രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

1 min read

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ രജനീകാന്ത് ചിത്രമാണ് ജയിലര്‍. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത് ജൂണ്‍ 17ന് ആണ്. അന്ന് മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ജയിലറിന്റെ പ്രധാന അപ്‌ഡേറ്റ് ഇന്ന് രാവിലെ 11 മണിക്ക് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സ് ഇന്നലെ അറിയിച്ചു. അതിനനുസരിച്ചാണ് ഇപ്പോള്‍ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. കണ്ണുകളില്‍ ഏറെ ഗൗരവം നിറച്ച് കൈകള്‍ രണ്ടും പുറകില്‍ കെട്ടി നടന്ന് വരുന്ന രജനീകാന്ത് ആണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും ഇന്ന് മുതല്‍ ആരംഭിക്കുകയാണ്.

ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം ഇടം പിടിച്ചു കഴിഞ്ഞു.

ജയിലറില്‍ തമന്നയാണ് നായികയായി എത്തുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തവരേണ്ടതുണ്ട്. രമ്യാ കൃഷ്!ണനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടയില്‍ രമ്യാ കൃഷ്ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോലമാവ് കോകിലയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. പക്ഷേ അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ ആയിരുന്നു. പിന്നാലെ വന്ന വിജയ് ചിത്രം ബീസ്റ്റിന് പരാജയം നേരിടേണ്ടി വന്നിരുന്നു. ജയിലറിലൂടെ ഈ പരാജയം നികത്തി തിരിച്ചുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍ ഇപ്പോള്‍.

Related posts:

Leave a Reply

Your email address will not be published.