന്നു. എ.കെ.ജി. സെന്റർ പ്രവർത്തിക്കുന്നത് സർവകലാശാലയുടെ ഭൂമിയിലാണ്. ഈ ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിച്ചതോടെയാണ് സി.പി.ഐ.(എം) ഉം എസ്.എഫ്.ഐ.യും അദ്ദേഹത്തിനെതിരെ തിരിയുന്നത്. നാലു വർഷം നീണ്ട ഈ സമരം ജനജീവിതം ദുരിതപൂർണമാക്കി, തിരുവനന്തപുരത്തെ ഭീതിയിലാഴ്ത്തി. എന്നിട്ടെന്തുനേടി? നാണം കെട്ട് പിൻമാറേണ്ടി വന്നു. യുവജന കമ്മീഷൻ അധ്യക്ഷയായ ചിന്താജറോം ചങ്ങമ്പുഴയുടെ വാഴക്കുല എടുത്ത് വൈലോപ്പിള്ളിക്ക് കൊടുത്ത വിവരം പുറത്തായതോടെയാണ് എസ്.എഫ്.ഐ.യുടെ പഴയ സമരചരിത്രവും അവർ നേടിയെടുക്കുന്ന ഡോക്ടറേറ്റുകളും ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. അഞ്ജു പാർവതി പ്രഭീഷിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.

“എസ് .എഫ്.ഐ എന്ന സംഘടനയിൽ പ്രവർത്തിച്ചുവെന്നതിന്റെ ഒറ്റ പ്രിവിലേജിൽ അന്തവും കുന്തവുമില്ലാത്ത മൊയന്തുകൾ പിൻവാതിൽ വഴി സമ്പാദിച്ച ഡോക്ടർ ഓഫ് ഫിലോസഫി എടുത്ത്‌ പേരിനൊപ്പം ചേർത്ത് മരവാഴകളായി വിലസുന്ന പ്രബുദ്ധ കേരളത്തിന്‌ ഡോ.ജെ.വി.വിളനിലം എന്നപേര് ഉച്ചരിക്കാനുള്ള യോഗ്യതയില്ല. ജോൺ വർഗ്ഗീസ് വിളനിലം എന്ന കേരളത്തിലെ എക്കാലത്തെയും മികച്ച വിദ്യാഭ്യാസ വിചക്ഷണന്റെ പി.എച്ച്.ഡി വ്യാജമാണെന്ന് ആരോപിച്ച് നാല് വർഷത്തോളം സമരം ചെയ്ത സംഘടനയാണ് എസ് .എഫ്.ഐ. തിരുവനന്തപുരം നഗരത്തെ വർഷങ്ങളോളം വിറപ്പിച്ച ആഭാസ സമരമായിരുന്നുവത്.

1992 ൽ കേരള സർവ്വകലാശാല വൈസ് ചാൻസലറായി ഡോ.ജെ.വി.വിളനിലം നിയമിതനായി. കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്ധ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം പഠന ഗവേഷണം നടത്തിയതിന്‌ ശേഷമാണ് അതേ സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഉയർന്നു വന്നത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഡി ലിറ്റ് ബിരുദം നേടിയ അദ്ദേഹം, യുഎസ്സിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡി ലിറ്റ് ബിരുദം നേടി. അദ്ദേഹത്തിന്റെു ഗവേഷണ പ്രബന്ധത്തിന് 1975 ലെ ജയിംസ് മാർഖം പുരസ്‌കാരം ലഭിച്ചിരുന്നു. ഇംഗ്ലണ്ടിലെ സസെക്സ് സർവകലാശാലയിൽ നിന്നും നേടിയ പിഎച്ച്ഡിയും സർവകലാശാലയിൽ നല്കിയ യോഗ്യതരേഖയുടെ കൂടെ അദ്ദേഹം സമർപ്പിച്ചിരുന്നു. ഈ ഗവേഷണ പ്രബന്ധം വ്യാജമാണെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ സമരം ആരംഭിച്ചത്.

എന്നാൽ, യഥാർത്ഥ പ്രശ്നം ഗവേഷണ പ്രബന്ധമായിരുന്നില്ല. മറിച്ച്, ജെ വി വിളനിലം കേരള സർവകലാശാല വൈസ് ചാൻസലറായിരിക്കുമ്പോഴാണ് സർവകലാശാലയുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കേരളാ യൂണിവേഴ്സിറ്റിയുടെ ഭൂമിയിലാണ് എകെജി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമി പിന്നീട് സർവകലാശാലയ്ക്ക് നൽകാൻ പാർട്ടി തയ്യാറായില്ല. എന്നാൽ, ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുമായി വിളനിലം മുന്നോട്ട്‌പോയി. ഇതോടെ സിപിഎമ്മും കേരളാ വൈസ് ചാൻസലറും തമ്മിൽ രണ്ട്‌ ചേരിയിലായി. ഇതോടെ വിളനിലത്തിനെതിരെ സിപിഎമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐ രംഗത്തെത്തി. നഗരത്തിലെ സമര ആഭാസങ്ങൾക്ക് കൂട്ടായി DYFI ചേർന്നതോടെ വർഷങ്ങളോളം ജനജീവിതം ദുരിതമായിരുന്നു.

