ബംഗാളില്‍ 3 കൊലപാതകം നടത്തി നാടുവിട്ട പ്രതി പിടിയില്‍; പിടിയിലായത് കോഴിക്കോട് ഒളിവില്‍ കഴിയവേ

1 min read

കോഴിക്കോട്: കൊലപാതകം നടത്തിയ ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് രക്ഷപ്പെട്ട് കോഴിക്കോട് എത്തി ഒളിവില്‍ കഴിഞ്ഞ കൊടും കുറ്റവാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്. മീഞ്ചന്തയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നാണ് ഇയാളെ പന്നിയങ്കര പൊലീസും പശ്ചിമ ബംഗാളില്‍ നിന്നുളള അന്വേഷണ സംഘവും ചേര്‍ന്ന് പിടികൂടിയത്.

പശ്ചിമ ബംഗാളിലെ കാനിങ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ മാസം 7ന് മൂന്ന് കൊലപാതകങ്ങള്‍ നടത്തി നാടുവിട്ട പ്രതിയാണ് പിടിയിലായത്. ഗോപാല്‍പൂര്‍ പഞ്ചായത്തംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സ്വപന്‍ മാജിയെയും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും രവികുലും സംഘവും ചേ!ര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സ്വപന്‍ മാജിയെ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക!്!സാക്ഷികളായ ഭൂത് നാഥ് പ്രമാണിക്, ജന്തു ഹല്‍ദര്‍ എന്നിവരെയും വധിച്ചു. കൃത്യത്തിന് ശേഷം സംഘത്തിലെ മറ്റ് നാലുപേര്‍ പിടിയിലായെങ്കിലും സ്വപന്‍ മാജി നാടുവിടുകയായിരുന്നു.

പ്രാദേശിക തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് പഞ്ചായത്തംഗത്തെ വധിച്ചതെന്ന് കണ്ടെത്തിതിന് പിന്നാലെയാണ് പ്രതി കേരളത്തിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് ബംഗാളിലെ കാനിംഗ് പൊലീസ്, കേരള പൊലീസിനെ വിവരമറിയിച്ചു. സൈബര്‍ സെല്‍ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മീഞ്ചന്തയില്‍ നിന്ന് പന്നിയങ്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് കേസുകള്‍, വധശ്രമം തുടങ്ങി നിരവധി കേസുകളിള്‍ ഉള്‍പ്പെട്ട് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ് രവികുല്‍ സര്‍ദാര്‍. കോടതിയില്‍ ഹാജരാക്കിയ രവികുലിനെ പശ്ചിമ ബംഗാള്‍ പൊലീസിന് കൈമാറി.

Related posts:

Leave a Reply

Your email address will not be published.