ഹിന്ദിയെ പ്രോല്‍സാഹിപ്പിക്കുന്നത് ഇതര ഭാഷകളെ തമസ്ക്കരിക്കലല്ല : വി.മുരളീധരൻ
1 min readതിരുവനന്തപുരം: ഹിന്ദി പ്രചാരണം സംബന്ധിച്ച് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യം മുഴുവന്‍ ഹിന്ദി ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കാൻ പോകുന്നു എന്ന വ്യാജ ആരോപണം ചിലര്‍ ഉന്നയിക്കുന്നു. കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ നാൽപ്പത്തിമൂന്നാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊളോണിയൽ കാലഘട്ടത്തിൽ നിന്നുള്ള പൂർണ മോചനം കൂടിയാണ് ഹിന്ദിയടക്കം ഇന്ത്യൻ ഭാഷകളുടെ പ്രോൽസാഹനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വരാജ് ഉണ്ടാകണം എങ്കിൽ ഭാരതത്തിൻ്റെ വീക്ഷണ കോണിൽ നിന്ന് കാര്യങ്ങളെ സമീപിക്കണം. ദൗർഭാഗ്യവശാൽ കൊളോണിയൽ കാലത്ത് ബ്രിട്ടീഷുകാർ അവരുടെ ഭാഷയിലൂടെ അടിച്ചേൽപ്പിച്ച സംസ്കാരത്തെ പിന്തുടരുക മാത്രമാണ് പിന്നീട് ഭരിച്ചവര്‍ ചെയ്തത് എന്നും വി.മുരളീധരന്‍ പറഞ്ഞു.
മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിനുള്ള ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഗവേഷണ പുരസ്‌കാരം ഡോ.കെ.ദില്‍നയ്ക്ക് കേന്ദ്രമന്ത്രി സമ്മാനിച്ചു.