തിയേറ്ററുകളിൽ ചിരി നിറച്ച് ബോസും കൂട്ടരും
1 min read
നർമ്മം വിതറി കൊള്ളക്കാരനും സംഘവും മുന്നേറുന്നു. ഡീഗ്രേഡിങ് എാശിയില്ല
ഓണക്കാലത്ത് കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന ഒരു എന്റർടെയ്ൻമെന്റ് ചിത്രം. അതാണ് രാമചന്ദ്രബോസ് ആന്റ് കോ. നായകൻ നിവിൻപോളി. ചിത്രത്തിന്റെ സംവിധായകനായ ഹനീഫ് അദേനി തന്നെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നു.
രസകരമായ ഒരു കൊള്ളയുടെയും കൊള്ളക്കാരന്റെയും കഥയാണ് ബോസ് ആന്റ് കോ പറയുന്നത്. മനം നിറയ്ക്കുന്ന ചിരികളും ത്രില്ലും. രണ്ടര മണിക്കൂർ പ്രേക്ഷകനെ ചിരിപ്പിച്ചു കൊല്ലുന്നു സിനിമ.
നാട്ടിൽ പ്രതിസന്ധി അനുഭവിക്കുന്ന നാല് ചെറുപ്പക്കാർക്ക് ഒരു കത്തു വന്നു. ഗൾഫിലെ രാമചന്ദ്രബോസ് ആന്റ് കോ അവരെ ജോലിക്കെടുത്തിരിക്കുന്നു. സന്തോഷത്തോടെ ഗൾഫിലെത്തിയ അവർ കാണുന്നത് രാമചന്ദ്രൻ എന്ന ബോസിനെയും അയാളുടെ സഹായി ശൈലേഷിനെയും. പിന്നെ ചിരിയുടെ മാലപ്പടക്കമാണ് തിയേറ്ററുകളിൽ.
ടാഗ്‌ലൈൻ പറയുന്നതുപോലെ തന്നെ ഒരു പ്രവാസി കൊള്ളയാണ് ചിത്രം. ഈ ആറുപേർ ചേർന്ന് കൊള്ള നടത്തുന്നതാണ് സിനിമയുടെ പ്രമേയം. രസകരമായ നിമിഷങ്ങൾ ഒട്ടേറെയുണ്ട് ചിത്രത്തിൽ. ബോസ് എന്ന വേഷത്തെ സ്‌റ്റൈലിഷായി അവതരിപ്പിക്കാൻ നിവിനു കഴിഞ്ഞിരിക്കുന്നു. ക്ലൈമാക്‌സിലെ ആക്ഷൻ രംഗത്തും മികച്ച പ്രകടനം നടത്തുന്നു നിവിൻ. ജാഫർ ഇടുക്കിയുടെ കഥാപാത്രവും ശ്രദ്ധേയമായിരിക്കുന്നു. വിനയ് ഫോർട്ട് അവതരിപ്പിച്ച ശൈലേഷ് എന്ന കഥാപാത്രമാണ് കാണികളെ കൂടുതൽ ചിരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ചിത്രത്തിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നു അമീർ. മുനീഷാണ് വില്ലൻ റോളിലെത്തിയത്.
സിനിമയുടെ ഏതാണ്ട് മുഴുവൻ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ഗൾഫിലാണ്. ഗൾഫിന്റെ മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത് നല്ലൊരു കാഴ്ചവിരുന്നൊരുക്കിയിരിക്കുന്നു അണിയറ പ്രവർത്തകർ.
പിരിമുറുക്കങ്ങളില്ലാതെ കാണാവുന്ന ഒരു മുഴുനീള ചിരിപ്പടം എന്ന രീതിയിൽ രാമചന്ദ്രബോസ് ആന്റ് കോ കാണികളെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.