പ്രകാശ് രാജേ, ദൈവമില്ലെങ്കിലും കേരളത്തില്‍ സൂര്യനുണ്ട്
1 min readകപ്പിത്താന്‍ കാരണഭൂതനായതും പിന്നെ സൂര്യനായതും പ്രകാശ് രാജ് അറിഞ്ഞില്ലേ?
കുറച്ചു കാലങ്ങളായി കേരളത്തില്‍ വന്ന് പിണറായി വിജയനെയും സി.പി.എമ്മിനെയും പുകഴ്ത്തി പറയുന്നതിന് കരാര്‍ എടുത്തിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ഇങ്ങനെ തള്ളുന്നതിനുള്ള പ്രതിഫലവും പ്രകാശ് രാജ് കൈപ്പറ്റുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷവും കേരള സര്‍ക്കാര്‍ നടത്തിയ ചലച്ചിത്ര മേളയിലെ വിശിഷ്ട വ്യക്തിയായിരുന്നു അദ്ദേഹം. മലയാളത്തിലോ തെന്നിന്ത്യന്‍ ഭാഷകളിലോ ഇതിനേക്കാള്‍ മികച്ച നടീ നടന്‍മാര്‍ ഇല്ലേ ? അങ്ങനെയൊന്നും ചോദിക്കരുത്. ഇടയ്ക്കിടെ കേരളത്തെയും പിണറായിയെയും പുകഴ്ത്തണം. കൂട്ടത്തില്‍ നരേന്ദ്രമോദിയെ നാലു ചീത്തവിളിക്കണം. അപ്പോള്‍ , അപ്പോള്‍ മാത്രം നിങ്ങള്‍ ഒരാള്‍ മികച്ച താരമാകുന്നു… മാനവീയ മൂല്യങ്ങളെ മുറുകെ പിടിക്കുന്നു…പുകസക്കാരനും മറ്റ് പുരോഗമന വാദികള്‍ക്കും ദി ഹിന്ദു പത്രത്തിനും നിങ്ങള്‍ ബുദ്ധിജീവിയും തത്വചിന്തകനും മികച്ച വ്യക്തിത്വവുമാകും.
ഇപ്പോഴിതാ, സാഹിത്യ അക്കാദമി നടത്തുന്ന അന്തര്‍ദേശീയ സാഹിത്യോത്സവത്തിലും പ്രകാശ് രാജ് ഉണ്ട്. ഇത്തവണ അദ്ദേഹത്തിന്റെ പ്രശ്‌നം പ്രധാനമന്ത്രി പൂജാരിയായതാണ്. പ്രധാനമന്ത്രി പൂജാരിയായതു കൊണ്ടാണത്രേ അദ്ദേഹം മിണ്ടുന്നത്… നിങ്ങളും വല്ലതുമൊക്കെ മിണ്ടു എന്ന് കൂടെയുള്ളവരോട് ആഹ്വാനം ചെയ്യുന്നു… ഒപ്പം ഒരു പറച്ചിലും… എനിക്ക് സംസാരിക്കാന്‍ വേദി കിട്ടുന്നത് കേരളത്തില്‍ മാത്രമാണ്. തനി നിറം അറിയുന്നതു കൊണ്ടാവും സ്വന്തം നാട്ടുകാരൊന്നും അടുപ്പിക്കാത്തത്. മരിച്ചു പോയ കരുണാനിധിയെയും ജിവിച്ചിരിക്കുന്ന സ്റ്റാലിനെയും ഉദയനിധി സ്റ്റാലിനെയുമൊക്കെ നന്നായി തള്ളിക്കൊടുത്താല്‍ പോരായിരുന്നോ. ഞങ്ങളുടെ ഇവിടത്തെ പാര്‍ട്ടി അവിടെ ഇല്ല കേട്ടോ. പണ്ടൊരാള്‍ ഉണ്ടായിരുന്നു. അയാളെ പുറത്താക്കി. പുള്ളി പോയി വെള്ളത്തില്‍ ചാടി. ഇപ്പോള്‍ സ്റ്റാലിന്റെ പാര്‍ട്ടിയാണ് വാളയാര്‍ വിട്ടാല്‍ ഞങ്ങളടെ പാര്‍ട്ടി. പിന്നെ പലതിലും കേരളത്തിലേക്കാള്‍ തമിഴ് നാടിനാണ് സ്‌ട്രോംഗ് എന്നാണല്ലോ കേട്ടത്. ഇസ്ലാമും ക്രിസ്‌റ്്‌റ്യാനിറ്റിയും അത്രമോശമല്ലെങ്കിലും ഹിന്ദുക്കള്‍ ഒക്കെ മോശമാണ് എന്നൊക്കെ തട്ടിക്കൊടുത്താല്‍ പോരായിരുന്നോ. പിന്നെ കുറച്ചു ആര്യന്‍-ദ്രാവിഡന്‍ ഡയലോഗുകളൊക്കെ അടിക്കണം.
ഏതായാലും നമുക്ക് കേരളത്തിലേക്ക വരാം.
കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചതെന്തുകൊണ്ടാണ്? നാമൊക്കെ സ്വയം ചോദിച്ച ചോദ്യം. പലവുരു ചോദിച്ച ചോദ്യം. ഇപ്പോള്‍ കിട്ടി ഉത്തരം.. കണ്ടെത്തിയത് പ്രകാശ് രാജും … കേരള രാഷ്ട്രീയത്തില്‍ ദൈവം ഇല്ലാത്തതു കൊണ്ടാണ്… മലയാളീസിന്റെ വലിയൊരു സംശയം തീര്‍ത്തു തന്ന പ്രകാശ് രാജിനെ സാഷ്ടാംഗം നമിക്കണം… നമിച്ചാല്‍ മാത്രം പോര … ഒരു എഴുത്തച്ഛന്‍ പുരസ്‌കാരവും കൂടി കൊടുത്താല്‍ നല്ലത്…
പക്ഷേ, ഒരു പ്രശ്‌നമുണ്ടല്ലോ പ്രകാശേട്ടാ… പൊതു വിജ്ഞാനം അല്‍പം കുറവാണ് പ്രകാശേട്ടന് .. കേരള രാഷ്ട്രീയത്തില്‍ ദൈവങ്ങളില്ലായിരിക്കും. പക്ഷേ സൂര്യനുണ്ട്. അത് പ്രകാശേട്ടന്‍ അറിഞ്ഞില്ലായിരിക്കും. അതുകൊണ്ടാണ് പറഞ്ഞത് പൊതു വിജ്ഞാനം കുറവാണെന്ന് .. പണ്ടുപണ്ട് കേരളത്തെ മുങ്ങാതെ താങ്ങി നിര്‍ത്തിയത് ഒരു കപ്പിത്താനായിരുന്നു. ഞങ്ങള്‍ക്കെന്തൊക്കെ വന്നെന്നോ. ദുരിതങ്ങള്‍ , 2017, 2018 വെള്ളപ്പൊക്കം , ഞങ്ങളാകെ മുങ്ങിച്ചാകാന്‍ പോയതാ.് അപ്പോളാണ് കപ്പിത്താന്‍ താങ്ങിയത്. താങ്ങിത്താങ്ങി ഒടുവില്‍ ആ കപ്പിത്താന്‍ കാരണഭൂതനായി. ഈ ഭൂമി മലയാളത്തെ താങ്ങി നിര്‍ത്തുന്ന കാരണഭൂതന്‍. ഏതു ഭൂതത്തിനും ഒരു പ്രൊമോഷനൊക്കെ വേണ്ടേ ? പ്രെമോഷന്‍ കിട്ടി ആ കാരണഭൂതം ഇപ്പോള്‍ സൂര്യനായി. അടുത്തു നിന്ന് തള്ളുമ്പോള്‍ പ്രകാശേട്ടന്‍ ഒരു കാര്യം ശ്രദ്ധിക്കണേ ! സൂര്യനാണ് കരിഞ്ഞു പോകരുത്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ സെക്രട്ടറി ഗോയിന്ദേട്ടനേയും സെക്രട്ടറിയാകാന്‍ കൊതിച്ചിട്ടും ആകാന്‍ കഴിയാത്ത ജയരാജേട്ടെനയും ഒന്ന്ു കണ്ടാല്‍ മതി. അതില്‍ ജയരാജേട്ടെ ആദ്യം കാണണം. പുള്ളിക്കാകെ മടുത്തിരിക്കുകയാ. എന്തിനെ വെറുതെ ഇങ്ങനെ ന്യായീകരിക്കുന്നേ, മടുത്തു എന്നൊക്കെയാണ് പുള്ളി പറയുന്നത്. ഞങ്ങള്‍ക്കൊന്നും അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ പറ്റില്ല. പുള്ളി വേറെ ലെവലാ. മുഖ്യമന്ത്രിക്ക് നേരെ ആരെങ്കിലും മുദ്രാവാക്യം വിളിച്ചാല്‍ , അത് വിമാനത്തില്‍ നിന്നായാലും ജയരാജേട്ടന്‍ കണ്ണൂര്‍ സറ്റൈലില്‍ പ്രതികരിച്ചിരിക്കും.വിമാനത്തെ വരെ ബഹിഷ്‌കരിച്ചുകളയും അതുകൊണ്ടൊന്നും കാര്യമില്ലെന്ന് ഇപ്പോള്‍ ജയരാജേട്ടനറിയാം.
അപ്പോള്‍ പ്രകാശേട്ടാ, പിന്നെ ഒരു സംശയം. ഇങ്ങോട്ടങ്ങാനും താമസം മാറ്റുന്നോ. അല്ലെങ്കില്‍ വേണ്ട, ഇടയ്ക്കിടെ ഇങ്ങോട്ട് വന്നാല്‍ മതി. പിന്നെ ഞങ്ങള്‍ക്ക് രണ്ട് സീറ്റുണ്ട്. അതിലൊന്ന് തരാം. രാജ്യസഭിയിലേക്കാ. ഒന്നു നോക്കിയാലോ. ബ്രിട്ടാസ് കൊള്ളാം. ബാക്കിയൊന്നും അത്ര ഗുണമില്ലെന്നാ സൂര്യന്‍ പറയുന്നത്. ഒന്ന് സീരിയസ് ആയി നോക്കിയാലോ?