പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ലൈംഗീകമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം

1 min read

തിരുവനന്തപുരം: 13 കാരിയേയും 12 കാരനേയും ലൈംഗീകമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2016ല്‍ മഞ്ചേരി പുല്ലുരുള്ള പരാതിക്കാരിയുടെ വീട്ടില്‍ വച്ചും, പെരിന്തല്‍മണ്ണയിലുള്ള കുടുംബസുഹൃത്തിന്റെ വീട്ടില്‍ വച്ചുമാണ് കേസിനസ്പദമായ സംഭവം നടന്നത്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്‌സോ കേസുകളുടെ എണ്ണം കുത്തനെ കൂടി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ലോക്ഡൗണില്‍ കുട്ടികള്‍ വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവില്‍ തന്നെയായിരുന്നു കൂടുതല്‍ പീഡനങ്ങളും നടന്നത്. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്‌സോ കേസുകളിലെ വലിയൊരു ശതമാനം ഇരകള്‍ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരില്‍ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരാവകാശ രേഖയും ലഭിച്ചു.

2013 മുതല്‍ സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കുത്തനെ കൂടുകയാണ്. 2019ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 362 പോക്‌സോ കേസുകളാണ് കൂടിയത്. എന്നാല്‍, ലോക്ഡൗണ്‍ കാലമായ 2020ല്‍ പോക്‌സോ കേസുകളുടെ എണ്ണം 767ലെത്തി. 40 മുതല്‍ 60 ശതമാനം വരെ പോക്‌സോ കേസുകളിലും അതിക്രമം നടത്തുന്നത് അയല്‍വാസികളടക്കം കുട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവര്‍ എന്നതാണ് നിലവിലെ കണക്കുകള്‍. വീടുകളില്‍ നിന്നും കുട്ടികള്‍ സ്‌കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വര്‍ധനവ് തുടരുന്നുണ്ട്. സ്‌കൂളിലെ കൗണ്‍സിലര്‍മാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികള്‍ തുറന്ന് പറഞ്ഞതോടെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വഴിയൊരുങ്ങി എന്നാണ് വിലയിരുത്തല്‍. അതേസമയം 2020ല്‍ കൂടുതല്‍ പോക്‌സോ കോടതികള്‍ നിലവില്‍ വന്നതോടെ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കാര്യമായി കൂടി.

Leave a Reply

Your email address will not be published.