ലാല്‍ജോസിന്റെ സോളമന്റെ തേനീച്ചകള്‍ മികച്ച അഭിപ്രായം നേടുന്നു

1 min read

ഇസ്രയേലിലെ രാജാവായിരുന്നു സോളമന്‍. ഒരിക്കല്‍ ബുദ്ധിമതിയായ ഷേബാ രാജ്ഞി സോളമനെ പരീക്ഷിക്കാനായി ഒരേ പോലുള്ള രണ്ടു പുഷ്പഹാരങ്ങള്‍ കൊടുത്തുവിട്ടു. അതിലൊന്ന് കൃത്രിമപ്പൂക്കള്‍ കൊണ്ട് നിര്‍മിച്ചതായിരുന്നു. യഥാര്‍ഥ പുഷ്പഹാരം ഏതെന്നു കണ്ടുപിടിക്കുകയായിരുന്നു രാജാവിന്റെ ദൗത്യം. ബുദ്ധിമാനായ രാജാവ് പരിചാരകരോടു പറഞ്ഞത് മുറിയുടെ ജനാലകള്‍ തുറന്നിടാനായിരുന്നു. തുറന്നിട്ട ജാലകങ്ങള്‍ വഴി തേനീച്ചകള്‍ വന്ന് യഥാര്‍ഥ പുഷ്പഹാരത്തില്‍നിന്ന് തേന്‍ നുണയാന്‍ തുടങ്ങി’.

സുഹൃത്തുക്കളായ രണ്ടു വനിതാ പൊലീസുകാരുടെ ജീവിതവും പ്രണയവും ചര്‍ച്ച ചെയ്യുന്ന ലാല്‍ ജോസ് ചിത്രം ‘സോളമന്റെ തേനീച്ചകളി’ലും നിയമത്തിന്റെ മുന്നിലേക്ക് തേനീച്ചകളെപ്പോലെ യഥാര്‍ഥ കുറ്റവാളികള്‍ പാറി വരുന്നു. ‘ഒരു മറവത്തൂര്‍ കനവ്’ മുതല്‍ മലയാള സിനിമയില്‍ കാഴ്ചയുടെ വസന്തം തീര്‍ക്കുന്ന ലാല്‍ ജോസ് എന്ന സംവിധായകന്റെ ഓരോ ചിത്രവും പ്രേക്ഷകര്‍ക്കു വിരുന്നൊരുക്കിയിട്ടുണ്ട്. മഴവില്‍ മനോരമയിലെ ‘നായികാ നായകന്‍’ എന്ന റിയാലിറ്റി ഷോയില്‍നിന്ന് അഭിനയപ്രതിഭകളെ കണ്ടെത്തിയാണ് ലാല്‍ ജോസ് ‘സോളമന്റെ തേനീച്ചകള്‍’ അണിയിച്ചൊരുക്കിയത്.

ജീവിതത്തിലെ പ്രതിസന്ധികളോടു പടവെട്ടി ആഗ്രഹിച്ച ജോലി സമ്പാദിച്ചവരാണ് പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ഗ്ലെന തോമസും സുജ എസും. പൊലീസ് അക്കാദമിയില്‍ തുടങ്ങിയ ബന്ധം അവരെ ഉറ്റ ചങ്ങാതിമാരാക്കി. ഒരേ സ്റ്റേഷനിലെ പൊലീസുകാരാണെങ്കിലും സുജയ്ക്ക് ട്രാഫിക്കിലാണ് ഡ്യൂട്ടി. ട്രാഫിക്കിലെ കഷ്ടപ്പാടില്‍നിന്ന് ലോക്കല്‍ സ്റ്റേഷനിലേക്കൊരു മാറ്റമാണ് സുജയുടെ ഏറ്റവും വലിയ ആഗ്രഹം. കാന്‍സര്‍ രോഗിയായ അമ്മയ്ക്കും തട്ടുകട നടത്തുന്ന അച്ഛനും ഏക ആശ്രയമാണ് ഗ്ലെന. ജോലിക്കും പ്രാരാബ്ധത്തിനുമിടയില്‍ ഗ്ലെനയുടെയും സുജയുടെയും ജീവിതത്തെ ആനന്ദപൂര്‍ണമാക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ രണ്ടുപേരും കൂടി ചെയ്യുന്ന റീല്‍സ് വിഡിയോകളാണ്. റീലുകളുടെ പേരില്‍ പൊലീസുകാര്‍ക്കിടയില്‍ ആരാധകരുമുണ്ട് ഈ പെണ്‍പുലികള്‍ക്ക്.

