രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: കോടതിവിധി സ്വാഗതാർഹം: കെ.സുരേന്ദ്രൻ

1 min read

തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി ക്രൂരമായി കൊല ചെയ്ത കേസിലെ പ്രതികളായ 15 പോപ്പുലർ ഫ്രണ്ട് ഭീകരവാദികളും കുറ്റക്കാരാണെന്ന മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടെ വിധി സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭീകരവാദത്തിനും ഭീകരവാദികൾക്കും കിട്ടിയ ശക്തമായ തിരിച്ചടിയാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾക്ക് ഏറ്റവും ഉചിതമായ ശിക്ഷ തന്നെ കോടതി വിധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നതിനൊപ്പം പ്രമുഖരായ രാഷ്ട്രീയ-മതനേതാക്കളെയും വകവരുത്താൻ പരിശീലന ക്യാമ്പുകൾ നടത്തിയിരുന്നുവെന്നതിന് ഉദാഹരണമാണ് രൺജിത്തിന്റെ കൊലപാതകം. ഐഎസ് ഐഎസ് പോലെയുള്ള ഭീകരസംഘത്തിന്റെ മാതൃകയിലാണ് രൺജിത്തിനെയും പാലക്കാട്ടെ ശ്രീനിവാസനെയും പോപ്പുലർ ഫ്രണ്ടുകാർ വധിച്ചത്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചതുകൊണ്ട് മാത്രമാണ് കേരളത്തിൽ വലിയൊരു രക്തചൊരിച്ചിൽ ഒഴിവായത്. എന്നാൽ സംസ്ഥാന സർക്കാർ ഇവരോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. നിരോധനത്തിന് ശേഷവും പോപ്പുലർ ഫ്രണ്ടുകാർ കേരളത്തിൽ രഹസ്യമായി പ്രവർത്തിക്കുന്നത് പൗരൻമാരുടെ ജീവനും രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ്. രൺജിത്ത് ശ്രീനിവാസൻ്റെ കുടുംബത്തിന് നീതി ലഭിക്കാൻ കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരും പ്രതിജ്ഞാബദ്ധരാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.