ഭാര്യയും സഹോദരനും ഭീഷണിപ്പെടുത്തി;
ബീഫ് കഴിച്ചതില്‍ മനംനൊന്ത്
യുവാവ് ആത്മഹത്യ ചെയ്തു.

1 min read

ഭാര്യയും ഭാര്യാ സഹോദരനും ചേര്‍ന്ന് ഭീഫ് കഴിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തില്‍ ആണ് സംഭവം നടന്നത്. രണ്ട് മാസം മുമ്പ് നടന്ന ആത്മഹത്യയില്‍ ഭാര്യക്കും ഭാര്യാ സഹോദരനുമെതിരെ സൂറത്ത് പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. ഭാര്യയും സഹോദരനും കാരണമാണ് യുവാവ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രോഹിത് പ്രതാപ് സിംഗ് തൂങ്ങിമരിക്കും മുമ്പ് ആയിരുന്നു ആത്മഹത്യാ കുറിപ്പ് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്.

ബീഫ് കഴിക്കാന്‍ വിസമ്മതിച്ച തന്നെ ഭാര്യ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ‘ഞാന്‍ ഈ ലോകം വിടുകയാണ്. എന്റെ മരണത്തിന് കാരണം എന്റെ ഭാര്യ സോനം അലിയും അവളുടെ സഹോദരന്‍ അക്തര്‍ അലിയുമാണ്. എനിക്ക് നീതി നല്‍കണമെന്ന് എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബീഫ് കഴിപ്പിച്ചു. ഇനി ഈ ലോകത്ത് ജീവിക്കാന്‍ എനിക്ക് അര്‍ഹതയില്ല. അതുകൊണ്ടാണ് ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നത്,’ എന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരുന്നത്. രോഹിത് മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ആത്മഹത്യാ കുറിപ്പിനെ കുറിച്ച് ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് അവര്‍ സൂറത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൂറത്തില്‍ ഒരുമിച്ച് ജോലി ചെയ്യവെയാണ് രോഹിത് രാജ്പുത്തും സോനവും പരിചയപ്പെടുന്നത്. താമസിയാതെ അവര്‍ പരസ്പരം പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ സോനം മറ്റൊരു മതത്തില്‍ പെട്ടവളായതിനാല്‍ രോഹിതിന്റെ കുടുംബം അവരുടെ ബന്ധം വിസമ്മതിച്ചു. സോനത്തെ വിവാഹം കഴിച്ചാല്‍ രോഹിതുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രോഹിത് സോനത്തെ വിവാഹം കഴിച്ച് സോനത്തോടൊപ്പം താമസം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷമായി രോഹിത്തിന് തന്റെ കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല.

തൂങ്ങിമരിക്കുന്നതിന് തൊട്ടുമുമ്പ് രോഹിത് ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് പോസ്റ്റ് ചെയ്തതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് രോഹിതിന്റെ അമ്മ, ഭാര്യ സോനത്തിനും സഹോദരന്‍ അക്തര്‍ അലിക്കുമെതിരെ പരാതി നല്‍കി. മകന്റെ മരണത്തിന്റെ കാരണക്കാരെ ശിക്ഷിക്കണമെന്ന് രോഹിത്തിന്റെ അമ്മ വീണാദേവി ആവശ്യപ്പെട്ടു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സോനത്തിനും സഹോദരന്‍ അക്തറിനും എതിരെ ഉദ്‌ന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൂറത്ത് പൊലീസ് എസിപി ജെടി സോനാര പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.