റീല്‍സ് ആരാധകനും ജിമ്മനുമായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു അലക്‌സ് ഭരിക്കുന്ന പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഉദ്യോഗസ്ഥരായ എസ്‌ഐ അബു ഹംസയ്ക്കും ഹെഡ് കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദിനും ഈ പെണ്‍പൊലീസുകാര്‍ ഏറെ പ്രിയപ്പെട്ടവരാണ്. ഈ കൂട്ടുകാരികളുടെ ഇടയിലേക്ക് ഒരു സേഫ്റ്റി പിന്‍ ചോദിച്ചാണ് ശരത്ത് എന്നയാള്‍ എത്തുന്നത്. ഇണപിരിയാത്ത കൂട്ടുകാരികളില്‍ ഒരാളുടെ പ്രണയം പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തില്‍ അശാന്തി വിതയ്ക്കുകയാണ്. ബിനു അലക്‌സിനു പകരം വരുന്ന കര്‍ക്കശക്കാരനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോളമന്‍ ജീവിതത്തെ ഏറെ ലാഘവത്തോടെ കണ്ടിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഒരു ഭീഷണിയായി മാറുമോ? ഈ കഥയാണ് ‘സോളമന്റെ തേനീച്ചകള്‍’ പറയുന്നത്.

‘നായികാ നായകന്‍’ എന്ന റിയാലിറ്റി ഷോയിലെ വിജയികളായ വിന്‍സി അലോഷ്യസും ദര്‍ശന നായരുമാണ് ഗ്ലെനയും സുജയുമായി എത്തുന്നത്. റിയാലിറ്റി ഷോയിലെ മറ്റൊരു വിജയി ശംഭു മേനോനാണ് ശരത്തായി സിനിമയില്‍ നിറയുന്നത്. റണ്ണര്‍ അപ്പായ അഡിസ് ആന്റണി അക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനുവാകുന്നു. റിയാലിറ്റി ഷോയിലെ വിജയികള്‍ക്ക് തന്റെ സിനിമയില്‍ അവസരം കൊടുക്കുമെന്ന ലാല്‍ ജോസിന്റെ വാക്ക് സോളമന്റെ തേനീച്ചയിലൂടെ യാഥാര്‍ഥ്യമാവുകയാണ്.