വൈസ് ചാൻസലറെ സർവകലാശാല വളപ്പിൽ കേറ്റാതെ എസ്എഫ്‌ഐ വഴിയിൽ തടഞ്ഞു. തെരുവുകളിൽ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി. സർവകലാശാലയിലേക്ക്‌ പോകാൻ പറ്റാതായതോടെ ഡോ.ജെ.വി.വിളനിലം സ്വന്തം വീട്ടിൽ സർവകലാശാല സിൻഡിക്കേറ്റ്‌ യോഗം വിളിച്ച്‌ ചേർത്ത സംഭവം വരെയുണ്ടായി. തിരുവനന്തപുരത്ത് ഒരു ദിവസം മാത്രം 29 കെഎസ്ആർടിസി ബസ് ഉൾപ്പെടെ 37 വാഹനങ്ങളാണ് തകർത്തത്. സംസ്ഥാനത്തെ പല നഗരങ്ങളിലും ലാത്തിച്ചാർജ് നടന്നു. കടകൾക്കു നേരെ വ്യാപകമായി കല്ലേറു നടത്തിയതു മൂലം തിരുവനന്തപുരത്ത് കട തുറക്കാൻ വ്യാപാരികൾ ഭയപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ട് യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലാകുന്നതും പതിവായിരുന്നു.

എന്തിനോവേണ്ടി തിളച്ച സാമ്പാർപോലെ എന്തിനോ തുടങ്ങിയ സമരം നാണം കെട്ട് അവസാനിപ്പിക്കേണ്ടി വന്ന ഗതികേടും SFIക്ക് അവകാശപ്പെട്ടത്. അക്കാലത്തെ യുഡിഎഫ് സർക്കാർ വിളനിലത്തെ ആറ് മാസത്തേക്ക് മാറ്റി നിർത്തി ഡോ.ഡി.ബാബുപോളിനെ താത്കാലിക വി സി യായി നിയമിച്ചു. തുടർന്ന്‌ വിളനിലത്തിന്റെ പിഎച്ച്ഡി വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണ കമ്മീഷനെയും നിയമിച്ചു. സർക്കാർ നിയോഗിച്ച കമ്മീഷൻ ഡോ.വിളനിലത്തിന് ആവശ്യമായതിലും അധികയോഗൃതയും പിഎച്ച്ഡി വിദ്യാഭ്യാസയോഗ്യത മികച്ചതാണെന്നും കണ്ടെത്തിയതോടെ നാണം കെട്ട് സമരം അവസാനിപ്പിക്കുകയായിരുന്നു SFI. പിന്നീട്, വിസിയായി തിരിച്ചെത്തിയ ഡോ.ജെ.വി. വിളനിലത്തെ അതെ, എകെജി സെന്ററിൽ വച്ച് മുൻ മുഖ്യമന്ത്രി ഇഎംഎസ് ആദരിക്കുകയും ചെയ്തു.

ഇടതുപക്ഷത്തിനൊപ്പം നടന്നതിന്റെ പേരിൽ മാത്രം കണ്ട അണ്ടനും അടകോടനും ഒക്കെ കോപ്പിയടിച്ച് ഡിഗ്രിയും മാസ്റ്റേഴ്സും നേടി, ഇടതുപക്ഷക്കാരായ ഗൈഡിനെ തപ്പിയെടുത്ത് ഗവേഷണമെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി ആനമണ്ടത്തരങ്ങൾ എഴുതി വച്ച് പുഷ്പം പോലെ Ph.D നേടി പേരിനൊപ്പം ഡോ.വാഴക്കുല എന്നൊക്കെ ചേർത്ത് ഞെളിഞ്ഞു നടക്കുന്നത് കണ്ട് യശ:ശരീരനായ ശ്രീ.വിളനിലം അങ്ങകലെയിരുന്ന് ചിരിക്കുന്നുണ്ടാവും. ആവശ്യമായതിലും അധികയോഗ്യതയും ലോകത്തിലെ തന്നെ reputed ആയ സർവ്വകലാശാലയിൽ നിന്നും Ph.Dയും നേരായ മാർഗ്ഗത്തിൽ നേടിയതായിരുന്നുവല്ലോ ഈ വിദ്യാർത്ഥി സംഘടന ഇദ്ദേഹത്തിൽ കണ്ട തെറ്റ്”.

–അഞ്ജു പാർവതി പ്രഭീഷ്

Related posts:

Leave a Reply

Your email address will not be published.