ആലുവ പീഡന കൊല:  മന്ത്രി പി.രാജീവിനെതിരെ ജി.ശക്തിധരന്‍

1 min read

 ചാന്ദ്‌നി :കേരള പോലീസ് ചെയ്തത്  മാപ്പര്‍ഹിക്കാത്ത നിന്ദയെന്ന് ജി.ശക്തിധരന്‍

നാടിനെ നടുക്കിയ ആലുവയിലെ കൊലപാതകത്തില്‍ പ്രതിക്കൂട്ടിലായ കേരള പൊലീസിനെതിരെ കൂടുതല്‍ പേര്‍ രംഗത്തുവരുന്നു. ദേശാഭിമാനി മുന്‍ അസോസിയേറ്റ്  എഡിറ്റര്‍ ജി.ശക്തിധരനാവട്ടെ എറണാകുളം ജില്ലയുടെ മന്ത്രികൂടിയായ പി.രാജീവിനെയും രൂക്ഷമായി വിമര്‍ശിക്കുന്നു. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ശക്തിധരന്റെ വിമര്‍ശനം.

കേരള ചരിത്രത്തില്‍  ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത  അധമ  പ്രവര്‍ത്തനം  നിസ്സങ്കോചം ചെയ്ത സംഭവത്തില്‍  പോലീസ് കാട്ടിയ മാപ്പര്‍ഹിക്കാത്ത   അനാസ്ഥ യുടെ എരിതീയില്‍ എണ്ണ ഒഴിക്കുന്നതായിപ്പോയി  ആ കുഞ്ഞിന്റെ  അന്ത്യകര്‍മ്മത്തോട്  മന്ത്രിസഭയും  ഉദ്യോഗസ്ഥ ഭരണ മേധാവികളും  സ്വീകരിച്ച  നിരുത്തരവാദപരമായ  സമീപനമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

 എറണാകുളം ജില്ലയുടെ മന്ത്രിയായ പി.രാജീവ്  ജീവിതത്തില്‍  മനുഷ്യപ്പറ്റ്  എന്നൊന്ന്  തിരിച്ചറിഞ്ഞിട്ടുള്ളയാളെയല്ല. എയര്‍ കണ്ടീഷന്‍ഡ്  അല്ലാത്ത സ്ഥലങ്ങളില്‍  അദ്ദേഹത്തിന്റെ പാദസ്പര്‍ശം ഏല്‍ക്കാറില്ല.   കളമശ്ശേരിയിലെ  പാവപ്പെട്ട തൊഴിലാളികളുടെ  ഭക്ഷണത്തിന്റെ പങ്കു പറ്റി  സൗവ്വനകാലത്തു പഠനം പൂര്‍ത്തിയാക്കിയ  മന്ത്രി  വിഎസ് ഗ്രൂപ്പില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍  മലക്കം മറിഞ്ഞു മറുഗ്രൂപ്പില്‍  കാലുമാറി  എത്തിയപ്പോള്‍  തരപ്പെട്ട  പദവികള്‍   എന്തൊക്കെയെന്ന്  രേഖപ്പെടുത്തിയാല്‍  മറ്റൊരു മലയാറ്റൂര്‍ രാമകൃഷ്ണന്റെ  മറ്റൊരു  നോവല്‍ ആകും. പാര്‍ട്ടിയുടെ  തത്വദീക്ഷയുള്ള  നിലപാടുകള്‍ ഒന്നും തന്നെ  പാലിക്കാന്‍ ഒരു ബാധ്യതയും  ഇല്ലാത്ത പുത്തന്‍ കൂറ്റു നേതാവിന് അഞ്ചുവയസുള്ള  ഒരു പെണ്‍കുട്ടിയെ  അന്യനാട്ടില്‍  വളര്‍ത്തുന്നതിന്റെ   ബുദ്ധിമുട്ട്  അറിയണ്ടല്ലോ.മന്ത്രിയായാല്‍   മക്കളെ എത്ര ഉന്നത സ്വകാര്യസ്ഥാപനത്തിലും  പഠിപ്പിക്കാം!പാര്‍ട്ടി അടിമകള്‍ക്കാണെങ്കില്‍   സര്‍ക്കാര്‍ പള്ളിക്കൂടമേ    പാടുള്ളൂ.

