അസാധാരണ രോഗം, സുമനസുകളുടെ കനിവ് തേടി സഹോദരങ്ങള്‍
1 min readചേര്‍ത്തല: അസാധാരണ രോഗം മൂലം ദുരിതം പേറുന്ന സഹോദരങ്ങള്‍ ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുന്നു. കണ്ണുകളില്‍ ഇരുള് മൂടുന്ന രോഗാവസ്ഥയുള്ള സഹോദരങ്ങളാണ് ചികിത്സാ സഹായം തേടുന്നത്. ചേര്‍ത്തല തൈക്കല്‍ കൊച്ചീക്കാരന് വീട്ടില്‍ ജോസഫിന്റെയും മിനിയുടെയും മക്കളായ റോയലും (12) റോബിനുമാണ് (10) കുഞ്ഞ് പ്രായത്തില്‍ അസുഖബാധിതരായി ജീവിതത്തിന്റെ നിറക്കാഴ്ചകള്‍ നഷ്ടമായത്.
ചേര്‍ത്തല ഹോളിഫാമിലി സ്കൂളിലെ ഏഴിലും നാലിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് റോയലും റോബിനും. അസാധാരണമായി കാണപ്പെടുന്ന മുകോപോളിസാക്കിറിഡോസിസ് എന്ന രോഗമാണ് ഇവരെ തീരാ ദുരിതത്തിലാക്കിയത്. അസ്ഥിക്കുള്ളിലെ മജ്ജകള് ഇല്ലാതാകുകയും കാഴ്ചശേഷി നഷ്ടപ്പെടുകയും കൈകാലുകള്‍ നിവര്‍ത്താന്‍ കഴിയാതെ വരുന്നതുമാണ് രോഗം. ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഒക്കെ ഇവര്‍ക്ക് മറ്റാളുകളുടെ സഹായം ആവശ്യമാണ്. അഞ്ച് വര്‍ഷം മുന്‍പാണ് കുട്ടികളില്‍ രോഗം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പ് റോബിന് ഇടതു കണ്ണിന് ശസ്ത്രക്രിയ നടത്തി. റോബിനും റോയലിനും കൈകള്‍ക്ക് ശസ്ത്രക്രിയയും നടത്തിയിരുന്നു.
റോയലിന് കണ്ണിന് മരുന്നു ചികിത്സയും ഇരുവര്‍ക്കും കണ്ണടയും നല്‍കിയെങ്കിലും ചികിത്സ പൂര്‍ണ്ണമായിട്ടില്ല. റോബിന്റെ വലത് കണ്ണിനു ഇനി വീണ്ടും ശസ്ത്രക്രിയ ചെയ്യണം. റോയലിന് രണ്ടു കണ്ണിനും ശസ്ത്രക്രിയ നടത്തണം. രണ്ടുപേരുടെയും കാലുകള്‍ വളയുന്നതിനും ശസ്ത്രക്രിയ നടത്തണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും ഇപ്പോള്‍ ചികിത്സ തേടുന്നത്. ഇരുവരുടെയും ചികിത്സകള്‍ക്കായി അഞ്ച് ലക്ഷം രൂപയോളമാണ് ആവശ്യമുള്ളത്. ജോസഫ് മത്സ്യത്തൊഴിലാളിയാണ്. മിനിയ്ക്ക് തൊണ്ടയില്‍ അര്‍ബുദവുമാണ്. പണിതീരാത്ത വീട്ടിലാണ് താമസം. ചികിത്സാ സഹായത്തിനായി റോബിന്റെയും മിനിയുടെയും പേരില്‍ അര്‍ത്തുങ്കല്‍ എസ്ബിഐ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 37077575885. ഐ എഫ് എസ് സി കോഡ്: SBIN0008593. ഫോണ്‍: 6282569313.