ലാല്‍ ജോസിന്റെ കണ്ടെത്തല്‍ ഒട്ടും തെറ്റിയില്ല എന്ന് വിന്‍സിയും ദര്‍ശനയും തെളിയിച്ചു. പൊലീസ് വേഷവും യുവത്വം തുളുമ്പുന്ന റീല്‍സ് താരങ്ങളുടെ ഗെറ്റപ്പും ഒരുപോലെ കൈകാര്യം ചെയ്ത ഈ പെണ്‍കുട്ടികള്‍ മലയാള സിനിമയില്‍ യുവതലമുറയുടെ പ്രതിനിധികളാകുമെന്നു ഉറപ്പാണ്. ശംഭു മേനോനും അഡിസ് ആന്റണിയും സിനിമയുടെ ഭാവി വാഗ്ദാനങ്ങള്‍ തന്നെയാകും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോളമനായി ജോജു ജോര്‍ജ് മികച്ച പ്രകടനം കാഴ്ചവച്ചു. സ്വതസിദ്ധമായ നര്‍മത്തിലൂടെ എസ്‌ഐ അബു ഹംസയായി ജോണി ആന്റണി കസറിയിട്ടുണ്ട്. മണികണ്ഠന്‍ ആചാരി, ഷൈജു ശ്രീധര്‍, ബിനു പപ്പു, ശിവജി ഗുരുവായൂര്‍, നേഹ റോസ്, ശിവപാര്‍വതി തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിലുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയും ക്രൈം ജേണലിസ്റ്റുമായ പി.ജി.പ്രഗീഷ് തിരക്കഥ രചിച്ച ചിത്രം കെട്ടുറപ്പുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ്. ക്ലീഷേ പൊലീസ് കാഴ്ചകളില്‍നിന്നു മാറി ജിമ്മന്മാരും റീല്‍സ് താരങ്ങളും നിറഞ്ഞ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ഇന്നത്തെ ചെറുപ്പക്കാരുടെ പ്രതിനിധികളാണ്. പുതിയ ലോകത്തെ പുത്തന്‍ തരംഗങ്ങള്‍ സൂക്ഷ്മതയോടെ സംവിധായകന്‍ ഈ ചിത്രത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. അധികം കുറ്റകൃത്യങ്ങളൊന്നുമില്ലാത്ത ഒരു സ്റ്റേഷനിലെ, റീല്‍സും സോഷ്യല്‍ മീഡിയ കോമഡികളും ആസ്വദിക്കുന്ന പൊലീസുകാര്‍ കണ്ടു പരിചയിച്ച പൊലീസ് വേഷങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തരായി. ചിത്രത്തിലെ മനോഹരമായ പാട്ടുകളും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തു വിദ്യാസാഗര്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. വിനായക് ശശികുമാറിന്റെയും വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെയും ഹൃദയം തൊടുന്ന വരികള്‍ വിദ്യാസാഗറിന്റെ ഈണത്തിലൂടെ പ്രേക്ഷകന്റെ മനസ്സിലേക്കാണ് എത്തുന്നത്. എല്‍ജെ ഫിലിംസ് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അജ്മല്‍ സാബുവാണ്. രഞ്ജന്‍ എബ്രഹാം എന്ന പരിചയസമ്പന്നന്റെ എഡിറ്റിങ് ചിത്രത്തിന്റെ ത്രില്ലര്‍ മൂഡ് നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

സുജയുടെയും ഗ്ലെനയുടെയും കുട്ടിക്കളികളും സൗഹൃദവും പ്രണയവുമാണ് ആദ്യപകുതിയെ ആസ്വാദ്യമാക്കിയതെങ്കില്‍ രണ്ടാം പകുതിയില്‍ സിനിമ ത്രില്ലര്‍ മൂഡിലേക്കാണ് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്. കൂട്ടുകാരികള്‍ക്ക് ഇടയിലേക്ക് മേലുദ്യോഗസ്ഥനായി ജോജു ജോര്‍ജ് എത്തുന്നതോടെ ഉദ്വേഗജനകമാകുന്ന അന്തരീക്ഷം ചടുലമായ ആക്ഷനുകളൊന്നുമില്ലാതെ വളരെ അയഞ്ഞ താളത്തില്‍, എന്നാല്‍ രസച്ചരട് പൊട്ടാതെ സൂക്ഷിക്കുന്നുണ്ട്. പ്രഗീഷിന്റെ കെട്ടുറപ്പുള്ള തിരക്കഥ ലാല്‍ ജോസ് എന്ന പരിചയ സമ്പന്നനായ സംവിധായകന്റെ കയ്യില്‍ ഭദ്രമായിരുന്നു. മനോഹരമായ കാഴ്ചാനുഭവങ്ങള്‍ പ്രേക്ഷകന് സമ്മാനിച്ചിട്ടുള്ള ലാല്‍ ജോസിന്റെ തേനീച്ചകളുടെ മധു നുണയാന്‍ പ്രേക്ഷകര്‍ കൂട്ടമായി തിയറ്ററുകളിലേക്കെത്തുമെന്ന് ഉറപ്പാണ്.

Related posts:

Leave a Reply

Your email address will not be published.