മന്ത്രിയായിരുന്നു  കാണിക്കുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍  അല്പന്  ഐശ്വര്യം കിട്ടിയ കടങ്കഥ  എത്രഭേദം. സ്വന്തം കുഞ്ഞിനെ തലോടുമ്പോള്‍  മന്ത്രി ഒരിക്കലെങ്കിലും ഓര്‍ക്കണം ഈ മന്ത്രി അക്ഷരാര്‍ത്ഥത്തില്‍  അനാഥയാക്കിയ ചാന്ദ്‌നിയുടെ  മുഖം. കേരളത്തിലെ  ലക്ഷക്കണക്കിന്  അമ്മമാരുടെ  നെഞ്ചിലെ നൊമ്പരം  മഹാശാപമായി  നിങ്ങളുടെയെല്ലാം മക്കളെ വേട്ടയാടും .മാന്യതയുണ്ടെങ്കില്‍  ഈ രാത്രിയില്‍ ഇരുട്ട് കൂടുതല്‍ പടരുന്നതിനുമുമ്പ് മാപ്പുപറയുക. അതല്ലെകില്‍  പൊതുസമൂഹം  നിന്ദയ്ക്ക്  ഒരു സ്മാരകം   പണിതു  പകരം വീട്ടണമെന്നാണ് ശക്തിധരന്‍ പറയുന്നത്.

 അഞ്ചുവയസായ ഒരു ബാലികയെ  മൃഗീയമായി  ബലാത്സംഗം ചെയ്തു  ശ്വാസം മുട്ടിച്ചു നിര്‍ദയം   ഒരുവന്‍  കൊന്നിട്ട്  അതിനെ ലാഘവബുദ്ധിയോടെ  കണ്ട മുഖ്യമന്ത്രിയുടെ മരുമകനും ടൂറിസം മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും മറ്റൊരു പോസ്റ്റിലൂടെ ശക്തിധരന്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്.  കേരളത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള  സുരക്ഷയുടെ  മഹത്വത്തെക്കുറിച്ചു  മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസ്  നടത്തിയ പ്രതികരണം  ജനങ്ങള്‍ കാണുന്നില്ലേ? ജനങ്ങളോട് മാപ്പുപറയാന്‍    ബാധ്യസ്ഥനായ  ഒരു മന്ത്രിയുടെ  ഹുങ്ക്   നിങ്ങള്‍   അനുവദിച്ചുകൊടുക്കുകയാണോ? ഇയാളുടെ കുടുംബത്തിലാണ്  ഇത് സംഭവിച്ചിരുന്നാലും  ഇങ്ങനെത്തന്നെ  പ്രതികരിക്കുമായിരുന്നോ എന്നും ശക്തിധരന്‍ ചോദിക്കുന്നു. അമ്മായിയപ്പന്റെ  ഭരണത്തിന്റെ കേമത്തം  ഇപ്പോള്‍ ആ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ ശരീരത്തില്‍  നിന്ന് വിട്ടുപോയതിന്റെ  ചൂടാറും മുമ്പേ  ഇങ്ങിനെപറയാന്‍  എങ്ങിനെ കഴിയുന്നു? ഈ മന്ത്രിയുടെ . ആദ്യഭാര്യ ഇയാളില്‍  നിന്ന് അനുഭവിച്ച ക്രൂരത  മാധ്യമകളോട്  അവര്‍ പറഞ്ഞത് എത്ര സത്യമായിരിക്കും!

സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍  ഹൃദയവേദനയോട്  പ്രതികരിച്ചതില്‍   മറുപടിയായാണ്  റിയാസ്  അതിനെ രാഷ്ട്രീയവല്‍ക്കരിച്ചത് . ഇതുകൊണ്ട്  ഗവര്‍ണര്‍ ഭയപ്പെടരുത്. തന്ന്റെടം കാണിക്കണമെന്നാണ് ശക്തിധരന്‍ ആവശ്യപ്പെടുന്നത്.

Related posts:

Leave a Reply

Your email address will not be published.